മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ

മലയാളികളുടെ ഊണ് മേശയിൽ സ്വാദെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മുളക്. അതുകൊണ്ടു തന്നെ സ്വന്തമായി മുളക് കൃഷി ചെയ്യുന്നത് വരവ്-ചിലവ് കണക്ക് നോക്കി ജീവിക്കുന്ന കുടുംബങ്ങൾക്ക് ഏറെ സഹായകമാണ്. പച്ചമുളകും കാന്താരി മുളകും പോലെ തന്നെ നമ്മുക്ക് വീടുകളിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് ഉണ്ട മുളക് അഥവാ മത്തങ്ങാ മുളക്. നല്ല പ്രതിരോധ ശ്കതിയുള്ളവയാണ് ഉണ്ട മുളകും, അവയുടെ തൈകളും. അതുകൊണ്ടു തന്നെ ഈ തൈകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ഇല മുരടിപ്പ് ഉണ്ടാകുകയോ ഇല്ല. വിത്ത് പാകുമ്പോൾ നല്ലൊരു പ്രോട്ടീൻ മിശ്രിതത്തിൽ പാകിയാൽ  തൈകൾക്ക് ബലം ലഭിക്കും.

പ്രോട്ടീൻ മിശ്രിതം തയാറാക്കുന്ന വിധം:

ആവശ്യമായ സാധനങ്ങൾ: ഉള്ളി തൊണ്ട്, മുട്ട തോട്, ചകിരി ചോറ്, തേയില ചണ്ടി.

പുഴുങ്ങിയ മുട്ടത്തോടിന് പകരം പച്ച മുട്ടയുടെ തോടുപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.   വെളുത്തുള്ളി, ചുവന്നുള്ളി, സവാള തുടങ്ങി ഏത് ഉള്ളിയുടെയും തൊണ്ടുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.  ഇവയെല്ലാം വെയിലത്ത് വച്ച് ചൂടാക്കിയ ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ സ്യൂഡോമോണസ് കൂടി ചേർക്കാം.

കാൽഷ്യം കാർബണേറ്റ്, മിനറൽസ്, മഗ്നീഷ്യം എന്നിവ അടങ്ങിയതാണ് മുട്ട തോട്. മിനറൽസ് ധാരാളം അടങ്ങിയവയാണ് തേയില ചണ്ടി. കാൽഷ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ അടങ്ങിയതാണ്  ഉള്ളി തൊണ്ട്. ഇവയെല്ലാം ഉണ്ട മുളക് ചെടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകമാണ്. ഈർപ്പം, ജലാംശം എന്നിവ നിലനിർത്താനും ചെടിയുടെ വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങാനും ചകിരി ചോറ് വളരെ മികച്ചതാണ്.

ശേഷം ഗ്രോ ബാഗിലോ, ചട്ടികളിലോ മണ്ണ് നിറച്ച് ഈ വിത്തുകൾ പാകി മുളപ്പിക്കാം. മുളച്ച തൈകൾ ആവശ്യമെങ്കിൽ പിന്നീട് പറിച്ചുനടാം. അഞ്ചു  മിനിറ്റ് സ്യൂഡോമോണസിൽ ഇട്ടുവച്ച ശേഷം വിത്തുകൾ പാകുന്നതാണ് നല്ലത്. വളർച്ചയെത്തിയ ശേഷ൦ ഒരു കമ്പ് കെട്ടി തൈ താങ്ങി നിർത്തുക. പറിച്ചു നട്ട് രണ്ടാഴ്ചയ്ക്ക് ശേഷം എല്ലാ ആഴ്ചയും നിർബന്ധമായും ചെടികൾക്ക് സ്യൂഡോമോണസ്  നൽകണം. ഒന്നിട വിട്ട ദിവസങ്ങളിൽ പുളിച്ച കഞ്ഞിവെള്ളം നാലിരട്ടി വെള്ളത്തിൽ ചേർത്ത് ചെടിയുടെ മുകളിലൂടെ ഒഴിക്കുന്നത് വളരെ നല്ലതാണ്.

അതുപ്പോലെ തന്നെ പഴത്തൊലി ജ്യൂസടിച്ച് ഒഴിക്കുന്നതും നല്ലതാണ്. രണ്ടാഴ്ചയിൽ ഒരിക്കൽ പുളിച്ച കഞ്ഞിവെള്ളത്തിൽ ചാരം ചാലിച്ച് അൽപ്പം നീക്കി ഒഴിച്ച് കൊടുക്കുന്നത് പെട്ടന്ന് പൂവിടാനും കായ പിടിക്കാനും സഹായിക്കുന്നു. അതുപ്പോലെ തന്നെ മൊട്ടിട്ട ചെടികളിൽ  കറിയ്ക്കായി ഉപയോഗിക്കുന്ന കായം ചാലിച്ച്  സ്പ്രേ ചെയ്യുന്നത് മൊട്ടുകൾ കൊഴിയാതിരിക്കാൻ സഹായിക്കും. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ ആവശ്യങ്ങൾക്കുള്ള മുളകിന് പുറമെ കടകളിൽ വിൽക്കാനുള്ള മുളകും ലഭിക്കും. ഇതിലൂടെ മാസത്തിൽ 1000 രൂപ വരെ വരുമാനമുണ്ടാക്കാൻ സാധിക്കും. കൊറോണ വൈറസ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് നല്ലൊരു വരുമാന മാർഗമാണ് ഉണ്ട മുളക് കൃഷി.

Leave a Reply