കേരള കാർഷിക സർവകലാശാല കുറഞ്ഞ അളവിൽ വിത്തുപയോഗിച്ച് ഇഞ്ചിക്കൃഷിയിൽ നേട്ടം കൊയ്യാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. വിത്തുത്പാദനത്തിന് ‘മൈക്രോ റൈസോം’ എന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചെടുത്തത്.ടിഷ്യു കൾച്ചറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.ഒരേക്കറിൽ ശരാശരി 20,000 കിലോഗ്രാം ഇഞ്ചി വിളവെടുക്കണമെങ്കിൽ 3750 കിലോഗ്രാം വിത്തുവേണ്ടിവരും.എന്നാൽ, മൈക്രോറൈസോം സാങ്കേതികവിദ്യയിൽ വികസിപ്പിച്ച വിത്താണെങ്കിൽ മൂന്നിലൊന്നുമതി.മൃദുചീയൽ, ബാക്ടീരിയൽ വാട്ടം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഇവയ്ക്കു കഴിയും.
മിഷൻ ഇൻ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഇൻ ഹോർട്ടികൾച്ചർ എന്ന .കേന്ദ്രപദ്ധതിയിൽ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലുള്ള സെന്റർ ഫോർ പ്ലാന്റ് ബയോടെക്നോളജി ആൻഡ് മോളികുലർ ബയോളജി നടത്തിയ ഗവേഷണമാണ് വിജയിച്ചത്.കാർഷിക സർവകലാശാല പുറത്തിറക്കിയ ആതിര, കാർത്തിക, അശ്വതി എന്നീ വിത്തുകളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതിനെത്തുടർന്ന് സാങ്കേതികവിദ്യ വ്യാപിപ്പിക്കാനുള്ള വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർവകലാശാല.സാധാരണ ടിഷ്യുകൾച്ചർ രീതിയിൽനിന്നു വ്യത്യസ്തമായി നടുന്ന വർഷംതന്നെ വിളവെടുക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. വർഷം മുഴുവൻ ഇഞ്ചിവിത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും ഇതിലൂടെ കഴിയും.