ത്വക് രോഗങ്ങള്‍ക്കുള്ള കണ്‍കണ്ട ഔഷധമാണ് കൊടുവേലി. തൊലിപ്പുറമേയുള്ള രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന കൂട്ടാണിത്. ചുവപ്പ്, നീല, വെള്ള എന്നിങ്ങനെയാണ് കൊടുവേലികള്. കൂടുതല്‍ പ്രാധാന്യം അധികം ഉയരത്തില്‍ വളരാത്ത ചുവപ്പുനിറമുള്ള പൂക്കളുണ്ടാകുന്നചെത്തിക്കൊടുവേലിക്കാണ്.
നിലമൊരുക്കാം
സാധാരണയായി മഴക്കാലത്തിന്‍റെ ആരംഭത്തിലാണ് കൊടുവേലിക്കൃഷി തുടങ്ങുന്നത്. കാലവര്‍ഷത്തിന്‍റെ തുടക്കത്തോടുകൂടി കൃഷി ചെയ്യേണ്ട സ്ഥലം നന്നായി കിളച്ചൊരുക്കി അതില്‍ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ സെന്‍റിന് 50 കിലോഗ്രാം എന്ന തോതില്‍ അടിവളമായി ചേര്‍ക്കുക. നന്നായി കിളച്ചു തയ്യാറാക്കിയ സ്ഥലം 20 സെന്‍റീമീറ്റര്‍ ഉയരത്തിലും 60 സെന്‍റീമീറ്റര്‍വീതിയിലുമുള്ള തവാരണകളാക്കി മാറ്റുക. കൊടുവേലിയുടെ വേര് എളുപ്പത്തില്‍ ഇളക്കിയെടുക്കുന്നതിനാണ് തവാരണകളാക്കുന്നത്. തവാരണകളില്‍ അരമീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് തൈകള്‍ നടാം. തൈകള്‍ നട്ടതിനുശേഷം ഓരോ തൈയ്ക്കും 50ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, 200ഗ്രാം ചാണകപ്പൊടി, 100 ഗ്രാം എല്ലു പൊടിഎന്നിവ ചുറ്റും ഇട്ടുകൊടുത്ത് കുഴി മൂടാം. പിന്നിട് മൂന്നുമാസം ഇടവിട്ട് വളപ്രയോഗം നടത്താം.
തൈകള്‍
ചെറിയ പ്ലാസ്റ്റിക് കൂടകളില്‍ പോട്ടിങ് മിശ്രിതം നിറച്ച് ഏഴു സെന്‍റിമീറ്റര്‍ നീളത്തിലുള്ള കമ്പുകള്‍ മുറിച്ചുനട്ട് വേരു പിടിപ്പിച്ചാണ് തൈകള്‍ തയ്യാറാക്കുന്നത്. തവാരണകളില്‍ കുഴിയെടുത്ത് തണ്ട് മുറിച്ച് നേരിട്ട് വളര്‍ത്തിയെടുത്തും കൃഷിചെയ്യാം. എന്നാല്‍ വേരുപിടിപ്പിച്ച് നടുന്നതിനെക്കാളും കാലതാമസത്തിലേ കമ്പുമുറിച്ച് നേരിട്ടുനടുന്ന കൃഷിരീതിയില്‍ വിളവെടുക്കാനാവൂ എന്നതിനാല്‍ കൃഷിക്കാര്‍ തൈകള്‍ തയ്യാറാക്കി കൃഷിചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഒരേക്കറില്‍ നടാന്‍ ഏകദേശം പതിനായിരത്തിനടുത്ത് ചെടികള്‍ വേണ്ടിവരും.ചെടിയുടെ വേരുപിടിപ്പിച്ച തൈകള്‍ ആയുര്‍വേദ നഴ്സറിക്കാരില്‍ നിന്ന് ലഭിക്കും.
ഇടവിളയാക്കാം
കെടുവേലി തെങ്ങിന്‍തോപ്പുകളിലും റബ്ബര്‍ തോട്ടങ്ങളിലും ഇടവിളയാക്കി നടാവുന്നതാണ്.വേരുപിടിപ്പിച്ച കൊടുവേലി തൈകള്‍ ഓരോ ചെടിക്കും രണ്ടുമീറ്റര്‍ അകലം നല്‍കണം. വാരം ഉയര്‍ത്തിയെടുത്താണ് ചെടികള്‍ എവിടെയാണെങ്കിലും നടേണ്ടത്.
പരിപാലനം
ജൈവകൃഷിരീതിയില്‍ ചട്ടികളില്‍നടുന്ന കൊടുവേലി പരിപാലിക്കാന്‍ മൂന്നുമാസത്തിലൊരിക്കല്‍ ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കണം. ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, വെര്‍മിവാഷ്നേര്‍പ്പിച്ചത്, ഗോമൂത്രം നേര്‍പ്പിച്ചത് എന്നിവ മിതമായ തോതില്‍ഒഴിച്ചുകൊടുക്കാം. ഒരു കുഴിക്ക് ഒരു മാസം 20 ഗ്രാം വേപ്പിന്‍പിണ്ണാക്ക്പൊടിച്ചത്, കടലപ്പിണ്ണാക്ക് കുതിര്‍ത്ത് കലക്കി നേര്‍പ്പിച്ച വെള്ളം എന്നിവയൊഴിച്ചുകൊടുക്കാം. ഇത് ചെടികള്‍ക്ക് വേണ്ടത്ര നൈട്രജന്‍ കിട്ടുന്നതിന് സഹായിക്കും. നീരൂറ്റിക്കുടിക്കുന്ന ചെറിയതരം പ്രാണികളാണ്ഇലകളെ മുരടിപ്പിക്കുന്നത്. വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിച്ചാല്‍ അവയെഅകറ്റാം.
വിളവെടുക്കാം
ചെടികള്‍ വളര്‍ന്നുവരുമ്പോള്‍ ചുവട്ടില്‍ മുളച്ചുവരുന്ന കളകള്‍ വര്‍ഷത്തില്‍ നാലുതവണയെങ്കിലും പറിച്ചുമാറ്റണം. വേരുപിടിപ്പിച്ചു നട്ട തൈകള്‍ ഒരുവര്‍ഷത്തിനകവും തണ്ട് നട്ട തൈകള്‍ ഒന്നരവര്‍ഷത്തിനകവും വിളവെടുക്കാം.വിളവെടുക്കുമ്പോള്‍ കൈയില്‍ പ്ലാസ്റ്റിക് കവറോ കൈയുറയോ ധരിക്കണം. വേരുകള്‍ശ്രദ്ധയോടെ കിളച്ചെടുത്ത് വേരില്‍നിന്ന് നാലു സെ.മീ. മുകളില്‍ വെച്ച്‌തണ്ടുകള്‍ മുറിച്ചെടുക്കണം.
സംസ്‌കരിക്കണം
വേരിന്പൊള്ളിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് വേര് പറിച്ചെടുക്കുമ്പോള്‍ കൈയുറധരിക്കണമെന്നുപറയുന്നത്. വേരില്‍ അടങ്ങിയിരിക്കുന്ന പ്ലംബാജിന്‍ എന്ന വസ്തുവാണ് ഔഷധവീര്യത്തിനുകാരണം. അല്പം ചുണ്ണാമ്പു കലക്കിയ വെള്ളത്തില്‍ അരമണിക്കൂര്‍ ഇട്ടുവെച്ചതിന് ശേഷം കഴുകിയെടുത്താണ് കൊടുവേലിയുടെ വേര് സംസ്‌കരിക്കുന്നത്. കിലോയ്ക്ക് നൂറുരൂപയിലധികം വിലയുണ്ട് വിപണിയില്‍.
ത്വക്രോഗത്തിനും വൃണത്തിനും രക്തദോഷത്തിനും നാസാരോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഉത്പാദിപ്പിക്കാനും ത്വക്രോഗങ്ങള്‍ക്കുള്ള സോപ്പ് നിര്‍മാണത്തിനുമാണ് ചെത്തിക്കൊടുവേലി ഉപയോഗിക്കുന്നത്.