പഴവർഗങ്ങളിൽ ഏറ്റവും കൂടുതൽ നാം ഉപയോഗിക്കുന്ന ഒന്നാണ് ചെറുപയർ. ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണിത്. ചെറുപയറാണ് ഇപ്പോൾ മൈക്രോ ഗ്രീൻസ് കൃഷിക്ക് കൂടുതൽ ഉപയോഗിക്കുന്നതും. കാർബോഹൈഡ്രേറ്റ്, ഫൈബർ, മഗ്നീഷ്യം,സിങ്ക്, അയൺ, മാംഗനീസ് പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ചെറുപയർ കഴിക്കുന്നത് നല്ലതാണ്. ചെറുപയർ പുഴുങ്ങി കഴിക്കുന്നത് നല്ലതാണ് അതുപോലെ മുളപ്പിച്ചു കഴിക്കുന്നതാണ് കൂടുതൽ നല്ലത്.
ദഹനം എളുപ്പമാക്കാനും കുടലിന്റെ ആരോഗ്യത്തിനും ചെറുപയർ നല്ലതാണ്. അതുപോലെ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ചെറുപയർ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കൊളസ്‌ട്രോൾ കുറയ്ക്കാനും ചെറുപയർ നല്ലതാണ്. മുളപ്പിച്ച പയർ കൊണ്ട് സാലഡും മറ്റും ഉണ്ടാക്കാം.
നമ്മുടെ വീടുകളിലൊക്കെ ഒരുപാട് ചെറുപയർ ഉണ്ടാകും.റേഷൻ കടയിൽ നിന്നും എല്ലാ മാസവും കിട്ടുന്ന കിറ്റിൽ ചെറുപയർ ഉണ്ടാകാറുണ്ട്. ചെറുപയർ കൊണ്ട് കുറെ വിഭാവങ്ങളൊക്കെ നാം ഉണ്ടാക്കി നോക്കാറുമുണ്ട്. ബാക്കി വരുന്ന ചെറുപയർ വെറുതെ കളയണ്ട.
ചീത്തയായ പയർ ആണെങ്കിലും ഉപയോഗിക്കാം. ഈ ചെറുപയർ പച്ചക്കറിചെടികൾക്ക് നല്ലൊരു വളം കൂടിയാണ്. ചെടികൾ നന്നായി തഴച്ചുവളരാൻ ചെറുപയർ സഹായിക്കും. കുറച്ച് ചെറുപയർ പൊടിച്ചു ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുക്കാം. അല്ലെങ്കിൽ പുളിച്ച കഞ്ഞിവെള്ളത്തിൽ ഒരു ഗ്ലാസ് ചെറുപയർ പൊടിച്ചത് ചേർത്ത് ഇളക്കി അതിലേക്ക് ഇരട്ടി വെള്ളം ഒഴിച്ച ശേഷം ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. ഇതിൽ തേയിലാചണ്ടിയോ മുട്ടത്തോടൊ വേണമെങ്കിലും ചേർക്കാം.ഏതുതരം പയർവർഗങ്ങളും ഇതിനായി ഉപയോഗിക്കാം.