ടിഷ്യൂ കൾച്ചർ ‘എന്നത് ഒരു വാഴയിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് ധാരാളം തൈകൾ ഉണ്ടാക്കുന്ന ഒരു സാങ്കേതികവിദ്യയാണ്.
വാഴയുടെ കന്നിന്റെയുള്ളിൽ നിന്നോ, വാഴക്കൂമ്പിന്റെ ഉള്ളിൽ നിന്നോ ഉള്ള അഗ്രമുകുളങ്ങളിൽ നിന്നാണ് ഈ സാങ്കേതികവിദ്യ (Micro propagation )വഴി തൈകൾ ഉണ്ടാക്കുന്നത്.
വാഴകളിൽ വിത്ത് (seed )വഴിയുള്ള വംശവർധനവ് അപൂർവ്വമാണ്. മാത്രമല്ല അത്തരത്തിൽ ഒരു തൈ ഉണ്ടായി വളർന്ന് വിളവെടുക്കാൻ ഒരുപാട് സമയം വേണ്ടിവരും. ആയതിനാൽ തള്ള വാഴയുടെ കിഴങ്ങിൽ (മാണം, Rhizome ) നിന്നും പൊട്ടി മുളച്ച് വരുന്ന കന്നുകൾ (suckers )വഴിയാണ് സാധാരണ ഗതിയിൽ വംശവർദ്ധനവ്. ഇതിനെ കായിക പ്രജനനം (vegetative reproduction )എന്ന് പറയും. ഈ രീതിയിൽ, നടാനെടുക്കുന്ന കന്നിന്റെ പ്രായവും വലിപ്പവും അനുസരിച്ച് വിളവ് വ്യത്യാസപ്പെട്ടിരിക്കും, വിളവെടുപ്പ് കാലവും.
എന്നാൽ ലബോറട്ടറികളിൽ ഒരേ അഗ്ര മുകുളത്തിൽനിന്നും ഒരേ സമയം വളർത്തിയെടുക്കുന്ന എല്ലാ തൈകളുടെയും വലിപ്പവും പ്രായവും ഒരേ പോലെ ആയതിനാൽ അവ കുലയ്ക്കുന്ന സമയവും കുലയുടെ തൂക്കവും ഏറെക്കുറെ ഒരു പോലെയായിരിക്കും. എപ്പോഴും ഏറ്റവും മികച്ച കുല കിട്ടിയ വാഴകളിൽ നിന്നായിരിക്കും തൈ ഉത്പാദകർ (Breeders ) അഗ്ര മുകുളങ്ങൾ എടുക്കുക. സ്വാഭാവികമായും അവയെല്ലാം തന്നെ മികച്ച വിളവ് തരികയും ചെയ്യും. അതുകൊണ്ട് തന്നെ കയറ്റുമതി വിപണി ലാക്കാക്കി കൃഷി ചെയ്യുന്നവർക്ക് താല്പര്യം ടിഷ്യൂ കൾച്ചർ തൈകൾ ആണ്.
ഇവയുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.
- ഒരേ ലോട്ടിൽ ഉള്ള തൈകൾ എല്ലാം തന്നെ ഒരേ പ്രായമുള്ളവയാകയാൽ അവ ഒരേ പരിപാലനം നൽകി ഒരുമിച്ച് കുലച്ച്, വിളവെടുക്കാൻ സാധിക്കും.
- ലാബുകൾക്കുള്ളിൽ വൈറസ് അടക്കമുള്ള രോഗകാരികളുടെ സ്ക്രീനിംഗ് നടത്തി ആണ് തൈകൾ ഉണ്ടാക്കുന്നത് എന്നതിനാൽ അത്തരം തൈകളിൽ, ഫീൽഡിൽ നടുന്നത് വരെ രോഗകാരികളായ സൂക്ഷ്മജീവികൾ ഉണ്ടാകില്ല.
- എന്നാൽ ഫീൽഡിൽ എത്തിയതിന് ശേഷം രോഗം പിടിപെടുകയും ചെയ്യാം.
- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ലാബുകളിൽ വളർത്തിയ തൈകൾ ഫീൽഡിൽ നടുന്നതിനു മുൻപ് നന്നായി ദൃഡീകരണം (hardening )നടത്തണം. എന്നാലേ അത് ആ സ്ഥലത്തിന്റെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയുള്ളൂ.
- നടാനായി എടുക്കുമ്പോൾ അഞ്ചോ ആറോ കുഞ്ഞിലകളും നേർത്ത വേരുകളും മാത്രമേ തൈകൾക്ക് ഉണ്ടാകൂ. മാണം (Rhizome ) ഉണ്ടാവില്ല. ആയതിനാൽ ആദ്യസമയത്ത് നല്ല പരിചരണവും ശ്രദ്ധയും നൽകിയില്ലെങ്കിൽ അവ നശിച്ചു പോകാൻ സാധ്യതയുണ്ട്.
- ഉയർന്ന വിളവ് കിട്ടിയ വാഴയുടെ സന്തതികൾ ആയതിനാൽ ശരാശരിയിലും ഉയർന്ന കുലകൾ ആയിരിക്കും ലഭിക്കുക. ആയതിനാൽ ശാസ്ത്രീയമായ സംയോജിത വള പ്രയോഗ രീതി (Integrated Nutrient Management )തന്നെ പിന്തുടരണം.
- കൃഷി രീതികൾ
- ആറ് മുതൽ എട്ട് മണിക്കൂർ വരെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങൾ ആയിരിക്കണം വാഴതൈകൾ വയ്ക്കാൻ തെരെഞ്ഞെടുക്കേണ്ടത്.
- അല്പം പോലും വെള്ളം കെട്ടി നിൽക്കാത്ത ഇടം വേണം തെരെഞ്ഞെടുക്കാൻ. നീർവാർച്ച (drainage )പരമപ്രധാനം.
- അര മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികൾ എടുക്കണം.
- കുഴി എടുക്കുമ്പോൾ വളക്കൂറുള്ള മേൽമണ്ണ് കുഴിയുടെ ഒരു വശത്തെക്കും വളക്കൂറ് കുറഞ്ഞ അടിമണ്ണ് മറുവശത്തേക്കും മാറ്റി വയ്ക്കണം.
- തൊണ്ണൂറാം ദിവസം 110ഗ്രാം യൂറിയ,280ഗ്രാം റോക്ക് ഫോസ്ഫേറ്റ്,160ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം
- നട്ട് നൂറ്റി ഇരുപതാം ദിവസം 110ഗ്രാം യൂറിയ,160ഗ്രാം പൊട്ടാഷ് എന്നിവ കൊടുക്കണം.
- നട്ട്, നൂറ്റി അൻപതാം ദിവസം 110ഗ്രാം യൂറിയ,160ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം.
- അങ്ങനെ, നട്ട് നൂറ്റിയമ്പത് ദിവസത്തിനുള്ളിൽ ചെടിയ്ക്ക് കൊടുക്കേണ്ട വളങ്ങളുടെ ഭൂരിഭാഗവും നൽകണം എന്ന് ചുരുക്കം. ഇതിന് ശേഷം വാഴത്തടയ്ക്കുള്ളിൽ കുല രൂപം കൊള്ളാൻ തുടങ്ങും.
- മഞ്ഞളിച്ചു ഉണങ്ങാൻ തുടങ്ങുന്ന ഇലകൾ എല്ലാം തന്നെ വാഴത്തടയോട് ചേർത്ത് മുറിച്ച് നീക്കണം.
- ഉണങ്ങിയ വാഴയിലകൾ ഒരു കാരണവശാലും വാഴത്തടയിൽ ചുറ്റിക്കെട്ടി വയ്ക്കരുത്.
- ആറാം മാസം മുതൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം തടയാനായി വാഴയുടെ അടിക്കവിളുകളിൽ വേപ്പിൻ കുരു പൊടിച്ചത്, വേപ്പിൻ പിണ്ണാക്കിൽ അല്പം വേപ്പെണ്ണ ചേർത്ത് പൊടിച്ചത്, പാറ്റാഗുളിക, ബാർസോപ്പ് ചീളുകൾ എന്നിവ കൂട്ടിക്കലർത്തി ഇട്ട് കൊടുക്കുന്നത് നന്നായിരിക്കും.
- നന്മ എന്ന മരുന്ന് 50 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വഴക്കവിളിലും വാഴത്തടയിലും സ്പ്രേ ചെയ്ത് കൊടുക്കാം.
- വാഴക്കുല വരുന്നതിനു മുൻപ് മുളയ്ക്കുന്ന എല്ലാ കന്നുകളും നശിപ്പിക്കുന്നത് വലിപ്പമുള്ള കുലകൾ ഉണ്ടാകാൻ സഹായിക്കും.
- കുല വിരിഞ്ഞ് അവസാന പടല വിരിഞ്ഞാൽ ഉടൻ തന്നെ വാഴക്കൂമ്പ് ഒടിച്ചു മാറ്റണം.
- അപ്പോൾ തന്നെ അവസാന വളവും നൽകാം.110ഗ്രാം യൂറിയയും 160ഗ്രാം പൊട്ടാഷും.
- അതിന് ശേഷം ഓരോ കായുടെയും അറ്റത്തുള്ള നാര് പോലെയുള്ള ഭാഗം പൊട്ടിച്ചു കളഞ്ഞ് ദ്വാരങ്ങൾ ഇട്ട പ്ലാസ്റ്റിക് കവറുകൾ കൊണ്ട് പൊതിയാം. കവറിന്റെ അടിഭാഗം തുറന്ന് കിടക്കണം. ഇങ്ങനെ ചെയ്‌താൽ കായ്കൾക്ക് നല്ല മുഴുപ്പും നിറവും കിട്ടും.
- ഇത്തരത്തിൽ കൃത്യമായ പരിചരണം കൊടുത്ത് നോക്കൂ. നിങ്ങളുടെ സമയത്തിനും അധ്വാനത്തിനും കൃത്യമായ ഫലം കിട്ടും.
- ചേർത്തല നിയോജക മണ്ഡലത്തിൽ ഏതാണ്ട് ഒന്നേകാൽ ലക്ഷം ടിഷ്യൂ കൾച്ചർ ഗ്രാൻഡ് നൈൻ തൈകൾ, കരപ്പുറം വിഷൻ 2026 പദ്ധതി പ്രകാരം വിതരണം ചെയ്യുന്നുണ്ട്. പ്രധാനമായും അത് വാങ്ങിക്കൊണ്ട് പോകുന്നവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്.
- തൈകൾ കൊണ്ട് പോകുന്ന എല്ലാ കർഷകരെയും വാട്സ്ആപ്പ് ഗ്രൂപുകളിൽ ചേർത്ത് അവർക്കാവശ്യമായ ക്ലാസുകളും ഉപദേശങ്ങളും നൽകാൻ ആണ് പരിപാടി.
- കൃഷി സ്കീമുകളിലൂടെ ‘Fund and Forget ‘ എന്ന സമീപനത്തിന്റെ കാലം കഴിഞ്ഞു. വിളയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃഷി വകുപ്പിന്റെ ഉദ്യോഗസ്ഥർ കർഷകർക്കൊപ്പമുണ്ടാകണം. കൃഷിക്കാർ എന്ത് സംശയം ഉണ്ടെങ്കിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.
ഇനങ്ങള്‍
നേന്ത്രന്‍, ക്വിന്‍റല്‍ നേന്ത്രന്‍, പെരുമാട്ടി നേന്ത്രന്‍, ചെങ്കദളി-കപ്പ, പച്ചക്കപ്പ പൂവന്‍, റോബസ്റ്റ, ഗ്രാന്‍റ് നെയിന്‍, ചൈനാലി, പൂവന്‍, രസകദളി-ഞാലിപ്പൂവന്‍, ഉദയം.
ഇനം | അകലം (മീറ്ററില്‍) | 10 സെന്ററില്‍ നടാവുന്ന എണ്ണം |
നേന്ത്രന്‍ | 2*2 | 100 |
പാളയംകോടന്‍, കപ്പ പൂവന്‍, പൂവന്‍, ഞാലിപ്പൂവന്‍ | 2.1*2.1 | 90 |
റോബസ്റ്റ ഇനങ്ങള്‍ | 2.4*1.8 | 92 |
50*50*50 സെ.മീ. വലിപ്പമുള്ള കുഴിയെടുത്ത് 10 കിലോ ചാണകം/കമ്പോസ്റ്റ് മേല്‍മണ്ണുമായി ചേര്‍ത്തിളക്കി മുക്കാല്‍ ഭാഗത്തോളം കുഴിനിറച്ച് അതിന്‍റെ ഒത്ത നടുവിലായി ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈ നടണം. ദൃഡീകരണം കഴിഞ്ഞതും 15-20സേ.മീ. നീളമുള്ളതും വിരിഞ്ഞ ഇലകള്‍ നാലില്‍ കുറയാതെ ഉള്ളതുമായ തൈകളാണ് നടുന്നതിന് ഉത്തമം. പോളിത്തീന്‍ കവര്‍ നെടുകെ മുറിച്ച് മാറ്റി തൈകള്‍ക്ക് ഇളക്കം തട്ടാതെ പോട്ടിംഗ് മിശ്രിതം അടക്കം പിള്ളക്കുഴിയില്‍ നടുക. കവറില്‍ തൈ എത്രത്തോളം മണ്ണിനടിയിലായിരുന്നുവോ അത്രയും താഴ്ത്തി നടുക. ടിഷ്യൂകള്‍ച്ചര്‍ തൈ വൈകുന്നേരങ്ങളില്‍ നടുന്നതാണ് നല്ലത്. നട്ടശേഷം ചുവട് ചെറുതായി അമര്‍ത്തി ഒതുക്കണം. ഇത് വേരുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും. ആദ്യത്തെ 15 ദിവസം ചെറിയ തോതില്‍ തണല്‍ നല്‍കുകയും ദിവസേന നനയ്ക്കുകയും ചെയ്യണം.
നേന്ത്രന്‍ (ഒരു വാഴയ്ക്ക്)
നമ്പര്‍ | വളപ്രയോഗ സമയം | യൂറിയ (ഗ്രാം) | മസ്സൂറി ഫോസ്/ രാജ്ഫോസ് (ഗ്രാം) | മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് |
1 | നട്ട് ഒരു മാസം കഴിഞ്ഞ് | 110 | 360 | 110 |
2 | നട്ട് രണ്ട് മാസം കഴിഞ്ഞ് | 110 | 110 | |
3 | നട്ട് മൂന്ന് മാസം കഴിഞ്ഞ് | 110 | 280 | 110 |
4 | നട്ട് നാല് മാസം കഴിഞ്ഞ് | 110 | 110 | |
5 | നട്ട് അഞ്ച് മാസം കഴിഞ്ഞ് | 110 | 110 | |
6 | നട്ട് ഏഴു മാസം കഴിഞ്ഞ് (കുല വന്ന ശേഷം) | 110 | 215 | |
ആകെ | 660 | 640 | 765 |
വളപ്രയോഗം
പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് ഇവയ്ക്ക് പുറമേ കാത്സ്യവും മഗ്നീഷ്യവും വാഴയ്ക്ക് ആവശ്യമാണ്.
മുകളില്‍ പറഞ്ഞ രീതി അവലംബിക്കുവാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ നൈട്രജനും പൊട്ടാഷും രണ്ട് തുല്യ തവണകളായി തൈകള്‍ നട്ട് 60, 120 ദിവസങ്ങള്‍ക്കുശേഷം ഇട്ടുകൊടുക്കാം. ഫോസ്ഫറസ് മുഴുവനും ആദ്യത്തെ വളപ്രയോഗത്തോടൊപ്പം ചേര്‍ക്കാം. വാഴയുടെ ചുവട്ടില്‍ വൃത്താകാരത്തില്‍ മണ്‍നിരപ്പിന് 5 മുതല്‍ 8 സേ.മീ താഴ്ചയില്‍ നേരിയ തോതില്‍ മണ്ണിളക്കി വേണം വളപ്രയോഗം നടത്തുവാന്‍.
കപ്പവാഴ/പച്ചക്കപ്പ (ഒരു വാഴയ്ക്ക്)
നമ്പര്‍ | വളപ്രയോഗ സമയം | യൂറിയ (ഗ്രാം) | മസ്സൂറി ഫോസ്/ രാജ്ഫോസ് (ഗ്രാം) | മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് |
1 | നട്ട് ഒരു മാസം കഴിഞ്ഞ് | 90 | 360 | 170 |
2 | നട്ട് രണ്ട് മാസം കഴിഞ്ഞ് | 90 | 425 | 170 |
3 | നട്ട് നാല് മാസം കഴിഞ്ഞ് | 90 | 335 | 170 |
4 | നട്ട് അഞ്ച് മാസം കഴിഞ്ഞ് | 90 | 170 | |
5 | കുല വന്ന ശേഷം | 90 | 110 | |
ആകെ | 450 | 1120 | 680 |
*നാലാം ഗഡു വളം കുല വരുന്നതുവരെ എല്ലാ മാസവും ആവര്‍ത്തിച്ച് നല്‍കിയാല്‍ വിളവ് കൂടുന്നതായി കണ്ടിട്ടുണ്ട്.
യൂറിയ (ഗ്രാം) | മസ്സൂറി ഫോസ് (ഗ്രാം) | മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് |
450 | 1120 | 680 |
മുകളില്‍ പറഞ്ഞ പ്രകാരം ഇടാന്‍ സാധിക്കാത്തപ്പോള്‍ പൊതുവെയുള്ള ശുപാര്‍ശയനുസരിച്ച് വളം രണ്ടാം മാസത്തിലും നാലാം മാസത്തിലും തുല്യ അളവില്‍ കൊടുക്കുക. പ്രധാന മൂലകങ്ങള്‍ക്ക് പുറമേ സൂക്ഷ്മ മൂലകങ്ങളായ സിങ്ക്, അയണ്‍, ബോറോണ്‍, കോപ്പര്‍, മാംഗനീസ് എന്നിവയും വാഴയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമാണ്. ഇവയുടെ അഭാവത്തില്‍ വാഴയുടെ വളര്‍ച്ച പൂര്‍ണ്ണമായും തടസപ്പെടുകയും ചില ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു.
മുകളില്‍ പറഞ്ഞ സൂക്ഷ്മമൂലകങ്ങള്‍ അടങ്ങിയ വിപണിയില്‍ ലഭ്യമായ വളം 3-)൦ മാസത്തിലും 5-)൦ മാസത്തിലും ഉപയോഗിക്കുക. അല്ലെങ്കില്‍ സിങ്ക് സള്‍ഫേറ്റ് (0.5%), ഫെറസ് സള്‍ഫേറ്റ് (0.5%), കോപ്പര്‍ സള്‍ഫേറ്റ് (0.2%), ബോറിക് ആസിഡ് (0.5%) എന്നിവ കലക്കി ഇലയിലും തണ്ടിലും സ്പ്രേ ചെയ്യുക. ചുവട്ടിലും ഒഴിക്കാവുന്നതാണ്.
ഫെര്‍ട്ടിഗേഷന്‍
വളര്‍ച്ചാസമയം | യൂറിയ(ഗ്രാം/വാഴ) | ആകെ (ഗ്രാം/വാഴ) | മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്(ഗ്രാം/വാഴ) | ആകെ |
9 മുതല്‍ 18 ആഴ്ച്ച വരെ (10 ആഴ്ചകള്‍) | 15 | 150 | 8 | 80 |
19 മുതല്‍ 30 ആഴ്ച്ച വരെ (12 ആഴ്ചകള്‍) | 10 | 120 | 10 | 120 |
31 മുതല്‍ 40 ആഴ്ച്ച വരെ (10 ആഴ്ചകള്‍) | 7 | 70 | 12 | 120 |
41 മുതല്‍ 46 ആഴ്ച്ച വരെ (5 ആഴ്ചകള്‍) | Nil | Nil | 10 | 50 |
ജലസേചനം
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ നട്ടയുടനെ നനയ്ക്കുക. ആദ്യത്തെ 15 നാള്‍ മുടങ്ങാതെ നനയ്ക്കുക. വാഴയുടെ പ്രായത്തിനനുസരിച്ച് 5 മുതല്‍ 25 ലിറ്റര്‍ വെള്ളം വാഴയൊന്നിന് ദിവസവും ആവശ്യമാണ്.
വെള്ളം ആവശ്യത്തിനുമാത്രം വേരുകള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്ന കണിക ജലസേചനം (Drip irrigation) വാഴകള്‍ക്ക് നല്ലതാണ്. കണിക ജലസേചനത്തിലൂടെ വളവും വെള്ളവും കുറഞ്ഞ അളവിലും നിരക്കിലും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് ഇത് സഹായിക്കും.
കണിക ജലസേചനം
ആഴ്ച്ച | വെള്ളത്തിന്റെ അളവ് (ലിറ്ററില്‍) |
1-4 | ചുവട്ടില്‍ നനയ്ക്കുക |
5-9 | 8-10 |
10-19 | 12 |
20-32 | 16-20 |
33-37 | 20 ന് മുകളില്‍ |
38-50 | 20 ന് മുകളില്‍ |
രോഗങ്ങള്‍
- കുറുനാമ്പ് രോഗം (Bunchy top)
ഒരു വൈറസ് രോഗം. വിരിഞ്ഞുവരുന്ന ഇലകള്‍ വലിപ്പം കുറഞ്ഞ് തിങ്ങി ഞെരുങ്ങി മണ്ടയടഞ്ഞു വളര്‍ച്ച മുരടിച്ച അവസ്ഥ. രോഗം വന്ന വാഴയെ നശിപ്പിക്കുക.കീടനാശിനി ഉപയോഗിച്ച് ഇലപ്പേനുകളെ നശിപ്പിക്കുക.
- പനാമ വില്‍റ്റ് രോഗം
ഇതൊരു കുമിള്‍രോഗമാണ്. പുറമേയുള്ള ഇലകള്‍ നിറംമങ്ങി മഞ്ഞളിച്ച് ക്ഷയിച്ച് ഒടിഞ്ഞുതൂങ്ങുന്നു. വാഴത്തടയില്‍ വിള്ളലുകള്‍ ഉണ്ടാവുകയും തട ഒടിഞ്ഞു വീഴുകയും ചെയ്യുന്നു. കുലയുടെ വലിപ്പം കുറയുന്നു. കായുടെ എണ്ണവും വലിപ്പവും കുറയുന്നു.രോഗം വന്ന വാഴയും അതിന്‍റെ ചുവടും നശിപ്പിക്കുക. നീര്‍വാര്‍ച്ച മെച്ചപ്പെടുത്തുക. കുമ്മായം വാഴയൊന്നിന് 1 കിലോ എന്ന നിരക്കില്‍ ഉപയോഗിക്കുക. ലിറ്ററിന് 1 ഗ്രാം എന്ന തോതില്‍ കാര്‍ബണ്‍ഡാസിം കലക്കി ചുവട്ടില്‍ ഒഴിക്കുക.
- കൊക്കാന്‍ രോഗം
ഒരു വൈറസ് രോഗം. എല്ലാ പ്രായത്തിലുമുള്ള വാഴകള്‍ക്കും രോഗം വരാം. പിങ്ക് നിറത്തിലുള്ള പാടുകള്‍ ഉണ്ടായി അത് ക്രമേണ ചുവപ്പ് നിറത്തിലുള്ള നീളന്‍ വരപോലെ ആകുന്നു. പുറംപോളകള്‍ വാഴയില്‍നിന്നും ഇളകിമാറുന്നു. ശക്തി ക്ഷയിച്ച് വാഴ ഒടിയുന്നു. ഒടിയാത്ത വാഴയുടെ കുലയും കായുടെ വലിപ്പവും കുറയുന്നു. കുമ്മായം 1 കിലോ, മഗ്നീഷ്യം സള്‍ഫേറ്റ് 200 ഗ്രാം ഇവ ഉപയോഗിക്കുന്നത് നല്ലതാണ്.
- ഇലപ്പുള്ളി രോഗം
ഇലപ്പുള്ളി രോഗം കണ്ടാല്‍ കേടായ ഇലമുറിച്ചുമാറ്റി 1 ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഉപയോഗിക്കുക. അല്ലെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ പ്രോപിക്കോണസോള്‍ 1 മില്ലി എന്ന തോതില്‍ കലര്‍ത്തി സ്പ്രേ ചെയ്യുക.
കീടങ്ങള്‍
- തടതുരപ്പന്‍ പുഴു
കുല വന്നതും കുല വരാനുള്ളതുമായ വാഴകളെ ബാധിക്കുന്നു. പുഴു കുത്തിയ ഭാഗത്ത് കൂടി ഇളംമഞ്ഞ നിറത്തിലുള്ള കൊഴുത്ത ദ്രാവകം ഒലിച്ചിറങ്ങും. ക്രമേണ വാഴ ഒടിഞ്ഞുവീഴും. ഉണങ്ങിയ ഇലയും പോളയും വാഴയില്‍നിന്നും മാറ്റുക. കീടനാശിനി ഉപയോഗിക്കുക. നെമാസോള്‍ 12.5 മില്ലി ലിറ്റര്‍ അല്ലെങ്കില്‍ കാര്‍ബോ സള്‍ഫാന്‍ 6 ജി 10 ഗ്രാം എന്ന നിരക്കില്‍ വാഴ ഒന്നിന് ഉപയോഗിക്കാവുന്നതാണ്.
- മാണവണ്ട്
മാണവണ്ടിന്‍റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ വാഴ മാണം തുരന്നുതിന്ന് നശിപ്പിക്കുന്നു. ഇതിന്‍റെ ഫലമായി നാമ്പില വിരിയാതിരിക്കുകയും ഇലകള്‍ മഞ്ഞളിക്കുകയും ചെയ്യുന്നു. വാഴയുടെ ആരോഗ്യം ക്ഷയിക്കുന്നു. തടതുരപ്പന്‍ പുഴുവിന് നിര്‍ദേശിച്ച നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ ഇവിടെയും ഫലപ്രദമാണ്.