കൃഷിരീതി സാധാരണയായി രണ്ടുസമയങ്ങളിലാണ് കേരളത്തിൽ കുമ്പളം കൃഷിചെയ്തുവരുന്നത് . നനവിളയായി ജനുവരി – മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ – ഡിസംബർ കാലങ്ങളിലും ഒരുസെന്റിന് 16 – 20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു . സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ . ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ് . ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം . മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം . ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ ആവശ്യമാണ് . ഇമേൽമണ്ണുമായി കലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക് പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക . വിത്തുകൾ കെ . എ . യു . ലോക്കൽ , ഇന്ദു , എന്നിവയാണ് മികച്ച കുമ്പളം ഇനങ്ങൾ . ഹെക്ടറിന് 25 – 30 ടൺ വിളവുകിട്ടുന്ന , മൂപ്പെത്തിയ കായകൾക്ക് കുറഞ്ഞത് 10 കിലോ വലിപ്പം വെക്കുന്ന കോ – 1 മികച്ച കുമ്പളമാണ് . 140 – 150 ദിവസമാണ് ഇതിന്റെ മൂപ്പ് . കോ – 2 എന്നതിന് 2 – 3 കിലോഗ്രാം തൂക്കമേ വെക്കൂ . 120 – 130 ദിവസത്തെ മൂപ്പേ ഇതിനുള്ളൂ . ഹെക്ടറിന് 35 ടൺ വിളവുകിട്ടും അതിനാൽത്തന്നെ അധികം വാണിജ്യകർഷകരും തിരഞ്ഞെടുക്കുന്ന ഇനമാണിത് . നീളംകൂടിയ സാമാന്യം വലിപ്പമുള്ള എ . പി . എ . യു . – ശക്തി എന്നയിനം . 140 – 150 ദിവസമാണ് ഇതിന്റെ മൂപ്പ് . ഹെക്ടറിന് 30 – 35 ടൺ വിളവുകിട്ടും . നീളം കുറഞ്ഞ മുട്ടിന് മുട്ടിന് കായ്പിടിക്കുന്ന സുനാമിയെന്ന് അപരനാമമുള്ളയിനമാണ് വിപണിക്ക് നല്ലത് . സി . ഒ . – 1 എന്നയിനവും പ്രചാരത്തിലുണ്ട് . ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ പാകി മുളപ്പിച്ചതിനുശേഷം മൂന്നില പരുവമായാൽ ഒരുതടത്തിൽ നല്ലകരുത്തുള്ള മൂന്നെണ്ണം മാത്രം നിർത്തി ബാക്കിപിഴുതുകളയണം . തീരെ മുളയ്ക്കാത്ത തടത്തിലേക്ക് ഇത് മാറ്റിനട്ടാലും മതി .
മഴക്കാലത്ത് പന്തൽ
പന്തലിന്റെ ആവശ്യം കുമ്പളം കൃഷിയിൽ ഇല്ല . മഴക്കാലത്ത് പുരയിടകൃടിയിൽ പന്തലൊരുാം . എന്നാൽ പന്തലിന് നല്ല ഉറപ്പില്ലെങ്കിൽ കുമ്പളം മൊത്തം കായ്ക്കാൻ തുടങ്ങുമ്പോൾ ഭാരം കൂടി പന്തൽ ഒടിഞ്ഞുവീണ് കൃഷിമൊത്തം നശിച്ചുപോവും . മുള , കവുങ്ങ് . എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കാറ് . ചെടിവളർന്നു പടരാൻതുടരുന്ന സമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത് . മേൽവളമായി ചാണകപ്പൊടിയോ കംപോസ്റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായി നനച്ചുകൊടുക്കണം . പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ് . കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം . പന്തലിൽ വളർത്തുമ്പോൾ പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം എന്നാൽ മാത്രമേ നിറച്ചും കായപിടുത്തമുണ്ടാവൂ .
ഔഷധഗുണങ്ങൾ
ഔഷധഗുണങ്ങൾ ശീതവീര്യമുള്ള ഇത് ശരീരകലകളെതണുപ്പിക്കാൻ കാരണമാകുന്നു . ഇളവനെന്ന ഇളം കുമ്പളം ആയുർവേദത്തിൽ വിരശല്യത്തിന്റെയും പ്രമേഹത്തിന്റെയും പ്രധാന മരുന്നാണ് . പിത്താശയസംബന്ധിയായ അസുഖങ്ങൾക്കും മൂത്രാശയസംബന്ധമായ അസുഖങ്ങൾക്കും ഔഷധമാണ് . കാൽസ്യം , ചെമ്പ് , സൾഫർ , പൊട്ടാസ്യം , ഫേസ്ഫറസ് , ഇരുമ്പ് , മഗ്നീഷ്യം , എന്നീ മൂലകങ്ങൾ കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു . കൂടാതെ വാറ്റാമിൻ എ . , തയാമിൻ , റൈബോഫ്ളാവിൻ , വിറ്റാമിൻ സി , അന്നജം , കൊഴുപ്പ് എന്നിവയുമുണ്ട് . നികോട്ടിനിക് അമ്ലം , ഓക്സാലിക് അമ്ലം എന്നിവയും കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു . പോഷകഗുണത്തിലും ഔഷധഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഈപച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക് . വീട്ടിൽ വളർത്താം .
കുമ്പളം രോഗങ്ങളും കീടങ്ങളും
രോഗങ്ങളും കീടങ്ങളും മറ്റ് സാധാരണ വെള്ളരിവർഗ വിളകൾക്കു വരുന്ന കീടങ്ങൾ തന്നെയാണ് കുമ്പളത്തിനെയും ബാധിച്ചുകാണാറ് . കായീച്ച , എപ്പിലാക്സ് വണ്ട് , ഏഫിഡുകൾ , വെള്ളീച്ച , കായ്തുരപ്പൻപുഴു എന്നിവയാണ് കുമ്പളത്തെ ബാധിക്കുന്ന പ്രധാന കീടങ്ങൾ . വേരുചീയൽ രോഗം , മൊസൈക്ക് രോഗം , പൂപ്പൽ രോഗം , ഇലപ്പുള്ളി രോഗം എന്നിവയാണ് പ്രധാനരോഗങ്ങൾ . കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ പോളിത്തീൻ കവറുകൊണ്ടോ കടലാസുകൊണ്ട് കുമ്പിൾ കുത്തിയോ അവയെ സംരക്ഷിച്ചാൽ ഇലതീനിപ്പുഴു , കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് അവയെ സംരക്ഷിക്കാം . വെള്ളീച്ചകളെയും മറ്റ് ശലഭപ്പുഴുക്കളെയും പ്രതിരോധിക്കാൻ നമുക്ക് മഞ്ഞക്കെണി , പഴക്കെണി , തുളസിക്കെണിയെന്നിവയും വേപ്പെണ്ണ എമൽഷൻ , വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം . ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം . എപ്പിലാക്സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം .മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമൽഷൻ , പെരുവലം സത്ത് , വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം .
മൊസൈക്ക് രോഗം മൊസൈക്ക് രോഗമാണ് കുമ്പളത്തെ ബാധിക്കുന്ന പ്രധാനരോഗം ഇത് പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ . ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം . രോഗം ബാധിച്ച ചെടികളെ നശിപ്പിക്കുക , രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക , ആരോഗ്യമുള്ള ചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത് . വേപ്പധിഷ്ഠിത കീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ് .
ഇലപ്പുള്ളിരോഗം ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു . രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗങ്ങൾ.