കാന്താരിമുളക് അരച്ചത്, ഉഴുന്ന്, വെളുത്തുള്ളി, ആര്യവേപ്പില, കൊന്നയില എന്നിവ ചാണകപ്പൊടിയില്‍ ചേര്‍ത്ത് അടിവളമൊരുക്കി കാലങ്ങളായി തരിശിട്ട പാടത്ത് രണ്ടായിരത്തിലധികം വെണ്ടത്തൈകള്‍ ജൈവകൃഷി നടത്തി നൂറുമേനി വിളയിച്ചിരിക്കുകയാണ് ഒളവണ്ണയിലെ കാര്‍ഷിക കര്‍മസേന.ഇരുനൂറോളം വെണ്ടത്തൈകള്‍ അടങ്ങുന്ന പത്തോളം പ്ലോട്ടുകളാണ് ഭാരതീയ പ്രകൃതികൃഷി പദ്ധതിക്കുകീഴില്‍ ഇവര്‍ ഒരുക്കിയിരിക്കുന്നത്.
സ്ഥലത്തിന്റെ തിരഞ്ഞെടുപ്പ്.
ശുദ്ധമായ മണ്ണായിരിക്കണം പ്രകൃതികൃഷിക്ക്. കാലങ്ങളായി ഒരു തരത്തിലും രാസവളമോ കീടനാശിനിയോ പ്രയോഗിക്കാത്ത സ്ഥലമാണ് കാര്‍ഷിക കര്‍മസേന അറപ്പുഴയ്ക്കടുത്ത് കൃഷിക്കായി കണ്ടെത്തിയത്. പാടത്തിനോടു ചേര്‍ന്ന കരഭാഗത്ത് നന്നായി കിളച്ചൊരുക്കിയ അരയേക്കര്‍ സ്ഥലത്താണ് കര്‍മസേന കൃഷിയിറക്കിയത്.
വളപ്രയോഗം
തികച്ചും പ്രകൃതികൃഷി രീതിയില്‍ പൂര്‍ണ ജൈവ രീതിയിലണ് പ്ലോട്ടുകളെല്ലാം ഒരുക്കിയത്.അതില്‍ത്തന്നെ രണ്ട് പ്ലോട്ടുകള്‍ തികച്ചും വൃക്ഷായുര്‍വേദവിധിപ്രകാരം ചെയ്തതാണ്.വൃക്ഷായുര്‍വേദത്തില്‍ ഒരു ചെടിക്ക് വളരാന്‍ വേണ്ട പോഷകങ്ങളെല്ലാം ലഭ്യമാക്കിയാണ് കൃഷി നടത്തിയത്.പ്രകൃതികൃഷിയിലെ ഖനജീവാമൃതം, ദ്രവജീവാമൃതം, ഹരിതകഷായം എന്നീ വളങ്ങള്‍ക്കുപുറമേ നീമാസ്ത്രം എന്ന ജൈവകീടനാശിനിയും സ്വന്തമായി നിര്‍മിച്ച് കൃഷിക്കുപയോഗിക്കുന്നതിലൂടെ കൃഷി പൂര്‍ണജൈവമാകുന്നു.
ഖനജീവാമൃതം
അടിവളമായാണ് ഖനജീവാമൃതം കര്‍മസേന ചേര്‍ത്തത.് നൂറുകിലോ ചാണകം, പത്തുലിറ്റര്‍ ഗോമൂത്രം ഒരു കിലോ ശര്‍ക്കര, ഒരു കിലോ ചെറുപയര്‍ പൊടി എന്നിവയും വരമ്പത്തെ ഒരു പിടിമണ്ണും ചേര്‍ത്ത് കുഴച്ച് തണലത്ത് ഉണക്കിയെടുത്താണ് ഖനജീവാമൃതം ഉണ്ടാക്കിയെടുത്തത്. വൃക്ഷായുര്‍വേദവിധിപ്രകാരമുള്ള പ്ലോട്ടില്‍ ചാണകത്തിന്റെ കൂടെ കാന്താരി മുളകും, കറുത്ത ഉഴുന്നും ചേര്‍ക്കും.
ദ്രവജീവാമൃതം
നാടന്‍ പശുവിന്റെ ചാണകം 10 കി.ഗ്രാം, ഗോമൂത്രം പത്തുലിറ്റര്‍, ശര്‍ക്കര രണ്ടു കി.ഗ്രാം, പയര്‍വിത്ത് (കറുത്ത തൊലിയുള്ള ഉഴുന്ന് കുതിര്‍ത്തരച്ചത് -രണ്ടു കി.ഗ്രാം, വയല്‍ വരമ്പില്‍നിന്നെടുത്ത മണ്ണ് ഒരു കിലോഗ്രാം എന്നവയാണ് ഇതിന് വേണ്ടത്. ഇരുന്നൂറ് ലിറ്റര്‍ ശേഷിയുള്ള ഒരു ബാരലില്‍ 30 ലിറ്റര്‍ വെള്ളമെടുത്ത് അതിലേക്ക് നാടന്‍ പശുവിന്റെ 10 കിലോ ചാണകവും ഗോമൂത്രവും രണ്ടു കിലോഗ്രാം ശര്‍ക്കരപ്പൊടിയും രണ്ട് കിലോഗ്രാം പയര്‍ പേസ്റ്റും (അരച്ചമാവ്) ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. തുടര്‍ന്ന് മണ്ണ് ചേര്‍ക്കുക. ഇതിലേക്ക് 150 ലിറ്റര്‍ വെള്ളമൊഴിക്കുക. വീണ്ടും ഇളക്കിയ ശേഷം ഇരുപതിരട്ടിവെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചാണ് ഉപയോഗിച്ചത്.
ഹരിതകഷായം
ചാണകം പത്തുകിലോ, രണ്ടുകിലോവീതം ആര്യവേപ്പ്, ശീമക്കൊന്ന, കണിക്കൊന്ന എന്നിവയുടെ ഇലകള്‍, കറവരാത്ത കളച്ചെടികളുടെ ഇലകള്‍ 14 കിലോ, മുളപ്പിച്ച കറുത്ത ഉഴുന്ന് രണ്ടുകിലോ, ശര്‍ക്കര മൂന്നു കിലോ, വെള്ളം നൂറുലിറ്റര്‍ എന്നിവയാണ് ഹരിതകഷായത്തിന് വേണ്ടത്. ഇലകള്‍ ചെറുതാക്കി മുറിച്ച് ചാണകത്തിന്റെ കൂടെ ലെയറുകളായി ഇട്ടു കൊടുക്കുക. ഇടയ്ക്ക് ശര്‍ക്കര ചെറുപയര്‍പൊടി, ഉഴുന്ന് മുളപ്പിച്ചത് എന്നി ചേര്‍ക്കുക. അവസാനം വെള്ളമൊഴിച്ച് അടച്ചുവെക്കുക. ദിവസവും രാവിലെയും വൈകിട്ടും ഇടത്തോട്ടും വലത്തോട്ടും ഇളക്കിക്കൊടുക്കണം 15 ദിവസത്തിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.
കീടങ്ങള്‍ക്ക് നീമാസ്ത്രം
അഞ്ചുകിലോ ആര്യവേപ്പില ചതച്ച് അതില്‍ അഞ്ചുലിറ്റര്‍ ഗോമൂത്രം, രണ്ടുകിലോ ചാണകം എന്നിവ കലക്കി ഒരു പാത്രത്തില്‍ ഒരു ദിവസം വെച്ചതിനുശേഷം നന്നായിളക്കിയെടുത്ത് 20 ലിറ്റര്‍ വെള്ളവറും ചേര്‍ത്താണ് കീടനാശിനിയായ നീമാസ്ത്രം നിര്‍മിക്കുന്നത് ഇത് കുപ്പിയില്‍ അടച്ചുവെച്ച് മൂന്നുമാസം വരെ ഉപയോഗിക്കാം.
പ്രകൃതികൃഷി വ്യാപകമാക്കാനുറച്ച് കര്‍മസേന
ഭാരതീയ പ്രകൃതികൃഷി പദ്ധതിപ്രകാരം കോഴിക്കോട്ട് മൂന്നു പഞ്ചായത്തുകളലാണ് ഈ പദ്ധതി ലഭിച്ചത്. അതിലൊന്നാണ് ഒളവണ്ണ.പഞ്ചായത്തില്‍ പ്രകൃതികൃഷി വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് കൃഷ്ണന്‍ പ്രസിഡന്റും സ്മിത സെക്രട്ടറിയുമായിട്ടുള്ള കാര്‍ഷിക കര്‍മസേന. ഒളവണ്ണ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂര്‍ണ സഹകരണവും കൃഷി ഓഫീസര്‍ എസ്. പ്രമോദിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും പിന്തുണയായുണ്ടെന്ന് കര്‍മസേന അംഗങ്ങള്‍ പറഞ്ഞു.