കന്നുകാലികളുടെ രോഗങ്ങള്‍ക്ക് നാട്ടു ചികിത്സ

ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കുന്നതാണ് കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങള്‍. രോഗം വന്ന് പാല്‍ ഉത്പാദനം കുറയുകയും മൃഗങ്ങള്‍ ചത്തു പോകുകയും ചെയ്യുന്നു. സാമ്പത്തികമായി വലിയ നഷ്ടമാണിതു കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുക. ഇതിനാല്‍ പലരും പശുവളര്‍ത്തല്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമായി നിരവധി കര്‍ഷകരിപ്പോള്‍ നാട്ടു ചികിത്സയെ സ്വീകരിച്ചിരിക്കുന്നു. കന്നു കാലികളില്‍ കണ്ടുവരുന്ന നാലു പ്രധാന രോഗങ്ങള്‍ക്കുള്ള നാട്ടു ചികിത്സയെക്കുറിച്ച് നോക്കാം.

അകിടു വീക്കം

പലതരത്തിലുള്ള സൂക്ഷമാണുക്കളുടെ ആക്രമണം മൂലം പശുക്കളില്‍ അകിടുവീക്കമുണ്ടാകുന്നു. പ്രധാനമായും അകിടുവീക്കം മൂന്നു തരത്തിലാണുള്ളത് – സബ്ക്ലിനിക്കല്‍, ക്ലിനിക്കല്‍, ക്രോണിക് അല്ലെങ്കില്‍ പഴക്കം ചെന്നവ. അകിടുവീക്കത്തിനുള്ള മരുന്നു തയാറാക്കുന്ന വിധം പരിശോധിക്കാം.

ആവശ്യവസ്തുക്കള്‍

കറ്റാര്‍വാഴ – 250 ഗ്രാം
മഞ്ഞള്‍ – 50 ഗ്രാ
ചുണ്ണാമ്പ് – 10 ഗ്രാം

മരുന്നു തയാറാക്കുന്ന വിധം

കറ്റാര്‍ വാഴ കഴുകി വൃത്തിയാക്കി മുള്ളുകളഞ്ഞ് ചെറുതായി അരിഞ്ഞ് പച്ചമഞ്ഞളോ മഞ്ഞള്‍ പൊടിയോ ചേര്‍ത്ത് ചുണ്ണാമ്പും കൂട്ടി അരച്ചെടുക്കുക. അരച്ചെടുത്ത കുഴമ്പ് ഒരു ദിവസം പത്തു പ്രാവശ്യം പുരട്ടണം. അരച്ചെടുത്ത കുഴമ്പില്‍ നിന്ന് ഏകദേശം പത്തില്‍ ഒരു ഭാഗം എടുത്ത് വെള്ളം ചേര്‍ത്തു കലക്കി നേര്‍പ്പിക്കുക. കൈയില്‍ കോരിയാല്‍ തുള്ളിയായി വീഴുന്ന പരുവത്തിലാവണം. അകിടിലെ പാല്‍ കറന്നു കളഞ്ഞ ശേഷം നന്നായി തണുത്ത വെള്ളം കൊണ്ട് കഴുകി, നേര്‍പ്പിച്ച കുഴമ്പ് അകിടു മുഴുവന്‍ പുരട്ടണം. പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകി കളഞ്ഞ് വീണ്ടും പാല്‍ കറന്നു കളയുക, ശേഷം വീണ്ടും മരുന്നു പുരട്ടുക. ദിവസത്തില്‍ പത്താവര്‍ത്തി ഇതു ചെയതാല്‍ വീക്കം കുറയും. അതേസമയം അകിടുവീക്കം കല്ലിച്ചതാണെങ്കില്‍ മേല്‍പ്പറഞ്ഞ മരുന്നുകളോടു കൂടി രണ്ടു കഷണം ചങ്ങലംപരണ്ട കൂടി ചേര്‍ത്തരച്ച് ഒരു മാസം പ്രയോഗിക്കണം.

കുളമ്പു രോഗം

വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് കുളമ്പ് രോഗം. പനിയും വിണ്ടു കീറി പഴുത്ത കുളമ്പും രോഗലക്ഷമായി കാണുന്നു. ഉള്ളിലേക്കും പുറത്തേക്കുമായി ഇതിന് രണ്ടു മരുന്നുകള്‍ നാട്ടു ചികിത്സയില്‍ ലഭ്യമാണ്. കഴിക്കാന്‍ കൊടുക്കേണ്ട മരുന്ന് തയാറാക്കാനുള്ള വിധം താഴെ പറയുന്നു.

അവശ്യവസ്തുക്കള്‍

തേങ്ങ – ഒന്ന്
ജീരകം – 10 ഗ്രാം
ഉലുവ – 10 ഗ്രാം
മഞ്ഞള്‍ – 10 ഗ്രാം
കുരുമുളക് – 10 ഗ്രാം
വെളുത്തുള്ളി – നാലു ചുള
ശര്‍ക്കര – 100 ഗ്രാം

ഉലുവയും ജീരകവും കുരുമുളകും വെള്ളത്തില്‍ കുതിര്‍ത്ത് മഞ്ഞളും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായിട്ടരക്കുക. ശര്‍ക്കരയും ഒരു തേങ്ങയും ചുരണ്ടി അതില്‍ ചേര്‍ത്ത് നന്നായി കുഴക്കുക. ഇതു ഒരു നെല്ലിക്ക വലിപ്പത്തില്‍ ഉരുട്ടിയെടുത്ത് ഉപ്പില്‍ തൊട്ട് പശുവിന്റെ വായ തുറന്ന് വായിലിട്ട് അടക്കുക. മരുന്നു തീരുന്നത് വരെ ഇതു പാലിക്കുക. ഓരോ തവണയും പുതിയ മരുന്നുണ്ടാക്കി ഉപയോഗിക്കുക. രണ്ടു ദിവസത്തിനകം പശു തീറ്റയെടുത്തു തുടങ്ങും. അസുഖം മാറുന്നതു വരെ മരുന്ന് പ്രയോഗിക്കാവുന്നതാണ്.

(കാലില്‍ പുരട്ടേണ്ട മരുന്ന്)

കുപ്പമേനി – 100 ഗ്രാം
തുളസിയില- 100 ഗ്രാം
മൈലാഞ്ചി – 100 ഗ്രാം
ആര്യവേപ്പ് – 100 ഗ്രാം
മഞ്ഞള്‍ – 20 ഗ്രാം
വെളുത്തുള്ളി – 10 ഗ്രാം
നല്ലെണ്ണ – 250 ഗ്രാമ
വെളിച്ചെണ്ണ – 250 ഗ്രാം
ഉങ്ങ് എണ്ണ – 250 ഗ്രാം

തയാറാക്കുന്ന വിധം

കുപ്പമേനി, തുളസി, മൈലാഞ്ചി, ആര്യവേപ്പ്, മഞ്ഞള്‍, വെളുത്തുള്ളി എന്നിവ നന്നായിട്ടരക്കുക. അരച്ചെടുത്ത മിശ്രിതം നല്ലെണ്ണയിലോ ഉങ്ങ് എണ്ണയിലോ ചാലിച്ച് ചൂടാക്കി ചുവന്നു നീരുവെച്ച കുളംമ്പുകളുടെ ഇടയിലും കാലിലും പുരട്ടുക. കുളമ്പ് വിണ്ടുകീറി പഴുത്താല്‍ വൃണത്തില്‍ മഞ്ഞള്‍ പൊടിയിട്ട് വെളിച്ചെണ്ണ ഒഴിക്കുക. കാലിലെ വൃണങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. ഓരോ ദിവസവും പുതിയ മരുന്നുകള്‍ ഉപയോഗിക്കുക. കാലിനു നീരുണ്ടെങ്കില്‍ നല്ലെണ്ണയാണ് ഉപയോഗിക്കേണ്ടത്. വൃണത്തില്‍ വെളിച്ചെണ്ണയും ഉപയോഗിക്കാം.

വയറുവീക്കം/ദഹനക്കേട്

ആഹാര രീതിയിലുള്ള വ്യതിയാനവും മായം ചേര്‍ത്തുള്ള ആഹാരവും വെള്ളവും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങളാണിവ. വീര്‍ത്ത വയറും വിശപ്പില്ലായ്മയും ശ്വാസം മുട്ടലും രോഗലക്ഷണമായി കണക്കാക്കുന്നു.

ചികിത്സാരീതി

വെറ്റില – 10 എണ്ണം
ചങ്ങലംപരണ്ട – 10 കഷണം
വെളുത്തുള്ളി – 10 ചുള
ഇഞ്ചി – 100 ഗ്രാം
കുരുമുളക് – 10 എണ്ണം
ജീരകം – 25 ഗ്രാം
മഞ്ഞള്‍ – 10 ഗ്രാം
ചെറിയ ഉള്ളി – 15 ചുള
വറ്റല്‍ മുളക് -രണ്ടെണ്ണം
ശര്‍ക്കര – 100 ഗ്രാം

കുരുമുളക്, ജീരകം, മഞ്ഞള്‍, വറ്റല്‍മുളക് എന്നിവ ആദ്യം ചെറുതായി വറക്കുക. ശേഷം അതില്‍ വെറ്റിലയിടുക. വെറ്റില വാടിക്കഴിമ്പോള്‍ എല്ലാംകൂടി അരക്കുക. ശേഷം ബാക്കിയുള്ളവ കൂട്ടി അരച്ച ശേഷം ശഷം നെല്ലിക്കാ വലിപ്പത്തില്‍ കന്നുകാലിയുടെ നാവില്‍ പുരട്ടികൊടുക്കുക. മരുന്നു മുന്ന് ദിവസം ഓരോ നേരം കൊടുത്താല്‍ മതിയാകും.

പനി

സാധാരണ വളര്‍ത്തു മൃഗങ്ങള്‍ക്കു വരുന്ന രോഗമാണ് പനി.

ചികിത്സാരീതി

ജീരകം -രണ്ടു സ്പൂണ്‍
കിരിയാത്ത് – 20 ഗ്രാം
കുരുമുളക് – അഞ്ച് ഗ്രാം
ചുക്ക് – അഞ്ച് ഗ്രാം
ചെറിയ ഉള്ളി – അഞ്ച് ചുള
ശര്‍ക്കര – 50 ഗ്രാം

ഇവയെല്ലാം കൂടി നന്നായിട്ടരച്ചെടുക്കുക. ഇതില്‍ നിന്നും കുറച്ചെടുത്ത് ഉപ്പില്‍ തൊടുവിച്ച് കന്നുകാലിയുടെ നാവില്‍ പുരട്ടിക്കൊടുക്കുക. ഒരു ദിവസം രണ്ടു മൂന്നു പ്രാവശ്യം വരെ മൂന്നു ദിവസം കൊടുക്കണം. ഞൊണ്ടിപ്പനിയാണെങ്കില്‍ ചുക്കിനു പകരം അഞ്ചു വെറ്റില ഉപയോഗിക്കാം.

അകിടുലുണ്ടാകുന്ന കുരു, പരു, പറങ്കിപ്പുണ്ണ്

ചികിത്സാരീതി

കാമകസ്തൂരി തുളസിയില- ഒരു പിടി
വെളുത്തുള്ളി – 10 ചുള
മഞ്ഞള്‍ – 10 ഗ്രാം
ജീരകം – 25 ഗ്രാം
വെണ്ണ ആവശ്യത്തിന്

വെണ്ണ ഒഴികെയുള്ളവ നന്നായിട്ടരച്ചെടുത്ത ശേഷം വെണ്ണ കൂട്ടി യോജിപ്പിച്ച് രണ്ടു മണിക്കൂര്‍ ഇടവിട്ട് മാറുന്നതു വരെ അകിടില്‍ പുരട്ടുക. പാശ്ചാത്യ ചികിത്സാ രീതികളേക്കാളും തീര്‍ച്ചയായും ഫലപ്രദമാണ് പരമ്പരാഗത ചികിത്സ. ചെലവ് കുറവാണെന്നതിനോടൊപ്പം രോഗശാന്തിയും ചികിത്സ ഉറപ്പ് വരുത്തുന്നുണ്ട്.

Leave a Reply