നല്ല മഴ ലഭിക്കുന്നതിനാല്‍ പറമ്പില്‍ പച്ചിലകള്‍ ധാരാളം വളര്‍ന്നു നില്‍ക്കുന്നുണ്ടാകും. ഇവയില്‍ ചീമക്കൊന്നയില ഉപയോഗിച്ച് മികച്ചൊരു ജൈവവളം തയാറാക്കാം. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് അവയെ സംരക്ഷിക്കുകയും ചെയ്യും ചീമക്കൊന്ന ഉപയോഗിച്ചുള്ള ജൈവളം. രാസവസ്തുക്കള്‍ ഒട്ടും കലരാത്തതിനാല്‍ നമ്മുടെ ആരോഗ്യത്തിനും ഇവ ഒരു കുഴപ്പവും സൃഷ്ടിക്കില്ല. ചീമക്കൊന്ന ഇലയും ചാണകവും ചേര്‍ത്ത് നിര്‍മിക്കുന്ന കമ്പോസ്റ്റ് മികച്ച ജൈവവളമാണ്. ഇതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. നല്ല മഴ ലഭിക്കുന്നതിനാല്‍ പച്ചിലകള്‍ എളുപ്പത്തില്‍ അലിയുകയും ചെയ്തോളും.
ഒരു വലിയ ബാരല്‍ ഇതിനായി കണ്ടെത്തണം
1. 5 കിലോഗ്രാം പച്ച ചാണകം, നാടന്‍ പശുവിന്റെത് വളരെ ഉത്തമം.
2. 2 കിലോഗ്രാം ചീമക്കൊന്ന ഇല.
3. 1 കിലോഗ്രാം ശര്‍ക്കര.
4. 1 കിലോഗ്രാം കടലപ്പിണ്ണാക്ക്.
ഇവയെല്ലാം കൂടി ബാരലില്‍ ഇട്ട് അടച്ച് വെക്കണം. രണ്ട് ദിവസം കഴിഞ്ഞ് നന്നായി ഇളക്കി കൊടുക്കണം. ഒരാഴ്ച്ചകൊണ്ട് പുളിച്ച് നല്ല ജൈവ കുഴമ്പായി മാറും. ഇതില്‍ അഞ്ച് ഇരട്ടി വെള്ളം ചേര്‍ത്ത് പച്ചക്കറി തടത്തില്‍ ഒഴിച്ചു കൊടുക്കാം. 15 ദിവസം കൂടുമ്പോള്‍ ഇത്തരത്തില്‍ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. പച്ചക്കറികള്‍ ആരോഗ്യത്തോടെ വളരുകയും മികച്ച വിളവ് ലഭിക്കുകയും ചെയ്യും. കീടങ്ങളെ അകറ്റാനും കമ്പോസ്റ്റ് ഉപകരിക്കും.