മണ്ണ് -അമൂല്യ വരദാനം

ഭൂമുഖത്തെ ഒരടിയോളം ആഴത്തിലുളള മേല്‍മണ്ണിലാണ് മനുഷ്യരാശിക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളില്‍ ഏറിയ പങ്കും ഉല്പാദിപ്പിക്കുന്നത്. അതിനാല്‍ ജീവന്റെ നിലനില്പിന് തന്നെ ആധാരമായ അമൂല്യ വരദാനമാണു മണ്ണ്. അനേകകോടി വര്‍ഷങ്ങളിലൂടെ വെയില്‍, മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ പ്രകൃതി ശക്തികളുടെ നിരന്തര പ്രവര്‍ത്തനഫലമായി പാറകളില്‍ വിളളല്‍ ഉണ്ടവുകയും കാലാന്തരത്തില്‍ അവ പൊടിയുകയും ചെയ്യുന്നു. പാറപൊടിഞ്ഞതില്‍ ജീവജാലങ്ങള്‍ വളര്‍ന്നു തുടങ്ങുകയും ഇവയുടെ അവശിഷ്ടങ്ങള്‍ വീണ് ചെറിയ തോതില്‍ ജൈവാംശം ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പാറയില്‍ നിന്നു ലഭിക്കുന്ന ധാതുപദാര്‍ത്ഥങ്ങളും ജൈവാംശവും മഴവെളളവും വായുവും എല്ലാം കൂടി ഇഴുകിച്ചേര്‍ന്ന് മണ്ണ് രൂപം കൊളളുന്നു. ചെടികളുടെ ഇലകളും മറ്റവശിഷ്ടങ്ങളും ദ്രവിച്ചു ചേരുമ്പോള്‍ മണ്ണില്‍ ജൈവാംശവും മഴവെള്ളവും വായുവും എല്ലാം കൂടി ഇഴുകിച്ചേര്‍ന്ന് മണ്ണ് രൂപം കൊളളുന്നു. ചെടികളുടെ ഇലകളും മറ്റവശിഷ്ടങ്ങളും ദ്രവിച്ചു ചേരുംപോള്‍ മണ്ണില്‍ ജൈവാംശ വര്‍ദ്ധനയുണ്ടാകുന്നു.. ജൈവവസ്തുക്കള്‍ അഴുകുന്നതു മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം കൊണ്ടാണ് . ഒരു ഗ്രാം മണ്ണില്‍ കോടിക്കണക്കിനു സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനഫലമായി വിഘടിക്കപ്പെട്ടു ചേരുംപോഴാണ് മണ്ണിനു ജീവചൈതന്യമുണ്ടാക്കുന്നതും അതുമൂലം ചെടികളില്‍ വളരുന്നതിനനുകൂലമായ സാഹചഹര്യമുണ്ടാക്കുന്നതും.

കൃഷിക്കുത്തമമായ മണ്ണില്‍ അന്‍പതു ശതമാനത്തോളം ഖരപദാര്‍ത്ഥങ്ങളും ബാക്കിഭാഗം വെളളവും വായുവും ആയിരിക്കും ഖരപദാര്‍ത്ഥങ്ങളില്‍ത്തന്നെ ഏതാണ്ട് അഞ്ചു ശതമാനമെങ്കിലും ജൈവാംശം ഉണ്ടായിരിക്കണം . ബാക്കി നാലപത്തഞ്ചു ശതമാനത്തോളം മാത്രമെ പാറയില്‍ നിന്നു ലഭിക്കുന്ന ധാതുക്കള്‍ ആകാവൂ. എന്നാല്‍ ഇതെല്ലാം ഉണ്ടെങ്കിലും ഏറ്റവും പ്രധാന ഘടകം അതിലെ ജീവജാലങ്ങള്‍ ആണ്. ഈ ഘടകം ആണ് മണ്ണിന് ജീവ‌‌‌ന്‍ നല്കുന്നത്. ജീവനില്ലാത്ത മണ്ണില്‍ സസ്യങ്ങള്‍ക്ക് വളരാന്‍ സാദ്ധ്യമല്ല. മേല്പറഞ്ഞ ഘടകങ്ങളുടെ അനുപാതത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും. എന്നാല്‍ ഈ അനുപാതം നിലനിര്‍ത്താന്‍ സാധിക്കുന്നിടത്തോളം മണ്ണ് ആരോഗ്യമുളളതാണ് എന്നുപറയാം . വളരെക്കാലം ഈ രീതിയില്‍ തുടരുമ്പോള്‍ മേല്‍മണ്ണ്, അടിമണ്ണ്, എന്നിങ്ങനെ വ്യത്യസ്തങ്ങളായ അടുക്കുകകള്‍ രൂപം കൊള്ളുന്നു. ഏറ്റവും മുകളിലത്തെ ഭാഗത്തായിരിക്കും എപ്പോഴും സസ്യങ്ങളുടേയും മറ്റും ജന്തുജാലങ്ങളുടേയും അവശിഷ്ടങ്ങളും മറ്റും അടിഞ്ഞുകൂടുക. ഇവ ദ്രവിച്ചു മണ്ണിലേക്ക് ചേരുമ്പോഴാണ് മണ്ണില്‍ ജൈവാംശം രൂപപ്പെടുന്നത് . ഇങ്ങനെ ജൈവാംശം കലര്‍ന്ന മേല്‍മണ്ണ് കറുപ്പോ തവിട്ടു കലര്‍ന്ന കറുപ്പോ നിറത്തില്‍ കാണപ്പെടുന്നു. ഈ മേല്‍മണ്ണാണ് ഏറ്റവും ഫലപുഷ്ടമായത് . ഈ ഭാഗത്തെ മണ്ണിനു നല്ല ഒരു ഘടനയും രൂപപ്പെട്ടിട്ടുണ്ടാവും. ഈ മണ്ണ് സസ്യ വളര്‍ച്ചക്കുതകുന്ന തോതില്‍ വായുസഞ്ചാരമുളളതും വെളളവും മൂലകങ്ങളും മറ്റും ആവശ്യമായ തോതില്‍ സംഭരിച്ചുവെക്കാന്‍ കഴിവുളളതും ആയിരിക്കും. മേലൊഴുക്കിലും മറ്റും മേല്‍഼മണ്ണ് ഒരിക്കലും നഷ്ടപ്പെട്ടുപോകരുതെന്നു പറയുന്നത് ഇതു കൊണ്ടാണ്.

കേരളത്തിലെ മണ്ണിനങ്ങള്‍

കേരളത്തില്‍ പ്രധാനമായും എട്ടു തരത്തിലുള്ള മണ്ണിനങ്ങളാണ് കണ്ടുവരുന്നത്‌. തീരദേശ മണ്ണ്, എക്കല്‍ മണ്ണ്, കരിമണ്ണ്, വെട്ടുകല്‍ മണ്ണ്, ചെമ്മണ്ണ്‍, മലയോര മണ്ണ്, കറുത്ത പരുത്തി മണ്ണ്, വനമണ്ണ്‍ എന്നിവയാണ്.

1.തീരദേശമണ്ണ് (Costal alluvium)

കേരളത്തിലെ പടിഞ്ഞാറന്‍ സമുദ്ര തീരത്തും അതിനോട് ചേര്‍ന്നു കിടക്കുന്ന സമതല (ഉയരം 0-5 മീറ്റര്‍) പ്രദേശത്തും കണ്ടു വരുന്നു.

മഞ്ഞ കലര്‍ന്ന തവിട്ടു നിറമുള്ള ഈ മണ്ണില്‍ 80ശതമാനത്തിനു മുകളില്‍ മണലിന്‍റെ അംശമാണ്. ഫലപുഷ്ടി ഏറ്റവും കുറവ്.

പരിമിതികള്‍

  • സസ്യാഹാരമൂലകങ്ങള്‍ വളരെ കുറവ്.
  • ഉയര്‍ന്ന് ജലനിരപ്പ്‌ ഈ മണ്ണിന്റ പ്രത്യേകതയാണെങ്കിലും ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് വളരെ കുറവ്,

പരിപാലനമുറകള്‍

  • ജൈവ വളങ്ങളും ജൈവ പദാര്‍ത്ഥങ്ങളും വളരെ അധികം ചെര്‍ക്കുക.
  • ചെടിയുടെ ചുവട്ടില്‍ ചെളി കലര്‍ന്ന മണ്ണ് ഇടുക. തൊണ്ട്, ചകിരിചോറ് എന്നിവ ചേര്‍ക്കുക.
  • വേനല്‍ക്കാലത്ത് ഡ്രിപ്പ് ഇറിഗേഷന്‍ നടത്തുക .
  • രാസവളങ്ങള്‍ തവണകളായി ചേര്‍ക്കുക .
  • ധാരാളം മഴയുള്ളപ്പോള്‍ വളപ്രയോഗം ഒഴിവാക്കുക.

പ്രധാനവിളകള്‍

തെങ്ങ്, കശുമാവ്, മറ്റു ഫല വൃക്ഷങ്ങള്‍

2.എക്കല്‍ മണ്ണ് (Alluvial Soil)

പുഴയോരങ്ങളിലും അതിനോട് ബന്ധപ്പെട്ട സമതല പ്രദേശത്തും  കണ്ടുവരുന്നു. ഭൌതിക രാസസ്വഭാവങ്ങളില്‍ പ്രാദേശികമായി വ്യത്യസ്തത കാണിക്കുന്നു.

താരതമ്യേന ജൈവാംശം ഉള്ളവയാണ്.  സാമാന്യം ഫലപുഷ്ടി ഉണ്ട്,

പരിമിതികള്‍

  • മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി,
  • ഉയര്‍ന്ന ജലനിരപ്പ്‌.
  • നീര്‍വാര്‍ച്ച കുറവ്.
  • പുഴക്കരയിലെ മണ്ണും കൃഷിയും ഒലിച്ചു  പോകാനുള്ള സാധ്യത.

പരിപാലനാമുറകള്‍

  • പുഴയോരങ്ങളില്‍ കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷണം.
  • വേനല്‍ക്കാലത്ത് ജലസേചനം.
  • ജലാംശത്തിന്റ തോത് നോക്കി വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണകളായുള്ള രാസവള പ്രയോഗം.
  • ചെലവു കുറഞ്ഞ മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍.
  • നീര്‍വാര്‍ച്ച സൗകര്യം മെച്ചപ്പെടുത്തുക.

പ്രധാന വിളകള്‍

നെല്ല്, തെങ്ങ്, കമുക്, വാഴ, പച്ചക്കറികള്‍, ജാതി, ഗ്രാമ്പു, പയറു വര്‍ഗ്ഗങ്ങള്‍.

3.കരിമണ്ണ് (Kari Soil)

ആലപ്പുഴ, കോട്ടയം, എന്നീ ജില്ലകളില്‍ കടല്‍നിരപ്പിനു താഴെയുള്ള ചതുപ്പു നിലങ്ങളില്‍ കാണപ്പെടുന്നു.  രചനയില്‍ മണല്‍ കലര്‍ന്ന കളിമണ്ണ്.  നിറം കറുപ്പ്.  ഏകദേശം 50 സെന്റിമീറ്ററിനു താഴെ അഴുകിയ ജൈവ പദാര്‍ത്ഥങ്ങളും തടിയുടെ  അംശവും വളരെ അധികം കാണപ്പെടുന്നു.

പരിമിധികള്‍

  • വളരെ കുറഞ്ഞ നീര്‍വാര്‍ച്ച.
  • കടുത്ത അമ്ലത.
  • അയണിന്റയും അലുമിനിയത്തിന്റെയും ലേയത്വം കൂടിയ ലവണങ്ങളുടെ അധികരിച്ച തോത്.
  • വര്‍ഷകാലത്തില്‍ ഏറിയ സമയവും വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുന്നു.
  • ഫോസ്ഫറസ്, കുമ്മായാംശം എന്നിവയുടെ അഭാവം.
  • ഗന്ധകം, അയണ്‍് സള്‍ഫൈഡ് കൂടുതല്‍.

പരിമിതികള്‍

  • അമ്ലത്വം കൂടാതിരിക്കാന്‍ ഈ മണ്ണ് ഒരിക്കലും ഉണങ്ങാന്‍ അനുവദിക്കരുത്.
  • കൃഷിക്ക് മുന്‍പ് വെള്ളം കയറ്റിയിറക്കണം. കൃത്യമായ വളപ്രയോഗം നടത്തണം.

പ്രധാന വിളകള്‍

നെല്ല്

4.വെട്ടുകല്‍മണ്ണ് (Laterite soil)

ഇടനാട്‌ (ഉയരം 20-100 മീറ്റര്‍) മുഴുവനും കാണപ്പെടുന്നു.  രചനയില്‍ ചരല്‍ കലര്‍ന്ന പശിമരാശി മുതല്‍ ചരല്‍ കലര്‍ന്ന കളിമണ്ണ്‍ വരെ. നിറം, മഞ്ഞ കലര്‍ന്ന തവിട്ടു നിറം മുതല്‍ ചുവപ്പു കലര്‍ന്ന തവിട്ടു നിറം വരെ. അമ്ല സ്വഭാവം ഉണ്ട്. മറ്റ് മണ്ണിനങ്ങളെ അപേക്ഷിച്ച് താഴ്ച കുറവ്.

പരിമിതികള്‍

  • അമ്ലത്വം (pH 5.0-6.2)
  • കുറഞ്ഞ ധനായണ വിനിമയശേഷി (CEC)
  • സസ്യാഹാര മൂലകങ്ങളുടെ ലഭ്യത കുറവ്.
  • അയണിന്റയും അലുമിനിയത്തിന്റെയും ഹൈട്രീകൃത ഓക്സൈഡുകളുടെ അധികരിച്ച തോത്.
  • വര്‍ദ്ധിച്ച ചരലംശം കാരണം ഫലപുഷ്ടിയുള്ള മണ്ണിന്റെ തോത് കുറവ്.
  • ഇളക്കമുള്ള മേല്‍മണ്ണ് മൂലം വര്‍ദ്ധിക്കുന്ന മണ്ണൊലിപ്പ് .

പരിപാലന മുറകള്‍

മൊത്തത്തില്‍ ഫലപുഷ്ടി കുറഞ്ഞ മണ്ണ് ആണെങ്കിലും സമീകൃത വളപ്രയോഗ മുറകള്‍ കൊണ്ട് ഇതിന്‍റെ ഉല്പാദനശേഷി വര്‍ദ്ധിപ്പിക്കാം.

  • കുമ്മായം ചേര്‍ക്കുക .
  • ജൈവ വളങ്ങളും ജൈവ പദാര്‍ഥങ്ങളും കൂടാതെ രാസവളങ്ങളും ചേര്‍ക്കുക.
  • മണ്ണിന്‍റെ ജല ആഗിരണ ശേഷി കൂട്ടാന്‍ ചാലുകളില്‍ തൊണ്ട് അടുക്കുക.
  • വേനല്‍ കാലത്തിനു മുമ്പ് മേല്‍മണ്ണ് ഇളക്കിയിടുകയും ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടുകയും ചെയുക.
  • കൊണ്ടൂരില്‍ കൂടി മണ്ണ് / കല്ല്‌  കയ്യാല കെട്ടി മണ്ണൊലിപ്പ് തടയുക .
  • ജല സംഭരണത്തിന് വേണ്ടി കൊണ്ടുറില്‍കിടങ്ങുകളും കുഴികളും എടുക്കുക .
  • വേനല്‍ക്കാലത്ത് ജലസേചനം നടത്തുക.

പ്രധാന വിളകള്‍

തെങ്ങ്, കുരുമുളക്, വാഴ , മരിച്ചീനി ,കശുമാവ് , കൈതച്ചക്ക.

5.ചെമ്മണ്ണ് (Red Soil)

കേരളത്തിലെ തെക്കന്‍ പ്രദേശങ്ങളില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നി താലൂക്കളില്‍ കാണപ്പെടുന്നു. രചനയില്‍ മണല്‍ കലര്‍ന്ന പശിമരാശി.നല്ല താഴ്ചയുള്ളവയാണ്. സസ്യാഹാര മൂലകങ്ങളുടെ അളവ് കുറവ്.

പരിമിതികള്‍

  • കുറഞ്ഞ ധനായണ വിനിമയ ശേഷി (CEC)
  • കുറഞ്ഞ ഫലപുഷ്ടി
  • മണ്ണൊലിപ്പിന് സാധ്യത കൂടുതല്‍
  • ഭുഗര്‍ഭ ജലത്തിന്റെ ലഭ്യത കുറവ്
  • അമ്ല സ്വഭാവം

പരിപാലന മുറകള്‍

  • ജൈവ വളങ്ങളും ജൈവ പദാര്‍ഥങ്ങളും സമീകൃതമായി ചേര്‍ക്കുക.
  • മണ്ണിന്‍റെ ജല ആഗിരണ ശേഷി കൂട്ടാന്‍ ചാലുകളില്‍ തൊണ്ട് അടുക്കുക .
  • വേനല്‍ കാലത്തിനു മുമ്പ് മേല്‍ മണ്ണ് ഇളക്കി ഇടുകയും ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടുകയും ചെയുക. കുമ്മായം ചേര്‍ക്കുക
  • കോണ്ടുറില്‍ കൂടി മണ്ണ് / കല്ല്‌  കയ്യാല കെട്ടി മണ്ണ് ഒലിപ്പ് തടയുക .
  • വേനല്‍ക്കാലത്ത് ജലസേചനം നടത്തുക.

പ്രധാന വിളകള്‍

  • തെങ്ങ്, കുരുമുളക്, വാഴ , മരിച്ചീനി ,കശുമാവ് , കൈതച്ചക്ക, നിലക്കടല, പച്ചക്കറികള്‍, തീറ്റപുല്ല്.

6.മലയോര മണ്ണ് (Hill soil)

ചരിവ് മാനം കൂടിയ മലകളില്‍ കണ്ടു വരുന്നു. രചനയില്‍ മണല്‍ കലര്‍ന്ന പശിമരാശി. ചരലിന്റെ അംശം വെട്ടുകല്‍ മണ്ണിനെ അപേഷിച്ചു കുറവാണ്‌ എങ്കിലും, ഉരുളന്‍ കല്ലുകള്‍ കാണപ്പെടുന്നു.

നിറം, കടുത്ത തവിട്ടു നിറം മുതല്‍ മഞ്ഞ കലര്‍ന്ന തവിട്ടു നിറം വരെ. വെട്ടുകല്‍ മണ്ണിനെക്കാളും അമ്ല സ്വഭാവം കുറവ്. സാമാന്യം നല്ല താഴ്ചയും നല്ല നീര്‍വാര്‍ച്ചയും ഉണ്ട്

പരിമിതികള്‍

വെട്ടുകല്‍ മണ്ണിനെ അപേഷിച്ചു ഫലപുഷ്ടിയുള്ള മണ്ണ് ആണങ്കിലും താഴ്ന്ന ജലനിരപ്പ്‌, മണ്ണ് ഒലിപ്പ് എന്നിവയാണ് ഇതിന്റെ പ്രധാന പരിമിതികള്‍ .

പരിപാലന മുറകള്‍

  • മണ്ണ് ഒലിപ്പ് തടയുക .
  • ജൈവ പുതയിടുക. ജൈവ വളങ്ങളും രാസവളങ്ങളും പരിമിതമായ തോതില്‍ നല്‍കുക
  • ജലസംഭരണത്തിന് വേണ്ടി കോണ്ടൂര്‍ കിടങ്ങുകളും കുഴികളും എടുക്കുക .
  • വേനല്‍ക്കാലത് ജലസേചനം നടത്തുക.

പ്രധാന വിളകള്‍

റബ്ബര്‍, തെങ്ങ്, കുരുമുളക്, കശുമാവ് , കൈതച്ചക്ക,  മറ്റു ഫലവൃക്ഷങ്ങള്‍ , തേയില, കാപ്പി.

7.കറുത്ത പരുത്തി മണ്ണ് (കാതര മണ്ണ് ) (Black Cotton Soil)

കേരളത്തിലെ പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ താലൂക്കിന്റെ നിരപ്പുള്ള കിഴക്കന്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്നു. രചനയില്‍ കളിമണ്ണ്. കടുപ്പമേറിയ കറുപ്പ് നിറം , പൊട്ടാഷും കാത്സ്യവും

മെച്ചമായ തോതിലുള്ള ഈ മണ്ണിനു മിക്കവാറും ക്ഷാര ഗുണമാണ് (pH 6.8-7.8) ധനായണവിനിമയ ശേഷി (CEC)  കൂടുതല്‍.

പരിമിതികള്‍

  • നിലമൊരുക്കുവാന്‍ പ്രയാസം.
  • ജൈവാംശം  കുറഞ്ഞവ ആയതിനാല്‍ കുറഞ്ഞ ഫലപുഷ്ടി .
  • വരണ്ട കാലാവസ്ഥയില്‍ വെടിച്ചു കീറി വിള്ളലുണ്ടാകുന്നു.
  • കുറഞ്ഞ നീര്‍വാര്‍ച്ച
  • നൈട്രജനും ഫോസ്ഫറസും കുറവ്.

പ്രധാന വിളകള്‍

പരുത്തി, കരിമ്പ്‌, നെല്ല്, നിലക്കടല

8.വനമണ്ണ് (Forest Soil)

കേരളത്തിലെ വന പ്രദേശങ്ങളില്‍ കണ്ടു  വരുന്നു. പശിമരാശി മുതല്‍ കളിമണ്ണ് വരെ ഉള്ള രചനയും, നിറം ഇളം തവിട്ടു നിറം മുതല്‍ കടുപ്പമേറിയ തവിട്ടു നിറം വരെ

കാണപ്പെടുന്നു. നല്ല ഫലപുഷ്ടിയും ആഴവും നീര്‍വാര്‍ച്ചയും ഉണ്ട്.

പരിമിതികള്‍

വനനശീകരണം മൂലമുള്ള മണ്ണ് ഒലിപ്പ്

പരിപാലന മുറകള്‍

വന സംരക്ഷണവും വന വല്‍ക്കരണവും വഴി ഈ മണ്ണിനെ സംരക്ഷിക്കാം.

Leave a Reply