മഴക്കാലം കൃഷിക്കാലം കൂടിയാണ്. കടുത്ത വേനല്‍ മാറി മഴക്കാലം ആരംഭിക്കുന്നതോടെ പുതിയ കൃഷിയും ചെയ്യാനുള്ള ശ്രമത്തിലായിരിക്കും ഏവരും. കൃഷി ആരംഭിക്കുന്നോടെ തന്നെ രോഗ-കീടനിയന്ത്രണത്തിനുള്ള തയ്യാറെടുപ്പം ഒപ്പം വേണം. കൃഷിയിടത്തിലെ പ്രധാന ശത്രുക്കളാണ് കീടങ്ങള്‍. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവ് കൃഷിയിലുമെല്ലാം കീടങ്ങള്‍ പ്രശ്‌നക്കാരായി എത്തുന്നത് സ്ഥിരമാണ്. ജൈവ കീടനാശിനികള്‍ തളിച്ച് കീടങ്ങളെ നിയന്ത്രിക്കാമെങ്കിലും ഇതിലും ഫലപ്രദമാണ് മഞ്ഞക്കെണി. മഞ്ഞനിറം കണ്ടാല്‍ ചെറിയ പ്രാണികള്‍ക്ക് കണ്ണ് മഞ്ഞളിക്കും. ഇതില്‍ ആകൃഷ്ടരായി പറന്നെത്തി തൊടുമ്പോഴേക്കും മഞ്ഞച്ചായം പുരട്ടിയ പ്രതലത്തിലെ പശയില്‍ ഒട്ടിപ്പിടിക്കും. കീടനാശിനി തളിച്ചാലും നശിക്കാത്ത കീടങ്ങളെ നിഷ്പ്രയാസം മഞ്ഞക്കെണിയില്‍ വീഴ്ത്താം.
പച്ചക്കറിക്കും പൂന്തോട്ടത്തിലും
വെള്ളീച്ച, മുഞ്ഞ, തുള്ളന്‍, ഇലപ്പേന്‍, ഉള്ളി ഈച്ച, പഴ ഈച്ച, വെള്ളരി വണ്ട്, മത്തന്‍ വണ്ട്, ഇലച്ചാടി, പുല്‍ച്ചാടി, നിശാശലഭം, അരിച്ചെള്ള്, ഇലതുരപ്പന്‍, കാബേജ് ശലഭം കൊതുക്, കടന്നല്‍ തുടങ്ങി ഈ നിര നീളുന്നു. പച്ചക്കറിത്തോട്ടത്തില്‍ മാത്രമല്ല പൂന്തോട്ടത്തിലും ഇത് ഏറെ ഫലപ്രദമാണ്. പോളിഹൗസുകളിലും മഞ്ഞക്കെണിയിപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തെങ്ങിന്‍ തോപ്പിലും പഴത്തോട്ടങ്ങളിലും ഇത് ഉപയോഗിക്കുന്നവരുണ്ട്. ഇലകള്‍ പച്ചനിറമായി കാണുന്നതിനു പകരം ചെറുപ്രാണികള്‍ പലപ്പോഴും ഇലയുടെ പ്രതലത്തില്‍ നിന്നു പ്രതിഫലിക്കുന്ന തരംഗ ദൈര്‍ഘ്യം കൂടിയ മഞ്ഞയും നീലയും നിറങ്ങളാണ് കാണുക. അതുകൊണ്ടുതന്നെ മഞ്ഞക്കെണി കണ്ടാല്‍ പുതിയ പച്ചിലകളാണെന്നാണ് പ്രാണികള്‍ക്ക് തോന്നുക. ഇവ കൂട്ടത്തോടെ പറന്നെത്തി കെണിയില്‍ കുടുങ്ങും.
മഞ്ഞക്കെണികള്‍ പല വിധം
മഞ്ഞക്കെണികളുടെ പല വിധത്തിലുള്ള വകഭേദങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതിലൊന്നാണ് മഞ്ഞനിറമുള്ള വെള്ളക്കെണി. മുഞ്ഞകളാണില്‍ കൂടുതലും കുടുങ്ങുക. മഞ്ഞപ്പെയിന്റടിച്ച പാത്രത്തിലേക്ക് എത്തുന്ന മുഞ്ഞകള്‍ പാത്രത്തില്‍ പാതി നിറച്ചിരിക്കുന്ന വെള്ളത്തിലേക്ക് വീണ് മുങ്ങിച്ചാകും. മഞ്ഞനിറം പോലെ പ്രാണികളെ മഞ്ഞവെളിച്ചവും ഏറെ ആകര്‍ഷിക്കും. ഇതിനാല്‍ മഞ്ഞ ബള്‍ബോ, എല്‍ഇഡി ബള്‍ബോ ഉപയോഗിച്ചും കെണി തയാറാക്കുന്നു.
മഞ്ഞക്കെണികള്‍ തയാറാക്കാം
എളുപ്പത്തില്‍ തയാറാക്കാവുന്നവയാണ് മഞ്ഞക്കെണികള്‍. മഞ്ഞ പ്ലാസ്റ്റിക് ഷീറ്റിലോ തകിടില്‍ മഞ്ഞ ചായം പൂശിയോ ഉണ്ടാക്കിയ ഒരു പ്രതലത്തില്‍ അല്‍പ്പം ആവണക്ക് എണ്ണയോ, ഉപയോഗശൂന്യമായ എഞ്ചിന്‍ ഓയില്‍/ഗ്രീസ് തുടങ്ങിയവ പുരട്ടണം. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു പോലെ ഇതു കൃഷിയിടത്തില്‍ സ്ഥാപിക്കുക. ഒഴിഞ്ഞ ടിന്നുകളും ഇതിനായി ഉപയോഗിക്കാം. ടിന്നുകളുടെ പുറംഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്റ് പൂശുക. പെയിന്റ് ഉണങ്ങിയശേഷം അതില്‍ ആവണക്കെണ്ണ പുരട്ടണം. ഇപ്രകാരം തയാറാക്കിയ കെണികള്‍ തോട്ടത്തില്‍ കമ്പുകള്‍ നാട്ടി അതിന്‍മേല്‍ കമിഴ്ത്തി വയ്ക്കാം.