തക്കാളി കൂടുതൽ കായ്ക്കാൻ ചെയ്യേണ്ട പൊടികൈകൾ

നമ്മുടെയൊക്കെ മിക്ക വീടുകളിലും തക്കാളി ചെടി ഉണ്ടാകുമല്ലോ . തക്കാളി നല്ല രീതിയിൽ പൂവും കായുമൊക്കെ ഇട്ടു വരുന്ന സമയത്ത് വാടിപ്പോകുന്നു, വലിയ കായ്കൾ ഉണ്ടാകുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . ഇതൊക്കെ എങ്ങനെ മാറ്റിയെടുക്കുമെന്ന് എല്ലാവർക്കും സംശയമാണ്. രണ്ടു പൊടികൾ ഉണ്ടെങ്കിൽ തക്കാളി അത്യാവശ്യം നല്ല ഭംഗിയായി വളർത്തിയെടുക്കാൻ സാധിക്കും. വലിയ കായ്കൾ ഉണ്ടാകാനും വാടി പോകാതിരിക്കാനും നിറയെ കായ്കൾ ഉണ്ടാകാനുമൊക്കെ സഹായിക്കുന്ന പൊടികളാണിത്. തക്കാളി പെട്ടെന്ന് വാടി പോകാൻ കാരണം മണ്ണിൽ നിന്നുണ്ടാകുന്ന പ്രശ്നമാണ് .

വെള്ളമൊഴിക്കുകയും വളം ഇടുകയും ഒക്കെ ചെയ്താലും വാടി പോകുന്ന അവസ്ഥ, അതാണ് ഇതിൻ്റെ പ്രശ്നം. അതിനു ചെയ്യാൻ കഴിയുന്ന കാര്യമെന്ന് പറയുന്നത് സീഡോമോണസ് ഒഴിച്ചു കൊടുക്കുക എന്നുള്ളതാണ്. സീഡോമോണസ് ഒരു പൗഡർ ആണ്. ഇത് ലിക്വിഡ് രൂപത്തിലും വള കടയിൽ നിന്നും വാങ്ങാൻ കഴിയും . ഒരു ലിറ്റർ വെള്ളത്തിന് 20 mg എന്ന രീതിയിൽ വേണം എടുക്കാൻ . അതായത് ഒരു ടീസ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ എടുത്ത് ചെടിച്ചട്ടിയിലെ മുഴുവൻ മണ്ണും കുതിരത്തക്ക വിധത്തിൽ ഒഴിച്ചു കൊടുക്കണം.

മാസത്തിലൊരിക്കലോ ,തക്കാളിയുടെ കാലയളവിൽ ഒന്നുരണ്ടുവട്ടമോ ഒഴിച്ചു കൊടുക്കാം . തൈ പാകി വയ്ക്കുന്ന സമയത്ത് തന്നെ ഇത് മണ്ണിൽ ഒഴിച്ച് കൊടുത്തിട്ടാണ് വയ്ക്കുന്നതെങ്കിൽ ആദ്യം മുതൽ തന്നെ ഈ ഒരു പ്രശ്നം ഉണ്ടാവുകയില്ല . രണ്ടാമത്തെ പ്രശ്നം തക്കാളി വലുതാകുന്നില്ല ,അതുപോലെ തക്കാളിയുടെ താഴ്വശത്ത് കറുത്ത പാട് വരുന്നു എന്നൊക്കെയുള്ളതാണ്. അതിന് ഉപയോഗിക്കുന്ന പൗഡർ കുമ്മായം ആണ് അല്ലെങ്കിൽ ഡോളോമൈറ്റ് അതുമല്ലെങ്കിൽ മുട്ടയുടെ തോട് പൊടിച്ചത് ഇവയെല്ലാം കൊടുക്കാവുന്നതാണ്.

ഇതാണ് തക്കാളി നന്നായി വലുതാകാനും മോശമാകാതെ നന്നായി കിട്ടുവാനുമൊക്കെ നല്ലത് . തക്കാളിക്ക് പുളിരസം കുറഞ്ഞ മണ്ണാണ് ഏറ്റവും നല്ലത് . കുമ്മായമിടുമ്പോൾ ശ്രദ്ധിക്കേണ്ടത് വളമിട്ടു കഴിഞ്ഞ് 15 ദിവസമെങ്കിലും കഴിഞ്ഞാൽ മാത്രമേ കുമ്മായം ഇട്ടു കൊടുക്കാൻ പാടുള്ളൂ. അതുപോലെ തന്നെ സീഡോമോണസ് ഒഴിച്ചു കഴിഞ് 15 ദിവസം കഴിഞ്ഞ് മാത്രമേ കുമ്മായം ഇട്ടു കൊടുക്കാൻ പാടുള്ളു . വളമിട്ടുടൻ കുമ്മായമിട്ടു കൊടുത്താൽ വളം ചെടികൾക്ക് അബ്സോർബ് ചെയ്യാൻ കഴിയാതെ വരും. ചെടിയുടെ തണ്ടിൽ പറ്റാത്തവിധം ചെറിയൊരു സ്പൂണിൽ ചുറ്റിനും കുമ്മായപ്പൊടി ഇട്ടു കൊടുത്താൽ മതിയാകും. ശേഷം ഉടനെ തന്നെ വെള്ളം ഒഴിച്ചു കൊടുക്കുകയും വേണം.

Leave a Reply