ജൈവകീടനാശിനിയായ വഡേലിയയെക്കുറിച്ചറിയാം

പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ ഉപയോഗിക്കാം.

കടുംനിറത്തില്‍ മാറ്റ്’ഫിനിഷിലുള്ള ഇലകളും നിലത്തോട് പറ്റിച്ചേര്‍ന്നു വളരുന്ന സ്വഭാവമുള്ള വഡേലിയയുടെ മുഖ്യ ആകര്‍ഷണം മഞ്ഞനിറത്തിലുള്ള നക്ഷത്രപ്പൂക്കള്‍തന്നെ.നോക്കിനില്‍ക്കെയാണ് സുന്ദരി വളര്‍ന്നുനിറഞ്ഞത്. ഇന്ന് ഈര്‍പ്പമുള്ളിടത്തെല്ലാം വഡേലിയ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു.

സിംഗപ്പുര്‍ ഡേയ്‌സിയെന്നും നക്ഷത്രപ്പൂച്ചെടിയെന്നും പേരുള്ള വഡേലിയ ട്രൈലോബാറ്റയില്‍ കീടങ്ങളും രോഗങ്ങളും അടുക്കാറില്ല. ഈ ഒരു പ്രത്യേകത ഉപയോഗപ്പെടുത്തുകയാണെങ്കില്‍ പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ മാറ്റാം. വഡേലിയ വളമാക്കുന്നതിനായി രണ്ടടിതാഴ്ചയുള്ള കുഴിയെടുത്ത് ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ രണ്ടിഞ്ച്കനത്തില്‍ ചേര്‍ക്കുക. പുളിപ്പിച്ച കഞ്ഞിവെള്ളമോ പച്ചച്ചാണകമോ നേര്‍പ്പിച്ച് തളിച്ചുകൊടുക്കണം. ഇതിനു മുകളിലായി വഡേലിയ ഒരടി കനത്തില്‍ നിരത്താം. ഈര്‍പ്പം നിലനിര്‍ത്താനായി മേല്‍പ്പറഞ്ഞ ലായനി തളിക്കണം. ഈപ്രക്രിയ കുഴിയുടെ മുകളില്‍ അരയടി ഉയരം വരെ ആവര്‍ത്തിക്കാം. ഈ കൂന കളിമണ്ണുംചാണകവും കൂട്ടിയ മിശ്രിതം ഉപയോഗിച്ച് മൂടണം. ഈര്‍പ്പം നിലനിര്‍ത്താനായി മൂന്നുദിവസത്തിലൊരിക്കല്‍ വെള്ളം തളിക്കണം.

ഒരുമാസത്തിനകം വഡേലിയ ഒന്നാന്തരം കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും. പച്ചച്ചാണകത്തിനുപകരം ഇ എം ലായിനി ഉപയോഗിക്കുകയാണെങ്കില്‍ കമ്പോസ്റ്റിങ്പ്രക്രിയ വേഗത്തിലാക്കാം. ഇതിനായി ഒരുലിറ്റര്‍ വെള്ളത്തില്‍ 300 മില്ലി ശര്‍ക്കരലായനിയും അരലിറ്റര്‍ ആക്ടിവേറ്റഡ് ഇ എമ്മുമാണ് ചേര്‍ക്കേണ്ടത്. ഇങ്ങനെ തയ്യാറാക്കുന്ന ലായനി ഇടയ്ക്കിടയ്ക്ക് കമ്പോസ്റ്റില്‍ തളിക്കുന്നത് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. ഇ എമ്മിലുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയ വഡേലിയയിലെ സെല്ലുലോസിനെപ്പോലും വേഗം വിഘടിപ്പിക്കുമ്പോള്‍ ആസ്പര്‍ജില്ലസും പെനിസിലിയവും വഡേലിയയിലെ ജൈവവസ്തുക്കളുടെ വിഘടനത്തിന് പ്രാധാന്യം നല്‍കുന്നു. ടര്‍പീനും, ആല്‍ഫാപൈനീനും ധാരാളമായി അടങ്ങിയ വഡേലിയയില്‍ കീടങ്ങള്‍ക്ക് ജീവിക്കാനോ ആഹരിക്കാനോ മുട്ടയിടാനോ പറ്റാറില്ല. കീടങ്ങള്‍ അടുക്കാത്ത വഡേലിയയെ അതുകൊണ്ടു തന്നെ ഒന്നാന്തരം ജൈവകീടനാശിനിയാക്കാം.

ഒരു ബക്കറ്റില്‍ ഒരുകിലോ പച്ചച്ചാണകവും 20 ഗ്രാം ശര്‍ക്കരയും ഒരു നുള്ള്യീസ്റ്റും 20 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് കലക്കിയെടുക്കുക. ഈ മിശ്രിതത്തില്‍ ഒരുകിലോഗ്രാം വഡേലിയ ചണച്ചാക്കില്‍ നിറച്ച് മുക്കി തണലത്തു വക്കാം. ദിവസവും രണ്ടുനേരം നന്നായി ഇളക്കണം. മൂന്നാഴ്ച കഴിയുമ്പോള്‍ ചാക്ക് നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് നേര്‍പ്പിച്ച് പച്ചക്കറികളില്‍ തളിക്കുകയും തടത്തില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യണം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ പച്ചക്കറിക്ക് നല്ല വളര്‍ച്ച കിട്ടും.പച്ചക്കറി ക്കൃഷിയിലെ പെട്ടെന്നുള്ള കീടനിയന്ത്രണത്തിനായി വഡേലിയ വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം ഒരു നുള്ള് മഞ്ഞള്‍പ്പൊടിയുംചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കണം. എളുപ്പം അഴുകുന്ന സ്വഭാവമുള്ളതിനാല്‍ മണ്ണിരകമ്പോസ്റ്റിലെ താരമാകാനും വഡേലിയക്ക് കഴിയും.

Leave a Reply