മഴക്കാലത്തെ കൃഷിയില്‍ അറിയേണ്ടതെന്തൊക്കെ?

മഴക്കാലം കേരളത്തിന്റെ കൃഷിക്കാലം കൂടിയാണ്. ചില പ്രധാന വിളകളുടെ മഴക്കാലകൃഷിരീതി പരിചയപ്പെടാം.

ചീര
മഴക്കാലം പൊതുവേ ചീരയ്ക്ക് പറ്റിയതല്ല. ചുവന്ന ചീരയിൽ ഈ സമയത്ത് ഇലപ്പുള്ളി രോഗം വ്യാപകമാകും. എന്നാല്‍ പച്ചച്ചീര മഴക്കാലത്തിനും നടാവുന്നതാണ്. നീർവാർച്ചയുള്ള സ്‌ഥലമാണു ചീരക്കൃഷിക്ക് അഭികാമ്യം. ചാലുകളെടുത്തോ തടമെടുത്തോ ചീര പറിച്ചുനടാം. വിത്തു നേരെ വിതയ്‌ക്കുമ്പോഴും വിത്തു പാകുമ്പോഴും പൊടിമണലും അരിപ്പൊടിയും കൂട്ടിക്കലർത്തണം. വിത്തു ചിതറി വീഴാനും ഉറുമ്പു കൊണ്ടുപോവുന്നതു തടയാനുമാണിത്. ഗോമൂത്രം നേർപ്പിച്ചത്, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകം, ജൈവവളം എന്നിവയാണു വളങ്ങൾ.

വെണ്ട

കേരളത്തിലെ മഴക്കാലത്തിനു ഏറ്റവും പറ്റിയ പച്ചക്കറിയാണ് വെണ്ട. ജൂൺ–ജൂലൈ സീസണിൽ ആരംഭിക്കുന്ന വെണ്ടക്കൃഷിയാണ് ഏറ്റവും വിളവു തരുന്നത്. മണ്ണിന്റെ ഘടനയനുസരിച്ചു കുഴികളോ ചാലുകളോ എടുത്തും ഗ്രോബാഗിലും വിത്തു നടാം. വാരങ്ങളില്‍ ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂര്‍മുമ്പ് വെണ്ടവിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്താന്‍ ശ്രദ്ധിക്കണം. നട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ളില്‍ വെണ്ട പൂവിടുകയും തുടര്‍ന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും. ചെടികള്‍ വളരുന്നതോടെ ചെറിയ തോതില്‍ നനയ്ക്കണം. ജൂണില്‍ മഴ തുടങ്ങുന്നതോടെ ചെടികള്‍ തഴച്ചുവളരാന്‍ തുടങ്ങും. ചെടികൾ വളർന്നു വരുന്നതോടെ എത്ര മഴയുണ്ടായാലും ചെറിയ രീതിയിൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ മഴയിൽ ഇവ മരവിച്ചതു പോലെയാകും. മഞ്ഞളിപ്പ് രോഗമാണ് വെണ്ട കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ മഴക്കാലത്ത് മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ തീരെ കുറവായിരിക്കും.ചെറിയ തോതില്‍ ജൈവവളം അടിവളമായി നല്‍കിയാല്‍ മികച്ച വിളവു ലഭിക്കും.

മുളക്

മുളക് മഴക്കാലത്തിനുപറ്റിയ മറ്റൊരു കൃഷിയാണ്. നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം.

വെള്ളം കെട്ടിനിന്നാൽ പഴുത്തു പോകും എന്നതിനാൽ വെള്ളം കെട്ടി നിൽക്കാതെ നല്ലരീതിയിൽ തടം കോരി വേണം മുളക് നടാൻ . മാത്രമല്ല ഇനി വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമാണെങ്കിൽ ആ വെള്ളം ഒഴുക്കി കളയാനുള്ള ഒരു സ്ഥലം കൂടി കണ്ടു വയ്ക്കണം. സാധാരണ കറികളിൽ ഉപയോഗിക്കുന്ന മുളകിന് പുറമെ കാന്താരിയും കൃഷി ചെയ്യാം.

വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. വിത്തുകള്‍ മെയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കാം. 20-25 ദിവസം പ്രായമായ തൈകള്‍ മാറ്റിനടണം. ചെടികള്‍ തമ്മില് 45 സെന്റിമീറ്ററും വാരങ്ങള്‍ തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം നല്‍കണം. തൈകള്‍ നട്ട് അമ്പതാം ദിവസം മുതല്‍ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നല്‍കാന്‍ മറക്കരുത്. വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം.

വഴുതന

മഴക്കാലത്ത് നന്നായി വിളയുന്ന പച്ചക്കറികളിലൊന്നാണ് വഴുതന. കുറഞ്ഞ ചെലവും നല്ല ആദായവുമുള്ളതുമായ ദീർഘകാല വിളയുമാണ്. ഒരിക്കല്‍ പിടിച്ചുകിട്ടിയാല്‍ രണ്ട് വര്‍ഷം വരെ വിളവെടുക്കാന്‍ കഴിയും. അധികം പരിചരണവും ആവശ്യമില്ല. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായി വളരുന്നത്. വിത്തുപാകി പറിച്ചുനടണം. വിത്ത് പാകി 20 മുതല്‍ 25 ദിവസംവരെ പ്രായമാകുമ്പോള്‍ തൈകള്‍ മാറ്റിനടാവുന്നതാണ്. ചെടികള്‍ തമ്മില്‍ 60 സെന്റിമീറ്ററും വാരങ്ങള്‍ തമ്മില്‍ 75 സെന്റി മീറ്ററും ഇടയകലം നല്‍കണം. മാറ്റിനട്ട് 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കകം വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. നാടന്‍ വഴുതന ഇനങ്ങളും വിപണിയില്‍ ലഭ്യമായ നിരവധി ഇനം വിത്തുകളും വീടുകളിലും കൃഷി ചെയ്യാം. ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവയാണു പ്രധാന വളം.

പാവല്‍

മഴക്കാലത്ത് മണ്ണ് കൂനകൂട്ടിയാണ് പാവല്‍ തൈകള്‍ നടേണ്ടത്. പ്രീതി (വെളുപ്പിൽ പച്ചരാശി, നന്നായി മുള്ള്), പ്രിയ (നീളൻ, പതിഞ്ഞ മുള്ള്, കുരു കുറവ്), പ്രിയങ്ക (വെള്ള, കട്ടി കൂടിയത്) എന്നിവയാണു കേരളത്തിൽ പ്രധാനമായും കൃഷിചെയ്‌തുവരുന്നത്. തടമെടുത്തും ചാൽ കീറിയും വിത്തു നടാം. തടങ്ങൾ തമ്മിൽ ആറ് അടി അകലം വേണം. ഒരു തടത്തിൽ 4–5 വിത്തു കുത്താം. തൈ നട്ട് 45ാമത്തെ ദിവസം പൂക്കളുണ്ടാകും. ആദ്യമുണ്ടാകുന്ന പൂക്കള്‍ ആണ്‍പൂക്കളായിരിക്കും. അവ കൊഴിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ജൈവവളമായ ബയോഗ്യാസ് സ്‌ളറി, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ പ്രധാന വളങ്ങൾ. കായീച്ചയാണ് പാവലിന്റെ ഏറ്റവും വലിയ ശത്രു.

പയര്‍

പയർ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം ജൂൺ–ജൂലൈ ആണ്. തടങ്ങളോ വാരങ്ങളോ എടുത്തു വേണം പയർ വിത്ത് നടാൻ.

കിഴങ്ങുകള്‍

കപ്പ, ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, മധുരക്കിഴങ്ങ് എന്നിവയും ഇപ്പോൾ നടാം. ചാലുകീറി അതിൽ ചവറുനിറച്ചു മൂടിയശേഷം കപ്പത്തണ്ട് മുറിച്ചുനടാം. തുറന്ന സ്ഥലങ്ങളിലും വാഴക്കുഴികളിലും കപ്പ നല്ലപോലെ വളരും. ചേനയും ചേമ്പും തെങ്ങിൻ തോട്ടത്തിലും ജാതിത്തോട്ടത്തിലും ഇടവിളയായി കൃഷി ചെയ്യാം. ചേനയുടെ ചുവട്ടിൽ ചീരയും കൃഷിചെയ്യാം. കശുമാവും മാവും ഉള്ള ജലസേചന സൗകര്യം കുറ‍ഞ്ഞ പറമ്പുകളിൽ കാച്ചിൽ നടാം. മുള വന്ന കൂർക്ക വിത്ത് ഇപ്പോൾ മണ്ണിൽ പാകിയാൽ കർക്കടകത്തിലെ കറുത്ത പക്ഷത്തിൽ തണ്ടു മുറിച്ചുനടാം. മണൽ കലർന്ന മണ്ണാണ് കൂർക്ക നടാൻ ഉത്തമം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം.

വെള്ളം കെട്ടി നിൽക്കാത്തതും സൂര്യ പ്രകാശം കിട്ടുന്നതുമായ സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കുക.

പച്ചക്കറി മണ്ണ് കിളച്ചു നടുന്നത് മഴക്കാലത്തിനു പറ്റിയതല്ല. മണ്ണിൽ തടം കോരി വേണം നാടാൻ.

മണ്ണൊലിപ്പ് തടയാന്‍ തടത്തിനുമുകളിലായി കരിയിലകൾ വാരിയിടണം.

നിലമൊരുക്കുമ്പോള്‍ത്തന്നെ കുമ്മായം ചേര്‍ത്തിളക്കുക.

തടത്തില്‍ അടിവളമായി ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ചേര്‍ക്കാം.

പച്ചചാണകം തടത്തില്‍ നേരിട്ടിടരുത്. ഉണക്കിപ്പൊടിച്ച ചാണകം ഇടുക.

രോഗപ്രതിരോധമെന്ന നിലയില്‍ സ്യൂഡോമോണസ് പ്രാരംഭത്തിലെ തന്നെ ഉപയോഗിക്കാം.

സ്യൂഡോമോണസ് വിത്തില്‍ പുരട്ടിയും ചെടികളില്‍ 10 ദിവസത്തിലൊരിക്കല്‍ രണ്ടുശതമാനം വീര്യത്തില്‍ തളിച്ചും ഉപയോഗിക്കാം.

Leave a Reply