സസ്യസംരക്ഷണത്തിന് 10 മിത്രങ്ങള്‍

മിത്ര സൂക്ഷ്മാണുകുമിളുകളെ കേരള കാര്‍ഷിക സര്‍വകലാശാല വിവിധ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍വഴി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിതരണംചെയ്തുവരുന്നു

ട്രൈക്കോഡെര്‍മ കട്ടസമ്പൂര്‍ണ ജൈവകൃഷിയിലേക്ക് ചുവടുമാറ്റം നടത്താനൊരുങ്ങുന്ന കേരളത്തിന് സസ്യസംരക്ഷണത്തിന് അനുയോജ്യമായ 10 മിത്രസൂക്ഷ്മാണു കുമിളുകള്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ  മണ്ണില്‍നിന്നുതന്നെ കണ്ടെത്തിയാണ് കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയത്.

സ്യൂഡോമോണസ് ഫ്‌ലൂറസെന്‍സ്: ഉപദ്രവകാരികളായ ബാക്ടീരിയകളെയും കുമിളുകളെയും നശിപ്പിക്കുന്ന മിത്രബാക്ടീരിയയാണിത്.  മണ്ണില്‍ ചെടിയുടെ വേരുപടലം കേന്ദ്രീകരിച്ചുകാണാം. ശത്രുനാശിനി മാത്രമല്ല സസ്യവളര്‍ച്ച ത്വരപ്പെടുത്തുന്ന വിവിധ ഹോര്‍മോണുകളും ഇത് നിര്‍മിക്കും. നെല്ലിന്റെ പോളരോഗം, കുലവാട്ടം, പോളകരിച്ചില്‍, കുരുമുളകിന്റെ ദ്രുതവാട്ടം, പൊഞ്ജ, ഇഞ്ചിമഞ്ഞള്‍ അഴുകല്‍, വെറ്റയുടെ ഇലപ്പുള്ളി അഴുകല്‍, പച്ചക്കറി കുമിള്‍ബാധ എന്നിവയെല്ലാം നിയന്ത്രിക്കും.

ട്രൈക്കോഡെര്‍മ: ചങ്ങാതിക്കുമിള്‍. വിവിധ ശത്രുകുമിളുകളെ നശിപ്പിക്കും. ഇത് അതിവേഗം വളര്‍ന്ന് ശത്രുകുമിളിന്റെ പുറത്ത് പറ്റിപ്പിടിച്ച് അവയെ പൂര്‍ണമായി നശിപ്പിക്കും.  ഒരു കിലോ ട്രൈക്കോഡെര്‍മ, 10 കിലോ വേപ്പിന്‍പിണ്ണാക്ക്, 100 കിലോ ഉണക്കിപ്പൊടിച്ച ചാണകം എന്നിവ  ചേര്‍ത്ത് കൂനകൂട്ടി നനഞ്ഞ ചാക്കിട്ടുമൂടി രണ്ടാഴ്ച കഴിഞ്ഞ് ആവശ്യത്തിന് പ്രയോഗിക്കാം.

പി.ജി.പി.ആര്‍1: സസ്യവളര്‍ച്ചാ സഹായിയായ റൈസോ ബാക്ടീരിയ. രോഗസാധ്യത കുറയ്ക്കുന്നു, പോഷകാഗിരണം വര്‍ധിപ്പിക്കുന്നു, കുമിള്‍ബാക്ടീരിയല്‍രോഗങ്ങളെ നിയന്ത്രിക്കുന്നു, ശത്രുകീടങ്ങളെ നിയന്ത്രിക്കുന്നു.
പി.ജി.പി.ആര്‍.2: സസ്യവളര്‍ച്ചാ സഹായിയായ സൂക്ഷ്മാണുകൂട്ടായ്മ. രോഗസാധ്യത കുറച്ച് സസ്യവളര്‍ച്ച മെച്ചപ്പെടുത്തുന്നു.

അസോസ്‌പൈറില്ലം: നൈട്രജന്‍ തരുന്ന ഒരിനം ബാക്ടീരിയ. നെല്ല്, തെങ്ങ്, കുരുമുളക്, റബ്ബര്‍, വാഴ, പച്ചക്കറികള്‍ എന്നിവയുടെ വിളവ് വര്‍ധിപ്പിക്കും. ചെടികളുടെ വേരിലും പരിസരത്തും ഇവ വളരും. സസ്യങ്ങള്‍ക്ക് കരുത്തുനല്‍കുന്ന ചില േഹാര്‍മോണുകളും ഇവ നല്‍കും.

അസറ്റോബാക്ടര്‍: മണ്ണില്‍ സ്വതന്ത്രമായി വളരാനും അന്തരീക്ഷ നൈട്രജനെ അമോണിയയാക്കി മാറ്റാനും കഴിവുള്ള മിത്ര ബാക്ടീരിയ. നൈട്രജനുപുറമേ സസ്യവളര്‍ച്ച ത്വരപ്പെടുത്തുന്ന ഇന്‍ഡോള്‍ അസറ്റിക് ആസിഡ്, ജിബറലിക് ആസിഡ്, ജീവകം ബി എന്നിവയും നല്‍കും. ഉപദ്രവകാരികളായ  കുമിള്‍വളര്‍ച്ച തടയും. നെല്ല്, കരിമ്പ്, വഴുതന, തക്കാളി എന്നിവയ്ക്ക് വിളവ് വര്‍ധിപ്പിക്കും.

മൈക്കോറൈസ: സസ്യങ്ങള്‍ക്ക് ഉപകാരികളായ ചില കുമിളുകള്‍ അവയുടെ വേരിനുള്ളിലും പുറത്തും അഭേദ്യമായ ബന്ധത്തില്‍ കഴിയുന്നു. ഈ  സൗഹൃദബന്ധമാണ് ‘മൈക്കോറൈസ’. സസ്യവളര്‍ച്ച ത്വരപ്പെടുത്തുക, കീടരോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങി വിവിധ ഉപയോഗങ്ങളുണ്ട്. വേരുകളെ ഉപദ്രവകാരികളായ കുമിളുകളില്‍നിന്ന് രക്ഷിക്കുന്നു.

റൈസോബിയം: പയര്‍ചെടികളുടെ വേരുമുഴയില്‍ താമസിക്കുന്ന ബാക്ടീരിയ. ഇവ അന്തരീക്ഷ നൈട്രജന്‍ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന അമോണിയ നൈട്രജനാക്കി മാറ്റും. മണ്ണിന്റെ വളക്കൂറ്് വര്‍ധിപ്പിക്കും.

ഫോസ്ഫറസ് ദായക ബാക്ടീരിയകള്‍:ചെടികള്‍ക്ക് കായ്ക്കാനും ഫലംതരാനും വേണ്ടുന്ന ഫോസ്ഫറസ് ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കി മാറ്റാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍. ഇവ ഉത്പാദിപ്പിക്കുന്ന അമ്ലങ്ങള്‍ മണ്ണിലെ ഫോസ്ഫറസിനെ ലേയരൂപത്തിലാക്കും. ഇതിന്റെ കള്‍ച്ചര്‍ വിത്തില്‍ പുരട്ടാം. അല്ലെങ്കില്‍ തൈകളുടെ വേര് ഇതിന്റെ ലായനിയില്‍ മുക്കാം.

കമ്പോസ്റ്റിങ് ഇനോക്കുലം: ഖരമാലിന്യ സംസ്‌കരണത്തിന് പരിഹാരമാണിത്. സൂക്ഷ്മാണുക്കളുടെ ഒരു മിശ്രിതം. ഇത് മാലിന്യത്തിനുമീതേ വിതറി വായുവുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ അനായാസം ജൈവവളമായി മാറും. 20 കിലോ മാലിന്യത്തില്‍നിന്ന് ഒമ്പതുകിലോ ജൈവവളം റെഡി. കാര്‍ബണ്‍നൈട്രജന്‍ സമ്പന്നമാണ് ഈ ജൈവവളം. വെള്ളായണി  കാര്‍ഷിക കോളേജിലെ മൈക്രോ ബയോളജി വിഭാഗമാണ് ഇത് തയ്യാറാക്കിയത്.

ഈ മിത്ര സൂക്ഷ്മാണുകുമിളുകളെ കേരള കാര്‍ഷിക സര്‍വകലാശാല വിവിധ കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍വഴി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിതരണംചെയ്തുവരുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് വെള്ളായണി  കാര്‍ഷിക കോളേജിലെ മൈക്രോ ബയോളജി വിഭാഗവുമായി ബന്ധപ്പെടാം.കായതുരപ്പനെ അകറ്റാം;കീടനാശിനികളില്ലാതെ

പച്ചക്കറികൃഷിയിലെ പ്രധാന ശത്രുവാണ് കായതുരപ്പന്‍പുഴു, വെണ്ട, വഴുതന, പയര്‍ എന്തിന് തക്കാളിയെപ്പോലും കായതുരപ്പന്‍ വെറുതെ വിടാറില്ല

കീടത്തിന് ജീവിക്കാന്‍ പറ്റിയ എല്ലാ സാഹചര്യങ്ങളും ഒരു ചെടിയില്‍ ഒത്തുവന്നാല്‍ മാത്രമേ അതവിടെ വാസത്തിനായി തിരഞ്ഞെടുക്കൂ.ആഹാരത്തിനോ മുട്ടയിടാനോ പാര്‍പ്പിടത്തിനോ ഓടിനടക്കാനോ മണക്കാനോ പറ്റാത്ത സാഹചര്യമുണ്ടായാല്‍ കീടം അവിടം ഉപേക്ഷിക്കും. രാസകീടനാശിനി പച്ചക്കറികൃഷിയില്‍ ഉപേക്ഷിക്കണമെങ്കില്‍ ആദ്യം പയറ്റേണ്ട തന്ത്രവും അതുതന്നെ. സസ്യജന്യ സത്തും സൂക്ഷ്മജീവികളും മിത്രകീടങ്ങളുമെല്ലാം ഈ കളത്തിലെ കരുക്കളാക്കാം. പച്ചക്കറികൃഷിയിലെ പ്രധാന ശത്രുവാണ് കായതുരപ്പന്‍പുഴു, വെണ്ട, വഴുതന, പയര്‍ എന്തിന് തക്കാളിയെപ്പോലും കായതുരപ്പന്‍ വെറുതെ വിടാറില്ല. ഇതിന്റെ അടുത്ത ആളാണ് തണ്ടുതുരപ്പന്‍ പുഴു. ഇവയുടെ ആക്രമണം മൂലം ഇളംതണ്ടുകള്‍ വാടുകയും ക്രമേണ കരിഞ്ഞുണങ്ങുകയും ചെയ്യും.

പച്ചക്കറിത്തോട്ടത്തില്‍ നിരന്തര ശ്രദ്ധയുണ്ടെങ്കില്‍തന്നെ തുരപ്പന്മാരെ പുറത്താക്കാം.ആദ്യംതന്നെ കേടുബാധിച്ച തണ്ടും കായകളും മുറിച്ച് നശിപ്പിക്കണം. അഞ്ചുശതമാനം വീര്യത്തിലുള്ള വേപ്പിന്‍കുരുസത്ത് തളിക്കുന്നതാണ് തുരപ്പനെ തുരത്താനുള്ള എളുപ്പമാര്‍ഗം. ഇതിനായി 50 ഗ്രാമം വേപ്പിന്‍കുരുപൊടിച്ച് കിഴികെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവെക്കുക. കിഴി നന്നായി പിഴിഞ്ഞെടുത്ത ലായനിയില്‍ അല്പം ബാര്‍ സോപ്പ് അലിയിച്ച് ചേര്‍ത്ത് തളിക്കാന്‍ ഉപയോഗിക്കാം. ചവര്‍പ്പ് രസമുള്ള വേപ്പിന്‍കുരുവാണ് പച്ചക്കറികളില്‍ പ്രതിരോധവലയം തീര്‍ക്കുന്നത്.

10 ഗ്രാം വീതം വെളുത്തുള്ളിയും കാന്താരി മുളകും ഇഞ്ചിയും നന്നായി അരച്ച് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇതില്‍ 10 ഇരട്ടി വെള്ളവും അല്പം കായവും ചേര്‍ത്ത് തളിക്കുന്നതും തുരപ്പന്മാരെ തുരത്തും. പപ്പായ ഇല സത്തും തുരപ്പന്മാരെ പ്രതിരോധിക്കാന്‍ ഉത്തമമാണ്.  50 ഗ്രാം നുറുക്കിയ പപ്പായ ഇല 100 മി. ലിറ്റര്‍ വെള്ളത്തില്‍ ഒരു രാത്രി മുക്കിവെക്കുക. അടുത്ത ദിവസം ഞെരടി പിഴിഞ്ഞ് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്യണം. മേല്‍പറഞ്ഞ സസ്യച്ചാറുകള്‍ ആഴ്ചയിലൊരിക്കല്‍ പ്രയോഗിച്ചാല്‍ തുരപ്പന്മാര്‍ മാത്രമല്ല പച്ചക്കറികളെ ആക്രമിക്കുന്ന  മറ്റ് കീടങ്ങളും നാടുവിടും.
ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലൊ പറയാറ്്. അങ്ങനെ നമ്മുടെ മിത്രമായ കീടങ്ങളെ ഉപേയാഗിച്ചും തുരപ്പന്മാരെ അകറ്റാം. ട്രൈക്കോഗ്രാമ ചീലോനിസ് എന്ന കടന്നല്‍ വര്‍ഗത്തില്‍പ്പെട്ട കീടമാണ് ഇവിടെ  നമ്മുടെ മിത്രം. വഴുതനയും വെണ്ടയും വ്യാപകമായി  കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചെലവില്‍ തുരപ്പന്മാരെ നിയന്ത്രിക്കാമെന്നതാണ് നേട്ടം. അഞ്ചു സെന്റിന് ഒരു കാര്‍ഡ് എന്ന തോതില്‍ ആണ് മുട്ട കാര്‍ഡ് സ്ഥാപിക്കേണ്ടത്. മുട്ടയില്‍ നിന്ന് കടന്നല്‍ വിരിഞ്ഞിറങ്ങുന്നതിന് തൊട്ടുമുന്‍പ് ഈ കാര്‍ഡുകള്‍ സസ്യങ്ങളുടെ ഇലകളുടെ അടിയിലാണ് പിന്‍ ചെയ്തുവെക്കേണ്ടത്. വിരിഞ്ഞിറങ്ങുന്ന കടന്നലുകള്‍ക്ക് പ്രത്യേകിച്ച് കാണിച്ചുകൊടുക്കേണ്ട ആവശ്യമൊന്നുമില്ല, തുരപ്പന്മാരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ഇവര്‍ സ്വയം ഏറ്റെടുക്കും.

മിത്ര ബാക്ടീരിയകളും തുരപ്പന്മാരെ നശിപ്പിക്കാന്‍ മിടുക്കരാണ്. ബാസില്ലസ് തുറിന്‍ജിയന്‍സിസ് എന്ന ബാക്ടീരിയല്‍ കള്‍ച്ചറടങ്ങിയ ജീവാണു കീടനാശിനിയാണ് തുരപ്പന്മാര്‍ക്ക് അനുയോജ്യം. 
കൃഷിവകുപ്പിന്റെ ബയോകണ്‍ട്രോള്‍ ലാബില്‍ മിത്രകീടവും മിത്ര ബാക്ടീരിയയും ലഭ്യമാണ്. ഫോണ്‍: 0487 2374605.

Leave a Reply