മണ്ണിനോട് ചേര്‍ന്നുള്ള മൂടുള്ള ഭാഗത്ത് അഴുകല്‍ കണ്ടുവരുന്നതാണ് കുമിള്‍ രോഗ ലക്ഷണം. ഡിസംബറിലെ രാത്രി മഞ്ഞും പകല്‍ ചൂടും കാരണം കാര്‍ഷികവിളകളില്‍ പലതരത്തിലുള്ള കുമിള്‍രോഗങ്ങള്‍ ഉണ്ടാകാം. ഈ കാലാവസ്ഥയില്‍ അവിച്ചില്‍, അഴുകല്‍ എന്നീ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നെല്ലിനുണ്ടാകുന്ന അവിച്ചില്‍, പച്ചക്കറി വിളകളായ ചീര, പയര്‍, നടുനന വിളകളായ ചേമ്പ്, ചേന, കാച്ചില്‍, ഉദ്യാനച്ചെടികളായ ആന്തൂറിയം, ഓര്‍ക്കിഡ് എന്നിവയെ ബാധിക്കുന്ന കടചീയല്‍ അഥവാ മൂടുചീയല്‍ രോഗം ഇതിനുദാഹരണം. റൈസ്‌ക്ടോണിയ എന്ന കുമിളാണ് രോഗകാരി. മണ്ണിനോട് ചേര്‍ന്നുള്ള മൂടുഭാഗത്ത് അഴുകല്‍ കണ്ടുവരുന്നത് രോഗലക്ഷണം. ഈ ഭാഗത്ത് വെളുത്ത നിറത്തില്‍ പഞ്ഞിപോലെ കുമിളിന്റെ തന്തുക്കള്‍ പ്രത്യക്ഷപ്പെടും.
ചിലപ്പോള്‍ വല പോലെയാകാം. ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ ഈ തന്തുക്കളില്‍ കടുകുമണിപോലെ ഗോതമ്പുനിറത്തില്‍ കുമിളിന്റെ വിത്തുകള്‍. ഇവ വളരെ വേഗത്തില്‍ രോഗം അടുത്ത ചെടികളിലേക്ക് പടര്‍ത്തും. മാത്രമല്ല ഇവയ്ക്ക് മണ്ണില്‍ വളരെക്കാലം സുഷുപ്തിയില്‍ വസിക്കാന്‍ കഴിയും. അനുകൂല സാഹചര്യം വരുമ്പോള്‍ ഇവ വീണ്ടും രോഗം പടര്‍ത്തും. രോഗബാധയേറ്റ വിളകള്‍ വേരോടെ പിഴുത് തീയിട്ട് നശിപ്പിക്കണം. മണ്ണില്‍/തടത്തില്‍ കോണ്‍ടാഫ് കുമിള്‍ നാശിനി മൂന്ന് മില്ലി, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം. തടത്തിലെ മണ്ണിളക്കിയിട്ട് വേണം കുമിള്‍നാശിനി തളിക്കാന്‍. തുടക്കത്തില്‍ തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് വിതറാം. ഇത്തരം കാലാവസ്ഥയില്‍ വിത്തു നടണമെങ്കില്‍ തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക്
വിതറിയശേഷം വിത്തിടാം. 10-20 ഗ്രാം പിണ്ണാക്ക് വിതറണം. കൂടാതെ മിത്രകുമിളായ ട്രൈക്കോഡര്‍മയും വിതറാം. ഇവ വിതറുമ്പോള്‍ ചാണകപ്പൊടിയും ഇടണം. മുന്‍കാലങ്ങളില്‍ മണ്ണില്‍ പ്‌ളാസ്റ്റിക് ഷീറ്റ് പുതച്ച് മണ്ണിന്റെ താപനില ഉയര്‍ത്തി അണുവിമുക്തമാക്കുമായിരുന്നു. എന്നാല്‍, പ്‌ളാസ്റ്റിക് നിരോധനം മൂലം ഈ രീതി പ്രായോഗികമല്ല. നല്ല ചൂടുള്ള കാലാവസ്ഥയില്‍ മണ്ണിളക്കി സൂര്യതാപം ഏല്പിച്ച് അണുവിമുക്തമാക്കാം.