ആരോഗ്യം കാക്കാന്‍ ഓരോ വീട്ടിലും ഓരോ ഹരിതഗൃഹം

ആരോഗ്യത്തെക്കുറിച്ചും വിഷമയമില്ലാത്ത ഭക്ഷണത്തേക്കുറിച്ചും പണ്ടെങ്ങുമില്ലാത്ത വിധം കേരളത്തില്‍ അവബോധം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനായി ഓരോ മുറ്റത്തും പച്ചക്കറികള്‍ വളര്‍ത്തണമെന്ന ആഗ്രഹം പലര്‍ക്കുമുണ്ടെങ്കിലും കീടങ്ങളുടെ ആക്രമണവും ശരിയായ വിളവ്‌ ലഭിക്കുമോയെന്ന ആശങ്കയുമെല്ലാം പലരെയും പിന്നോക്കം നിര്‍ത്തുന്നു. വിഷാംശമില്ലാതെ മികച്ച വിളവ്‌ നല്‍കാന്‍ ഹരിതഗൃഹങ്ങള്‍ ഏറെ ഫലപ്രദമാണ്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തില്‍ ഹരിതഗൃഹം പ്രചരിപ്പിക്കുന്നതിനെക്കാള്‍ ഊന്നല്‍ നല്‍കേണ്ടത് ഒരു വീട്ടില്‍ ഒരു ഹരിതഗൃഹം എന്ന ആശയത്തിനാണ്.

കേരളത്തില്‍ പച്ചക്കറിയുടെ ആവശ്യകതയും ലഭ്യതയും തമ്മില്‍ വലിയ അന്തരമുണ്ട്. നമ്മുടെ ഓരോ ദിവസത്തെയും പച്ചക്കറികളുടെയും പൂക്കളുടെയും ആവശ്യകത നിറവേറ്റുന്നതിന് നമ്മള്‍ അയല്‍സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിലെ വിപണികളില്‍ ലഭ്യമായ പച്ചക്കറികളിലും പഴങ്ങളിലും അനുവദനീയമായതിലും വളരെയധികം വിഷാംശം അടങ്ങിയിരിക്കുന്നു. സംരക്ഷിത കൃഷിരീതി അവലംബിക്കുക വഴി വര്‍ഷത്തില്‍ 365 ദിവസവും വളരെ കുറച്ച് കീടനാശിനികള്‍ മാത്രം ഉപയോഗപ്പെടുത്തി, ഏതു വിളയും ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാന്‍ കഴിയും. രണ്ടു മഴക്കാലങ്ങളുള്ള കേരളത്തില്‍, പച്ചക്കറി ഉത്പാദനം പലപ്പോഴും ബുദ്ധിമുട്ടായാണ് കാണപ്പെടുന്നത്.

ഇന്ന് കേരളത്തിലെ മിക്ക വീടുകളുടെ മുകളിലും ജി.ഐ ഷീറ്റുകള്‍കൊണ്ട് മേഞ്ഞ ഒരു മേല്‍ക്കൂരകൂടി കാണാം. മഴക്കാലത്തെ ചോര്‍ച്ചയില്‍നിന്നും വേനല്‍ക്കാലത്തെ കഠിനമായ ചൂടില്‍നിന്നും രക്ഷനേടാന്‍ വേണ്ടിയാണിത്. എന്നാല്‍ ജി.ഐ. ഷീറ്റിനുപകരം യു.വി. സ്ടെബിലൈസ്ട് പോളി എതിലിന്‍ ഷീറ്റ് ഉപയോഗിച്ച് ചട്ടക്കൂട് ആവരണം ചെയ്ത് അതിനുള്ളില്‍ പച്ചക്കറികൃഷി ചെയ്യുകയാണെങ്കില്‍ നമ്മുടെ ആവശ്യത്തിന് പച്ചക്കറി ലഭിക്കുന്നതോടൊപ്പം വീടിനെ മഴയില്‍നിന്നും ചൂടില്നിന്നും രക്ഷിക്കാന്‍ കഴിയും. ഒരു വീട്ടില്‍ ഒരു ഹരിതഗൃഹം എന്ന ആശയം എന്തുകൊണ്ട് നമുക്ക് ഉള്‍ക്കൊണ്ടുകൂടാ? ഒരു വീടിന് 30 മുതല്‍ 60 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഹരിതഗൃഹം മതിയാകും. ചെലവ് കുറഞ്ഞ സംരക്ഷിത ഗൃഹങ്ങള്‍ ഇതിനായി ഉപയോഗിക്കാം.

ഒരു കാലത്ത് നമ്മുടെ വീട്ടമ്മമാര്‍ അവരുടെ കൃഷിയിടങ്ങളില്‍ വിവിധയിനം പച്ചക്കറിവിളകള്‍ കൃഷി ചെയ്തിരുന്നു. വലിയ പരിചരണം കൂടാതെ വര്‍ഷം മുഴുവന്‍ ഏതെങ്കിലും ചില പച്ചക്കറികള്‍ ദിവസവും ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് കേരളത്തിലെ വീട്ടമ്മമാര്‍ മിക്കവാറും മറ്റ് ജോലികള്‍ക്ക് പോകുന്നതുകൊണ്ട് കൃഷിയും വീട്ടുകാര്യവും ജോലിയും ഒന്നിച്ചു കൈകാര്യം ചെയ്യാന്‍ വിഷമമുള്ള സാഹചര്യം വന്നിരിക്കുന്നു. അതിനുപുറമേ ഓരോ വീട്ടുകാര്‍ക്കും വളരെ കുറച്ചു ഭൂമി മാത്രമാണ് ഇന്നുള്ളത്. കേരളത്തില്‍ 5-6 മാസംവരെ മഴക്കാലമുള്ളത് കൊണ്ട് പച്ചക്കറി കൃഷി ഈ സമയങ്ങളില്‍ ബുദ്ധിമുട്ടാണ്. അന്യസംസ്ഥാനങ്ങള്‍ ഈ സമയം മുതലെടുത്ത്‌ കേരളത്തെ അവരുടെ പച്ചക്കറി വില്‍പ്പനക്കുള്ള ഒരു വിപണിയാക്കി മാറ്റിയിരിക്കുകയാണ്. അവര്‍ അമിതലാഭം പ്രതീക്ഷിച്ച് പച്ചക്കറിയില്‍ മാരകമായ വിഷം ചേര്‍ക്കുന്നതായാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത് ആന്ധ്രാപ്രദേശാണ്. അതുകഴിഞ്ഞാല്‍ തമിഴ്‌നാടും കര്‍ണാടകയുമാണ്‌. ഈ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കീടനാശിനികളുടെ ഉപയോഗം കുറവാണെങ്കിലും നാം ഇന്ന് ഉപയോഗിക്കുന്ന ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവയാണ്.

ഇത്തരം വിഷലിപ്തമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക വഴി കേരളത്തിലെ ജനങ്ങള്‍ മാരകമായ അസുഖങ്ങള്‍ക്ക് വിധേയരാകുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളേജിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനങ്ങളില്‍ വിവിധ പച്ചക്കറികളിലെയും പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനിയുടെ അവശിഷ്ടവീര്യം അപകടകരമായ തോതിലാണെന്നാണ് കണ്ടിട്ടുള്ളത്. ഈ അടുത്തകാലത്തായി കുട്ടികളിലും ചെറുപ്പക്കാരില്‍ പോലും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വ്യാപകമായി കാണപ്പെടുന്നു. ഭക്ഷ്യവസ്തുക്കളിലുള്ള അമിതമായ കീടനാശിനിയുടെ അവശിഷ്ടവീര്യം മൂലമാണിത്. ഇതുമൂലം അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചുള്ള പഴം, പച്ചക്കറി ഉപഭോഗരീതിക്ക് കടിഞ്ഞാണിടെണ്ട സമയമായെന്ന് കേരളജനത തിരിച്ചറിഞ്ഞിരിക്കുന്നു.

ഈ ഒരവസ്ഥയില്‍നിന്ന് മോചനം നേടണമെങ്കില്‍ ഓരോരുത്തരും അവരവര്‍ക്കാവശ്യമായ പച്ചക്കറികള്‍ അവരവരുടെ വീട്ടില്‍ത്തന്നെ ഉത്പാദിപ്പിക്കുക എന്നതുമാത്രമാണെന്ന തിരിച്ചറിവ് വന്നിട്ടുണ്ട്. എന്നാല്‍, സ്ഥലപരിമിതി, സമയക്കുറവ്, കൂലിക്കാരുടെ ലഭ്യതയിലുള്ള കുറവ് എന്നിവ വലിയ പ്രശ്നമായിരിക്കുകയാണ്. ഇവയ്ക്കെല്ലാം ഒരു മറുപടി ഹരിതഗൃഹകൃഷി തന്നെയാണ്. കുറച്ചുകൂടി ചെലവുകുറഞ്ഞ മഴമറയും പച്ചക്കറികൃഷിക്ക് ഉപയോഗിക്കാവുന്നവയാണ്. മഴമാറയില്‍ ഏതു വിളയും കൃഷി ചെയ്യാനാകും. മഴമറ മഴയില്‍നിന്ന് സംരക്ഷണം നല്‍കുമെങ്കിലും കീടങ്ങളില്‍നിന്നും സംരക്ഷണം തരികയില്ല. എന്നാല്‍, വീട്ടാവശ്യത്തിനായി ഹരിതഗൃഹത്തില്‍ കൃഷി ചെയ്യുമ്പോള്‍ ഏതു വിളയും കൃഷി ചെയ്യാനാകും എന്നതാണ് വസ്തുത. വീട്ടാവശ്യത്തിന് കൃഷി ചെയ്യുമ്പോള്‍ ഒരുദിവസം പരപരാഗണം വഴി പോളിനെഷന്‍ നടക്കുന്ന ചെടികളില്‍ വിരിയുന്ന പെണ്‍പൂക്കള്‍ വളരെ കുറവായിരിക്കും (ഏറിയാല്‍ 10-15 എണ്ണം). ഇവ പോളിനേഷന്‍ നടത്താന്‍ ആണ്പൂവ് പറിച്ചെടുത്ത് പെണ്പൂവില്‍ തൊടുകയേ വേണ്ടൂ. ഇതിനായി 15 മിനിറ്റ് മാത്രമേ വേണ്ടിവരൂ. ഹരിതഗൃഹത്തിന്‍റെ വശങ്ങളില്‍ ഇന്സെക്റ്റ് നെറ്റ് ഘടിപ്പിക്കുന്നത് കൊണ്ട് കീടങ്ങളെ തടയാന്‍ കഴിയുന്നത് വലിയ അനുഗ്രഹമായിരിക്കും.

ഹരിതഗൃഹകൃഷി വീട്ടുമുറ്റത്തോ ടെറസ്സിനു മുകളിലോ ചെയ്യാവുന്നതാണ്. ടെറസ്സിനു മുകളില്‍ ചെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോകാന്‍ ടെറസ്സിന്‍റെ ഒരു ഭാഗത്തേക്ക് ചെരിവ് കൊടുക്കണം. ടെറസ്സിനു മുകളില്‍ പച്ചക്കറികൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഭാഗത്ത് ജിയോമെംബ്രേന്‍ ഷീറ്റ് വിരിക്കണം. അതല്ലെങ്കില്‍ ചിക്കന്‍ മെഷ് വിരിച്ച്, അതിനുമുകളില്‍ 1:1:5:3 എന്ന അനുപാതത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് പച്ചക്കറികൃഷി ചെയ്യാനുള്ള ഭാഗം തയ്യാറാക്കണം.

മുറ്റത്തുള്ള ഹരിതഗൃഹത്തില്‍ ചെടികള്‍ നടാനായി മണ്ണ്, മണല്‍, ചകിരിചോര്‍, വെര്‍മികമ്പോസ്റ്റ് എന്നിവ തുല്യ അനുപാതത്തില്‍ എടുത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കാം. ടെറസ്സിനു മുകളിലുള്ള ഹരിതഗൃഹങ്ങളില്‍ ചെടി വളര്‍ത്താനായി മണ്ണിനുപകരം 4:1 എന്ന അനുപാതത്തില്‍  ചകിരിച്ചോറും വെര്‍മി കമ്പോസ്റ്റും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം.ഇതിനു ഭാരം കുറവായതിനാല്‍ കോണ്‍ക്രീറ്റിന് കേടുപാടുകള്‍ ഉണ്ടാകില്ല. കാത്സ്യം നൈട്രേറ്റ് ഉപയോഗിച്ച് ബഫര്‍ ചെയ്ത ചകിരിച്ചോര്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ട്രഫുകളോ മുകളില്‍ തുറന്ന പോളിത്തീന്‍ ബാഗോ ഗ്രോബാഗോ ചെടി നടാന്‍ ഉപയോഗിക്കാം. ടെറസ്സിന്‍റെ മുകളില്‍ കൃഷി ചെയ്യുന്നതിന് ഇവ ഉപയോഗിക്കുമ്പോള്‍ മഞ്ചട്ടി ഉപയോഗിക്കുന്നതിലും ഭാരം കുറവായിരിക്കും. മന്‍ചട്ടികള്‍ ബീമിന് മുകളിലോ ചുമരിനു മുകളിലോ മാത്രം വരുംവിധം വയ്ക്കുന്നതായിരിക്കും നല്ലത് ( വീടിന്‍റെ സ്ട്രക്ചറിനു കേടുപാടുകള്‍ ഉണ്ടാകാതിരിക്കാനാണിത്). ചെടികള്‍ വയ്ക്കുമ്പോള്‍ അവയ്ക്കടിയില്‍ നടന്ന് ചെടികളെ വേണ്ടരീതിയില്‍ പരിചരിക്കാന്‍ കഴിയുംവിധം രണ്ടുമുതല്‍ നാലുവരി കഴിഞ്ഞാല്‍ ചട്ടികളുടെ വലിപ്പവും സ്വഭാവവും അനുസരിച്ച് കുറച്ചുസ്ഥലം നടപ്പാതയായി വിടണം.

Leave a Reply