പച്ചക്കറിയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയാല്‍ വ്യാപാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചകാര്യം പത്രങ്ങള്‍ വിശദമായിത്തന്നെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പക്ഷേ പച്ചക്കറിയില്‍ കീടനാശിനി ഉണ്ടോ എന്ന് പരിശോധിച്ചറിയണമെങ്കില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ പോകണം; പരിശോധനയ്ക്ക് 2000 രൂപ ഫീസായി നല്‍കുകയും വേണം. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഒന്നല്ല ഈ പരിശോധന എന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് പരിശോധന സംഘടിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്താല്‍ മാത്രമേ ഇക്കാര്യം ഫലവത്താവൂ. അങ്ങനെയൊരു സംവിധാനം കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയതായി വാര്‍ത്തയിലില്ല. ഫലത്തില്‍ യാതൊന്നും തന്നെ സംഭവിക്കാന്‍ പോകുന്നില്ല എന്നാണിത് വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. കേരളീയരായ നാം ഇന്ന് ഭക്ഷിച്ചുക്കൊണ്ടിരിക്കുന്ന പച്ചക്കറിയില്‍ കീടനാശിനിയുടെ അംശമുണ്ട്.
സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരള ജനത ഇനിയും വിഷപച്ചക്കറിതന്നെ തിന്നുകൊണ്ടിരിക്കുകയും മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും.
എന്താണ് ഇതിനൊരു പരിഹാരമാര്‍ഗം? നമുക്ക് ആവശ്യമായ പച്ചക്കറി നാം തന്നെ ഉല്പാദിപ്പിച്ചാല്‍ ഇങ്ങനെ കീടനാശിനി അടങ്ങിയ പച്ചക്കറി കഴിക്കേണ്ടി വരില്ല. ഇപ്പോള്‍ നാം മറ്റു പല ഭക്ഷണ സാധനങ്ങള്‍ക്കുമെന്നതു പോലെ പച്ചക്കറിക്കും ആശ്രയിക്കുന്നത് അയല്‍ സംസ്ഥാനങ്ങളെയാണ്. പുറത്തു നിന്നു വാങ്ങുന്ന പച്ചക്കറിയുടെ വില പ്രതിവര്‍ഷം 1000 കോടിയോളം രൂപ വരും എന്ന് കണക്കാക്കപ്പെടുന്നു.
എന്നാല്‍, സത്യം തുറന്നു പറഞ്ഞാല്‍, പച്ചക്കറിയുടെ ഉത്പാദനം, ഉപഭോഗം, പുറം വ്യാപാരം എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ല. 1996 ഒക്‌ടോബറില്‍ കൃഷി വകുപ്പിന്റെ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് വിംഗ് നടത്തിയ ഉപഭോഗ സര്‍വേ പ്രകാരം ശരാശരി കേരളീയന്‍ പ്രതിദിനം 125 ഗ്രാം പച്ചക്കറിയാണ് കഴിക്കുന്നത്. വെള്ളരി, മത്തന്‍, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളാണ് കേരളീയരുടെ ഭക്ഷണ ക്രമത്തില്‍ പ്രധാനം. സാധാരണ ഗതിയില്‍ ഇത്തരം ഉപഭോഗ സര്‍വേകള്‍ ഉപഭോഗത്തെ കുറച്ചു കാണിക്കാനാണ് സാധ്യത. എല്ലാ ഇനം പച്ചക്കറികളും പ്രത്യേകം പ്രത്യേകം എടുത്ത് ചോദിക്കാന്‍ പലപ്പോഴും വിട്ടു പോകും. ഈ പരിമിതിയെല്ലാം മനസ്സില്‍ വെച്ചുകൊണ്ടു തന്നെ കേരളീയര്‍ക്ക് പ്രതിദിനം ശരാശരി 12.78 ലക്ഷം ടണ്‍ പച്ചക്കറി വേണമെന്ന നിഗമനത്തില്‍ എത്താം.
വെജിറ്റബിള്‍ ആന്റ് ഫുഡ് പ്രമോഷന്‍ കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ പച്ചക്കറി ഉപഭോഗം 20.35 ലക്ഷം ടണ്‍ ആണ്. 175 ഗ്രാം പച്ചക്കറികള്‍ പ്രതിദിനം കേരളീയര്‍ ഉപയോഗിക്കുന്നു എന്നാണ് കൗണ്‍സില്‍ കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ഐ.സി.എം.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്) മാനദണ്ഡപ്രകാരം ഒരാള്‍ക്ക് ഒരു ദിവസം 280 ഗ്രാം പച്ചക്കറികളാണ് ആവശ്യം. ഇങ്ങനെ കണക്കാക്കിയാല്‍ നമ്മുടെ പച്ചക്കറി ആവശ്യം 32.5 ലക്ഷം ടണ്‍ ആകും.
ഇതിലെത്രയാണ് നമ്മുടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്? 2008ലെ കണക്കുകള്‍ പ്രകാരം 74,155 ഹെക്ടറിലാണ് പച്ചക്കറിക്കൃഷി നടക്കുന്നത്. ഇതില്‍ 26,188 ഹെക്ടര്‍ കപ്പ ഒഴികെയുള്ള കിഴങ്ങുവര്‍ഗങ്ങളും 711 ഹെക്ടര്‍ മധുരക്കിഴങ്ങ് കൃഷിയുമാണ്. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികള്‍ 47256 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. വെജിറ്റബിള്‍ ആന്റ് ഫുഡ് പ്രമോഷന്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 10.85 ലക്ഷം ടണ്‍ ആണ് നമ്മുടെ ആഭ്യന്തര പച്ചക്കറി ഉല്പാദനം. ഇന്നത്തെ നിലയില്‍ ഏകദേശം 9.5 ലക്ഷം ടണ്‍ പച്ചക്കറികളാണ് പ്രതിദിനം നാം പുറത്തു നിന്ന് വാങ്ങുന്നത്. ഐ.സി.എം.ആര്‍ കണക്കു പ്രകാരം പച്ചക്കറി ഉപഭോഗം ഉയര്‍ത്തണമെങ്കില്‍ 21.6 ലക്ഷം ടണ്‍ പച്ചക്കറി പുറമെനിന്നും നാം വാങ്ങേണ്ടി വരും. കമ്മി വളരെയേറെ ഉയരുമെന്നര്‍ത്ഥം.
പച്ചക്കറി വികസന തന്ത്രം
പച്ചക്കറിയുടെ കാര്യത്തിലുള്ള ആശ്രിതത്വം എങ്ങനെ കുറയ്ക്കാം? പച്ചക്കറി സ്വാശ്രയ കേരളം എന്ന സ്വപ്നം എങ്ങനെ സാക്ഷാത്കരിക്കാം? കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ കണക്കുകള്‍ വലിയ ആത്മവിശ്വാസം തരാന്‍ പോരുന്നവയല്ല.കേരളത്തില്‍ ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും കൃഷി വിസ്തൃതി 1993-94 ല്‍ 100 ആയിരുന്നത് ഏതാണ്ട് അതേപടി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു. ഭൂവിസ്തൃതി കുറയാനുള്ള പ്രവണത 2005-06 മുതല്‍ തിരുത്തപ്പെട്ടിട്ടുണ്ട് എന്നു മാത്രം. ഉത്പാദനം ഇന്ന് 1993-94നെക്കാള്‍ താഴെയാണ്. സമീപകാലത്ത് വിസ്തൃതിയിലുണ്ടായ വര്‍ദ്ധന ഉത്പാദനത്തില്‍ പ്രതിഫലിക്കുന്നില്ല. ഇത് കാണിക്കുന്നത് ഉത്പാദനക്ഷമതയില്‍ കുറവുണ്ടായി എന്നാണ്. ഉത്പാദനക്ഷമതയുടെ സൂചിക 2001-02ല്‍ 103 ആയിരുന്നത് 2006-07ല്‍ 97 ആയി കുറഞ്ഞിരിക്കുന്നു. മൊത്തത്തില്‍ പച്ചക്കറി മേഖലയിലെ ഇടപെടല്‍ വലിയ മുന്നേറ്റമൊന്നും സൃഷ്ടിച്ചില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ നില മാറ്റാനാകണം.
മാറ്റങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതായത്, കൂടുതല്‍ ഭൂമിയില്‍ പച്ചക്കറി കൃഷി ആരംഭിക്കണം. അതോടൊപ്പം ഉത്പാദന ക്ഷമത ഉയര്‍ത്തുകയും വേണം. കൃഷിക്കാര്‍ക്ക് സാങ്കേതിക പിന്തുണയും അവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയും ഉറപ്പാക്കണം. ഇവയൊക്കെയാണ് ഉരുത്തിരിഞ്ഞു വരുന്ന പച്ചക്കറി വികസന തന്ത്രത്തിന്റെ പ്രധാന ചേരുവകള്‍.
1) ഒരു ലക്ഷം ഹെക്ടറിലേക്ക് പച്ചക്കറി അടിയന്തിരമായി വ്യാപിപ്പിക്കണം. പുതുതായി 25,000 ഹെക്ടര്‍ സ്ഥലം എവിടെ നിന്നു കണ്ടെത്തും? മൂന്നു മാര്‍ഗ്ഗങ്ങളാണുള്ളത്.
ഒന്ന്: പച്ചക്കറിക്ക് അനുയോജ്യമായ തരിശു ഭൂമികളില്‍ കൃഷിയിറക്കാന്‍ കഴിയണം. കേരളത്തില്‍ ഇത്തരം തരിശുഭൂമി പരിമിതമാണ്. സ്‌കൂളുകള്‍ പോലുള്ള പൊതു സ്ഥാപനങ്ങളുടെ വളപ്പുകളും ഫലഭൂയിഷ്ടമായ പുറമ്പോക്കുകളും പച്ചക്കറി കൃഷിക്ക് ഉപയോഗപ്പെടുത്താനാകും.
രണ്ട്: പുരയിട കൃഷിയുടെ സാധ്യത ഉയര്‍ത്തുകയാണ് മറ്റൊരു പോംവഴി. 60 ലക്ഷം കുടുംബങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ 20 ലക്ഷം കുടുംബങ്ങള്‍ വീട്ടു വളപ്പില്‍ പച്ചക്കറി കൃഷിക്ക് തയ്യാറാകണം; ഒരു കുടുംബം ശരാശരി 2.5 സെന്റു വീതം കൃഷി ചെയ്യുകയാണെങ്കില്‍ പോലും 2000 ഹെക്ടര്‍ ലഭ്യമാകും.
മൂന്ന്: വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കണം. പാടങ്ങളില്‍ തുടര്‍വിളയായി 500 പഞ്ചായത്തുകളില്‍ 50 ഹെക്ടര്‍ വീതം പുതുതായി പച്ചക്കറി കൃഷി ചെയ്യുന്നതിന് ലക്ഷ്യമിടേണ്ടതുണ്ട്.
2) ഉത്പാദന ക്ഷമത ഇന്ന് ശരാശരി 8 ടണ്ണായിരിക്കുന്നത് 15 ടണ്ണെങ്കിലും ആക്കി ഉയര്‍ത്താന്‍ കഴിയണം.
വെള്ളായണി കാര്‍ഷിക കോളേജിലെ ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നത് പ്രധാനപ്പെട്ട പച്ചക്കറികളുടെ ഉത്പാദനക്ഷമത ഇന്ന് ഹെക്ടറിന് 6-10 ടണ്ണായിരിക്കുന്നത് 20-30 ടണ്ണായി ഉയര്‍ത്താനാകുമെന്നാണ്. അന്തര്‍ദേശീയ ഉത്പാദന ക്ഷമതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ഉത്പാദനക്ഷമത വളരെ താഴ്ന്നതാണെന്നാണ് എഫ്.എ.ഒ.യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് തക്കാളിയുടെ ഉത്പാദനക്ഷമത ഇന്ത്യയില്‍ 9.6 ടണ്ണായിരിക്കുമ്പോള്‍ ലോക ശരാശരി 25 ടണ്ണും ജപ്പാന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയിടങ്ങളില്‍ 50-60 ടണ്ണുമാണ്. ഉള്ളിയുടെ ഉത്പാദനക്ഷമത ഇന്ത്യയില്‍ 8.5 ടണ്ണായിരിക്കുമ്പോള്‍ ലോക ശരാശരി 13.8 വികസിത രാജ്യങ്ങളിലേത് 30-45 ടണ്ണുമാണ്.
3) നമ്മുടെ ഉപഭോഗ സംസ്‌ക്കാരത്തിനും ഒരു മാറ്റം ആവശ്യമാണ്. പോഷക മൂല്യമുള്ളതും എന്നാല്‍ നാട്ടില്‍ സുലഭവുമായ ഒട്ടേറെ പച്ചക്കറികള്‍ (പ്രത്യേകിച്ച് ഇലക്കറികള്‍) നമ്മുടെ തീന്‍ മേശയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാടന്‍ വിഭവങ്ങള്‍ പലതും അന്യം നിന്ന നിലയിലാണ്. ക്യാബേജ്, കോളിഫഌവര്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ മിത ശീതോഷ്ണ കാലാവസ്ഥാ പച്ചക്കറികളോട് ഒരു പരിഷ്‌ക്കാര ഭ്രമം നാട്ടില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഈ വിളകളാകട്ടെ ഇടുക്കി, വയനാട് തുടങ്ങിയ ഇടങ്ങളില്‍ പരിമിതമായേ കൃഷി ചെയ്യാന്‍ കഴിയൂ. കൂടുതല്‍ പരമ്പരാഗതമായ നാടന്‍ പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനുള്ള അഭിരുചി പ്രോത്സാഹിപ്പിക്കണം. മുരിങ്ങയും കോവലും പയറുമെല്ലാം വീട്ടുവളപ്പില്‍ തന്നെ നട്ടുണ്ടാക്കാനുള്ള പ്രേരണ അപ്പോഴേ ഉണ്ടാകൂ.
4) പുരയിടക്കൃഷി മുഖ്യമായും വീടുകളുടെ ആവശ്യത്തിന് തികയും. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി പ്രോത്സാഹിപ്പിച്ചു കൊണ്ടേ സ്വാശ്രയത്വം നേടാനാകൂ എന്നത് വ്യക്തം. പുരയിടകൃഷി വിജയിക്കുന്ന സ്ഥലങ്ങളില്‍ അവിടങ്ങളിലെ വീട്ടാവശ്യങ്ങള്‍ക്കുള്ള പച്ചക്കറിയുടെ ഡിമാന്റ് കുറയാം. വാണിജ്യാടിസ്ഥാനത്തില്‍ വന്‍ തോതില്‍ കൃഷി ചെയ്യുമ്പോള്‍ ഉത്പന്നങ്ങള്‍ മൊത്തത്തില്‍ വില്‍ക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പച്ചക്കറി ഡിമാന്റിലാകട്ടെ ഉത്സവങ്ങളും മറ്റുമായി ബന്ധപ്പെട്ട് ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. താരതമ്യേന ഉത്പാദനചെലവ് കുറഞ്ഞ അയല്‍പക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരഭീഷണിയും ഉണ്ട്. എല്ലാറ്റിനുമുപരി ഏതാനും ദിവസങ്ങള്‍ക്കപ്പുറം ഇലവര്‍ഗങ്ങളും അതുപോലെയുള്ള പച്ചക്കറികളും സൂക്ഷിക്കാനും കഴിയില്ല. ഇതെല്ലാം ചേര്‍ന്ന് പച്ചക്കറിയുടെ വിപണനത്തെ അതീവ സങ്കീര്‍ണമാക്കുന്നുണ്ട്. ഏതായാലും ഒരു കാര്യം വ്യക്തം. സുശക്തമായ ഒരു വിപണന സംവിധാനം ഉറപ്പു വരുത്തിക്കൊണ്ടല്ലാതെ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി വ്യാപിപ്പിക്കുവാന്‍ കഴിയില്ല.
പുതിയ കാര്‍ഷിക മുന്നേറ്റം പരമ്പരാഗത വിപണന സമ്പ്രദായങ്ങളുടെ അടിസ്ഥാനത്തില്‍ നിലനിര്‍ത്താനാവില്ലെന്നതും വ്യക്തമാണ്. കൃഷി വകുപ്പിന്റെ മാര്‍ക്കറ്റിംഗ് വിംഗ് നടത്തിയ ഒരു പഠനം കാണിക്കുന്നത് പച്ചക്കറി വിലയുടെ 34 മുതല്‍ 60 ശതമാനം വരെ ഇടത്തട്ടുകാര്‍ കൈക്കലാക്കുന്നു എന്നുള്ളതാണ്. കമ്പോളവിലയുടെ താരതമ്യേന ചെറിയൊരു പങ്കേ യഥാര്‍ത്ഥ കൃഷിക്കാരന് ലഭിക്കുന്നുള്ളൂ. ഉപഭോക്താവിനാകട്ടെ ഉയര്‍ന്ന വില കൊടുക്കേണ്ടതായും വരുന്നു. അന്തിമവിലയില്‍ കൃഷിക്കാരന്റെ വിഹിതം ഗണ്യമായി ഉയര്‍ത്തിക്കൊണ്ടു മാത്രമേ ഉയര്‍ന്ന കൂലിച്ചെലവുള്ള കേരളത്തില്‍ ന്യായമായ ലാഭം കൃഷിക്കാരന് ഉറപ്പുവരുത്താനാകൂ.
ഗള്‍ഫ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ പച്ചക്കറി കമ്പോളത്തെയും നാം ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുണ്ട്. പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് നാടന്‍ പച്ചക്കറി കയറ്റുമതി പരിപാടിക്കു രൂപം നല്‍കാന്‍ കഴിയും. പക്ഷേ ഇവിടെയും ഇന്ന് ഇടത്തട്ടുകാരാണ് ലാഭം കൊയ്യുന്നത്.
5) പച്ചക്കറി വികസന തന്ത്രത്തിന്റെ മറ്റൊരടിസ്ഥാനഘടകമാണ് ശാസ്ത്ര സാങ്കേതിക പിന്തുണസംവിധാനങ്ങള്‍. നാട്ടറിവുകളുടെ പ്രാധാന്യം ഒട്ടും കുറച്ചു കാണുകയല്ല. നാട്ടറിവിനെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുമായി സംയോജിപ്പിക്കാന്‍ കഴിയണം. ഗുണന്മേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കുക, വിപുലമായ വാണിജ്യ സൗകര്യം ഒരുക്കുക, കൃഷി അഭിമുഖീകരിക്കേണ്ടി വരുന്ന രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കുമെതിരെ ശാസ്ത്രീയ ഉപദേശം നല്‍കുക, നല്ല കൃഷി സമ്പ്രദായങ്ങള്‍ പരിചയപ്പെടുത്തുക തുടങ്ങിയവയൊക്കെ വളരെ പ്രധാനമാണ്.
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പ്രസക്തി
മുകളില്‍ വിവരിച്ച വികസനതന്ത്രത്തിന് അടിസ്ഥാനപരമായി ഏറ്റവും അനുയോജ്യം വികേന്ദ്രീകൃതമായ ആസൂത്രണമാണ്. വികേന്ദ്രീകൃതമായ കൃഷിയാസൂത്രണത്തിന് ശക്തമായ പിന്തുണ കൂടിയേ തീരൂ. പ്രത്യേകിച്ച് വിപണനത്തിന്റെയും ശാസ്ത്ര സാങ്കേതിക പിന്തുണയുടേയും കാര്യത്തില്‍. വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചിട്ടയായി മോണിറ്റര്‍ ചെയ്യുകയും വേണം.
പച്ചക്കറി വികസന തന്ത്രത്തിലെ ഒരടിസ്ഥാന വെല്ലുവിളി കൃഷിയുടെ വ്യാപനമാണല്ലോ. ഇന്നുള്ള കൃഷി വിസ്തൃതി 25 ശതമാനമെങ്കിലും വര്‍ധിപ്പിക്കണം. ഇത് വികേന്ദ്രീകൃതമായിട്ടല്ലാതെ ആസൂത്രണം ചെയ്യാനാവില്ല.
1. കേരളത്തിന്റെ ഭൂപ്രകൃതി അത്യധികം വൈവിധ്യമാര്‍ന്നതാണ്. ഏതൊരു പഞ്ചായത്തെടുത്താലും ഒന്നിലേറെ നീര്‍ത്തടങ്ങളും കുന്നിന്‍ ചരിവുകള്‍, മണല്‍ സമതലങ്ങള്‍, ചതുപ്പ് എന്നിങ്ങനെ പലവിധ പാരിസ്ഥിതിക പ്രദേശങ്ങളും കാണാം. ഈ ഓരോ പ്രദേശത്തെ മണ്ണിന്റെയും വെള്ളത്തിന്റെയും ഗുണഗണങ്ങള്‍ മനസ്സിലാക്കി അനുയോജ്യമായ പച്ചക്കറിയിനങ്ങളും വിത്തുകളും കൃഷി സമ്പ്രദായങ്ങളും ആവിഷ്‌കരിക്കാന്‍ കഴിഞ്ഞാലേ കൂടുതല്‍ കൃഷിസ്ഥലം പച്ചക്കറിക്കൃഷിക്ക് ഉറപ്പു വരുത്താന്‍ കഴിയൂ; കൃഷിവ്യാപനം സ്ഥായിയായി നിലനില്‍ക്കുകയും ചെയ്യൂ.
2. ഭൂപ്രകൃതി കൊണ്ട് ഓരോ പ്രദേശത്തിനും അനുയോജ്യമായ പച്ചക്കറികള്‍ വ്യത്യസ്തമായിരിക്കും. ജനങ്ങളുടെ അഭിരുചിയിലും വ്യത്യാസങ്ങള്‍ ഉണ്ടാകും. ഇതുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഡിമാന്റിന്റെ പ്രാദേശിക ചേരുവയും ഗതിവിഗതിയും മനസ്സിലാക്കിക്കൊണ്ട് പച്ചക്കറിക്കൃഷി ആസൂത്രണം ചെയ്യുന്നതിന് പ്രാദേശിക തലത്തിലേ സാധ്യമാവൂ. ഉദാഹരണത്തിന്, പ്രതിശീര്‍ഷ ഉപഭോഗം സംബന്ധിച്ച് നേരത്തെ സൂചിപ്പിച്ച കണക്കുകള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രകടമായ അഭിരുചി വ്യത്യാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. വെള്ളരി, മത്തന്‍ തുടങ്ങിയ ഇനങ്ങളുടെ ശരാശരി ഉപഭോഗം തിരുവനന്തപുരം ജില്ലയില്‍ 40 ഗ്രാമായിരിക്കുമ്പോള്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 13 ഗ്രാം വീതവും കോഴിക്കോട്, വയനാട് ജില്ലകളില്‍ 10-12 ഗ്രാം വീതവുമാണ്. വെണ്ടയ്ക്ക തുടങ്ങിയവ മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ 33-36 ഗ്രാം വീതം ഉപയോഗിക്കുമ്പോള്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 6 ഗ്രാം വീതമാണ് ഉപയോഗം. ഇപ്രകാരം ഓരോ ഇനത്തിലും വളരെ പ്രകടമായ അന്തരമുണ്ട്.
3. കൂടുതല്‍ വിസ്തൃതിയിലേക്ക് പച്ചക്കറി വ്യാപിപ്പിക്കുന്നതിന് ഒരടിസ്ഥാന ഉപാധി ഇവിടങ്ങളില്‍ ആവശ്യത്തിന് വെള്ളം ഉറപ്പു വരുത്തുക എന്നുള്ളതാണ്. നെല്‍കൃഷിയെ മാത്രം ലക്ഷ്യമിട്ടു കൊണ്ടാണ് കേരളത്തിലെ ജലസേചന സമ്പ്രദായം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഇന്നുള്ള കനാല്‍ സംവിധാനത്തില്‍നിന്ന് പച്ചക്കറിക്കൃഷിയ്ക്കാവശ്യമായ തോതിലും സമയത്തും വെള്ളം പാടത്തെത്തിക്കുന്നതിന് സൂക്ഷ്മ തലത്തിലുള്ള ജലപരിപാലന ആസൂത്രണം കൂടിയേ തീരൂ. പുരയിട കൃഷിയുടെ കാര്യത്തില്‍ ചെറുകിട ജലസേചന പരിപാടികളേ സാധ്യമാവൂ. നമ്മുടെ വീട്ടുവളപ്പുകളുടെ വലുപ്പം എടുക്കുമ്പോള്‍ ഒരയല്‍ക്കൂട്ടത്തിന് ഒരു പൊതു സ്രോതസ് എന്ന നിലയില്‍ ആസൂത്രണം ചെയ്യുന്നതാകും അഭികാമ്യം. ചുരുക്കത്തില്‍ പച്ചക്കറി വ്യാപനത്തിന് അത്യന്താപേക്ഷിതമായ സ്ഥലജല മാനേജ്‌മെന്റ് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയേ കൈവരിയ്ക്കാനാകൂ.
4. താഴെത്തട്ടില്‍ നിന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ സംയോജിതമായ സമീപനം കൈക്കൊള്ളാന്‍ കഴിയും. പുരയിട കൃഷിയുടെ കാര്യത്തില്‍ ഇതേറ്റവും പ്രസക്തമാണ്.
5. ഭൂമിയുടെ പരിമിതിപോലെ തന്നെ പച്ചക്കറി വികസനത്തിന് അടിസ്ഥാനപരമായ ഒരു പ്രതിബന്ധമാണ് ഇന്നത്തെ കാര്‍ഷിക ബന്ധങ്ങള്‍. ചെറുകിട ഭൂവുടമസ്ഥരെയാണല്ലോ ലക്ഷ്യമിടുന്നത്. എന്നാല്‍ നല്ലപങ്ക് ആളുകളും ഉപജീവനത്തിനുവേണ്ടി മറ്റു മേഖലകളില്‍ പണിയെടുക്കുന്നവര്‍ ആകയാല്‍ നേരിട്ട് ഭൂമിയില്‍ പണിയെടക്കുന്നവരല്ല. വിദ്യാഭ്യാസത്തിന്റെ വ്യാപനവും മറ്റും തൊഴിലഭിരുചിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പുരയിട പച്ചക്കറിക്കൃഷിയുടെ പ്രവൃത്തികളെല്ലാം കൂലിവേലക്കാരെ നിര്‍ത്തി പണിയെടുപ്പിച്ച് ലാഭകരമായി മുന്നോട്ടു പോകാന്‍ കഴിയില്ല.
മുകളില്‍ വിവരിച്ചത് പ്രശ്‌നത്തിന്റെ ഒരുവശമാണ്. ഭൂമിയില്‍ പണിയെടുക്കാന്‍ തയ്യാറുള്ള കര്‍ഷകത്തൊഴിലാളിക്ക് ഭൂമിയില്ല എന്നത് ഇതിന്റെ മറുവശമാണ്. ഭൂമി പാട്ടത്തിനെടുക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും ഈ അനൗപചാരിക പാട്ടസമ്പ്രദായം ഇന്ന് കേരളത്തിലുടനീളം സാര്‍വത്രികമാണ്. പച്ചക്കറികളില്‍ നല്ല പങ്കും വളരെ വൈവിധ്യമാര്‍ന്ന പാട്ടസമ്പ്രദായങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് നടക്കുന്നത്. ഏറ്റവും നല്ല കൃഷിക്കാരായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന പലരും ഇപ്രകാരം കൃഷി ചെയ്യുന്നവരാണ് എന്ന വാര്‍ത്തകളും വായിക്കാറുണ്ട്. സ്വന്തമായി ഭൂമിയില്ലാത്തതുകൊണ്ട് ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഔപചാരിക ബാങ്കു വായ്പകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. തന്മൂലം കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിന് പലരും ബലിയാടാകുന്നു.
കേരളത്തിലെ ഇന്നത്തെ അതീവസങ്കീര്‍ണമായ കാര്‍ഷികബന്ധങ്ങള്‍ എന്തെന്നു മനസ്സിലാക്കി കാര്‍ഷികവികസനത്തിന് അനുയോജ്യമായ പുതിയ കാര്‍ഷിക സംഘടനാ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഏകീകൃതമായ രീതിയില്‍ സംസ്ഥാനത്തുടനീളം രൂപം കൊണ്ട ഗ്രൂപ്പ് ഫാമുകളും ഹരിതസംഘങ്ങളും പ്രത്യേക വിളകളെ അടിസ്ഥാനമാക്കിയുള്ള സമിതികളും മറ്റും ഇത്തരം സംവിധാനങ്ങളാണ്. എന്നാല്‍ കേരളത്തിലെ കാര്‍ഷികബന്ധങ്ങളുടെയും കാര്‍ഷിക അന്തരീക്ഷത്തിന്റെയും കാര്യത്തില്‍ പ്രദേശങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അതുകൊണ്ട് പ്രാദേശികസംഘടനാ സംവിധാനങ്ങള്‍, പരീക്ഷിച്ചേ തീരൂ. ഇതാകട്ടെ പ്രാദേശികമായേ കഴിയൂ. അയല്‍ക്കൂട്ടങ്ങള്‍ വാര്‍ഡു സമിതികള്‍, സ്വയം സഹായസംഘങ്ങള്‍, ലേബര്‍ ബാങ്ക് തൊഴില്‍ സേന, കാര്‍ഷികസേവനത്തിനായുള്ള സംഘങ്ങള്‍ എന്നു തുടങ്ങി ഒട്ടനവധി സംഘടനാ രൂപങ്ങള്‍ ഇന്നുതന്നെ നമുക്കു കാണാനാകും.
6. ഒരു വലിയ ജനകീയപ്രസ്ഥാനത്തിനേ പച്ചക്കറി സ്വയം പര്യാപ്തത കൈവരിക്കാനാവൂ. ആളുകളുടെ അഭിരുചിയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത നേരത്തെ സൂചിപ്പിച്ചല്ലോ. ഏതാണ്ട് 20 ലക്ഷം കുടുംബങ്ങള്‍ നേരിട്ട് കൃഷിയുമായി ബന്ധപ്പെടുകയാണ്. തൊഴിലിനോടുള്ള അവരുടെ മനോഭാവത്തില്‍ കുറച്ചെങ്കിലും മാറ്റം വന്നേ തീരൂ. പച്ചക്കറി സ്വയം പര്യാപ്തത എന്നത് ഓരോ പ്രദേശത്തിന്റെയും ആത്മാഭിമാനമാകുമ്പോഴേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. കേവലം കമ്പോളത്തിന്റെ ലാഭചേതത്തെ അടിസ്ഥാനമാക്കി മാത്രം കൈവരിക്കാന്‍ കഴിയുന്ന ഒന്നല്ല പച്ചക്കറി സ്വയം പര്യാപ്തത. കൃഷി ലാഭകരമാകുന്നതിന്റെ പ്രാധാന്യം ഒട്ടും കുറച്ചു കാണാതെ തന്നെ പുതിയൊരു കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രസക്തി എടുത്തു പറയേണ്ടതുണ്ട്. ആസൂത്രണത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും മുന്‍കൈ ഉറപ്പാക്കിക്കൊണ്ടും മാത്രമേ പുതിയ പച്ചക്കറി വികസനതന്ത്രം പൂര്‍ണവിജയത്തിലെത്തിക്കാന്‍ കഴിയൂ എന്നത് നിസ്സംശയമാണ്.
7. അവസാനമായി, ജനകീയാസൂത്രണത്തിന്റെ പശ്ചാത്തലത്തില്‍ പച്ചക്കറി വികസന പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കൈ കൂടിയേ തീരൂ. ജനകീയാസൂത്രണത്തിന്റെ ഭാഗമായി സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ 35-40% ഫണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്കു വേണ്ടി നീക്കിവച്ചിരിക്കുകയാണ്. കീഴ്ത്തട്ടില്‍ ചെയ്യാന്‍ കഴിയുന്ന ഏതാണ്ടെല്ലാ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തുക വരും ഇത്. ശേഷിക്കുന്ന പണം മുകള്‍ത്തട്ടില്‍ നിന്നു മാത്രം ചെയ്യാന്‍ പറ്റുന്ന പ്രവൃത്തികള്‍ക്കേ തികയൂ. പദ്ധതിയുടെ ധനവിന്യാസത്തില്‍ വിപ്ലവകരമായ ഒരു മാറ്റമാണ് കേരളം വരുത്തിയത്. ഇതു മൂലം പച്ചക്കറി സ്വയം പര്യാപ്തത എന്ന ബൃഹത്തായ പദ്ധതിക്ക് ആവശ്യമായത്ര പണം സംസ്ഥാന പദ്ധതിയില്‍ നിന്നു മാത്രം കണ്ടെത്താനാവില്ല. തദ്ദേശഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പദ്ധതിയുടെ ഭാഗമായി പച്ചക്കറി വികസനം ഏറ്റെടുത്തേ തീരൂ.
സംയോജിത സമീപനത്തിന്റെ ആവശ്യകത
ഇപ്പോള്‍ നടക്കുന്ന പച്ചക്കറി പ്രോജക്ടുകളുടെ വിമര്‍ശനപരമായ ഒരു പരിശോധന പല ദൗര്‍ബല്യങ്ങളും പുറത്തു കൊണ്ടുവരുന്നുണ്ട്. മുന്‍-പിന്‍ ബന്ധങ്ങളെ വേണ്ടത്ര പരിഗണിക്കാതെയാണ് അവയില്‍ പലതും അവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇതുമൂലമാണ് ആവശ്യമായ വിത്തുകള്‍ ലഭിക്കാതെ വരുന്നതും ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വിലയിടിയുന്നതും മറ്റും. ഇവയടക്കം പല പ്രായോഗികമായ ബുദ്ധിമുട്ടുകളും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കാവുന്നവയാണ്. എന്നാല്‍ അടിസ്ഥാന സമീപനത്തിന്റെ തന്നെ ചില ഗൗരവമായ പ്രശ്‌നങ്ങളുണ്ട്. അവ ബോധപൂര്‍വം പരിഹരിച്ചേ തീരൂ. അതിലേറ്റവും പ്രധാനമാണ് സംയോജിത സമീപനത്തിന്റെ പ്രശ്‌നം.
ജനകീയാസൂത്രണത്തിന്റെ ആദ്യവര്‍ഷം എല്ലാതട്ടു പഞ്ചായത്തുകളും ഗ്രാമ പച്ചക്കറി പ്രോജക്ടുകള്‍ ആവിഷ്‌ക്കരിച്ചു. മുമ്പ് ഈ പ്രവണത സാര്‍വത്രികമായിരുന്നു. മൂന്നു തട്ടുകളുടെയും പ്രോജക്ടുകള്‍ ഉള്ളടക്കത്തില്‍ ഏതാണ്ട് ഒരുപോലെ തന്നെ ആയിരുന്നു. ഈ ഇരട്ടിപ്പ് നിര്‍വഹണത്തില്‍ ഒട്ടേറെ അപാകതകള്‍ക്കിടയാക്കി. വിവിധ തട്ടുകളിലെ പ്രോജക്ടുകള്‍ പരസ്പര പൂരകമാകുന്നതിന് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുകയുണ്ടായി. അപ്രകാരം വ്യക്തിഗത ഗുണഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള പച്ചക്കറി പ്രോജക്ടുകള്‍ക്ക് കീഴ്ത്തട്ടു പഞ്ചായത്തുകള്‍ മാത്രമേ രൂപം നല്‍കുവാന്‍ പാടുള്ളൂ. മേല്‍ത്തട്ടു പഞ്ചായത്തുകള്‍ ഗ്രാമ പഞ്ചായത്തുകളുടെ പ്രോജക്ടുകളെ സംയോജിപ്പിച്ച് അവര്‍ വഴി മാത്രമേ നിര്‍വഹിക്കുവാന്‍ പാടുള്ളു. വിത്തുത്പാദനം, വിപണനം തുടങ്ങിയ പൂരക പ്രോജക്ടുകളാണ് മേല്‍ത്തട്ടു പഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ടത്. രണ്ടാം വര്‍ഷം വിവിധ തട്ടുകളുടെ പ്രോജക്ടുകള്‍ തമ്മില്‍ കൂടുതല്‍ സംയോജനം കൈവരിക്കാന്‍ കഴിഞ്ഞു.
എന്നാല്‍ ഇനിയും പരിഹരിക്കേണ്ടതായി അവശേഷിക്കുന്ന ഒരു പ്രശ്‌നമാണ് സംസ്ഥാന സര്‍ക്കാരിന്റെ പച്ചക്കറി വികസന പരിപാടികളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുമായുള്ള സംയോജനത്തിന്റെ പ്രശ്‌നം. കയറ്റുമതിക്കും ആഭ്യന്തര കമ്പോളത്തിനും ആവശ്യമായ വിപണന ശൃംഖല സൃഷ്ടിക്കുക, ഗുണമേന്മയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും ഉറപ്പുവരുത്തുക, കാര്‍ഷിക ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ ശാലകളും സംസ്‌കരണ ഫാക്ടറികളുമെല്ലാം സ്ഥാപിക്കുക എന്നിവയൊക്കെ മുഖ്യമായും സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടുന്നവയാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പച്ചക്കറി പ്രോജക്ടുകളെ ഈ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി ആവിഷ്‌കരിക്കുന്നത് കാര്യക്ഷമത ഉയര്‍ത്തും എന്നതിന് സംശയമില്ല.
കേരളമാകെ നടക്കുന്ന മാലിന്യസംസ്‌കരണത്തിന്റെ അനുബന്ധമെന്ന നിലയില്‍ ഇന്ന് സംയോജിത കൃഷിക്ക് പുതിയ സാധ്യത ഉയര്‍ന്നു വന്നിരിക്കുന്നു. സ്വന്തം വീട്ടിലെ മാലിന്യം വളമായി ഉപയോഗിക്കാവുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത് രാസവളം ഉപേക്ഷിക്കുന്നതിനും ഒപ്പം തന്നെ പണം കൊടുത്ത് വളം വാങ്ങുന്ന സ്ഥിതി ഇല്ലാതാക്കാനുമുള്ള സാധ്യതയാണിന്ന് വന്നു ചേര്‍ന്നിരിക്കുന്നത്. മാത്രമല്ല 1000 കോടി രൂപയാണ് പച്ചക്കറി വാങ്ങിക്കുന്നതിനായി നാം അന്യ സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. നമുക്ക് ആവശ്യമായ പച്ചക്കറി നാം തന്നെ ഉല്പാദിപ്പിച്ചാല്‍ ഈ പണം നമ്മുടെ മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കാനാവും എന്ന് മാത്രമല്ല കീടനാശിനി അടങ്ങിയ പച്ചക്കറി കഴിച്ച് മാറാരോഗികളായി മാറേണ്ട ഗതികേടില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനുമാവും