പട്ടുനൂൽ കൃഷിയിൽ പുതിയ പരീക്ഷണം

കൃഷിയിൽ പരീക്ഷണങ്ങൾ നടത്തി വിജയിച്ച കർഷകരുടെ കഥകൾ നിരവധിയുണ്ട്. പെരുമാട്ടി പഞ്ചായത്തിലെ മുതലാംതോട്ടിൽ ഇത്തരത്തിൽ കാലാവസ്ഥക്കെതിരേ പടപൊരുതുന്ന ഒരു കർഷകകുടുംബമുണ്ട്. മുതലാംതോട്ടിലെ രജനി പുത്തൻവീട്ടിലും ഭർത്താവ് സുരേഷുമാണ് പട്ടുനൂൽക്കൃഷിയിൽ പുതിയ പരീക്ഷണം നടത്തി വിജയിച്ചത്.

ജൂൺ, ജൂലായ് മാസത്തിൽ പട്ടുനൂൽക്കൃഷി സാധാരണഗതിയിൽ സാധ്യമല്ല. മഴക്കാലമായതിനാലും ഈർപ്പത്തിന്റെ അളവിലുള്ള വർധനയുമാണ് ഇതിനുകാരണം. എന്നാൽ, ഒഴുക്കിനെതിരേ നീന്തുകയാണ് രജനിയുടെ കൃഷിരീതി. മഴക്കാലത്ത് നൈട്രജന്റെ അളവുകുറച്ച് പ്രോട്ടീന്റെ അളവ് കൂടിയ വളപ്രയോഗം നടത്തി. പുഴുക്കളെ സൂക്ഷിക്കുന്ന ഷെഡ്ഡിന്റെ അകത്തെ ഈർപ്പവും ചൂടും ക്രമീകരിച്ചു. കൂടാതെ, പുഴുക്കൾക്ക് കൊടുക്കുന്ന ഇല തലേദിവസംതന്നെ വെട്ടിയെടുത്ത് വെള്ളവും ഈർപ്പവും ഉണക്കിയാണ് തിന്നാൻ കൊടുക്കുന്നത്. അനുയോജ്യമായ കാലാവസ്ഥയായാൽ 24 മണിക്കൂറും പുഴുക്കൾ ഇല തിന്നും. പുഴുക്കൾ ഇല തിന്നില്ലെങ്കിൽ അവ പാൽപ്പുഴുക്കളാകും നന്നായി ഇല തിന്നാൽ മാത്രമാണ് നല്ല കൊക്കൂൺ ലഭിക്കൂ.

വിളവെടുക്കുന്ന ഒരു ആൺ കൊക്കൂണിന് രണ്ടുഗ്രാം തൂക്കവും പെൺ കൊക്കൂണിന് 1.80 ഗ്രാം തൂക്കവുമാണുള്ളത്. ഇത്തരത്തിൽ രണ്ടുഗ്രാമിന്റെഏകദേശം 500 കൊക്കൂണാണ് ഒരുകിലോയാകുന്നത്. 600 രൂപയാണ് ഇപ്പോഴത്തെ മാർക്കറ്റ് വില. പുഴുക്കൾക്ക് കൊടുക്കുന്ന ഇലയിൽ നൈട്രജന്റെ അളവ് കുറച്ച് പ്രോട്ടീന്റെ അളവ് വർധിപ്പിക്കുന്നതിനായി രാസവളം പൂർണമായും ഒഴിവാക്കി ജൈവരീതിയിലാണ് കൃഷി. ഇങ്ങനെ ഈവർഷം മികച്ച വിളവാണ് പട്ടുനൂൽക്കൃഷിയിൽ ഇവർ കൈവരിച്ചത്. വി 1 മൾബറി എന്ന ചെടിയാണ് ഇവർ ഉപയോഗിക്കുന്നത്. ഇത് ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് ഇവർ പറയുന്നു.

പട്ടനൂൽക്കൃഷിയുടെ 40 ശതമാനം വിജയവും ഇലയിലാണ്. 30 ശതമാനം പുഴുക്കളുടെ ഷെഡ്ഡിനും ബാക്കി 30 കർഷകന്റെ കൈയിലുമാണ്.കാലാവസ്ഥയറിഞ്ഞ് കൃഷിചെയ്താൽ മാത്രമേ വിജയിക്കാനാകൂ. സഹായത്തിനായി തൊഴിലുറപ്പ് തൊഴിലാളികളും ഇവർക്കൊപ്പമുണ്ട് അഞ്ചുവർഷമായി രജനിയും ഭർത്താവും കാർഷികരംഗത്ത് സജീവമാണ്. പട്ടുനൂലും മത്സ്യവും നെല്ലുമാണ് പ്രധാനകൃഷി. പട്ടുനൂൽക്കൃഷി കർഷകർക്ക് പഠിക്കാനുള്ള സൗകര്യമുൾപ്പെടെ ഇവർ നൽകിവരുന്നുണ്ട്. ഒന്നരയേക്കറിലാണ് പട്ടുനൂൽക്കൃഷി. നാലുവർഷമായി പട്ടുനൂൽക്കൃഷി ചെയ്തുവരുന്നു.കഴിഞ്ഞവർഷം ജില്ലയിലെ മികച്ച പട്ടുനൂൽ കർഷക കൂടിയായിരുന്നു രജനി.

Leave a Reply