പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ വിളകള്‍ ഇലകള്‍ മഞ്ഞളിച്ച് മുരടിച്ചു നില്‍ക്കുന്നുണ്ടോ…? കീടങ്ങളുടെ ആക്രമണം കാരണവും വേണ്ട രീതിയില്‍ വളങ്ങള്‍ ലഭിക്കാത്തതുമാകാം ഇതിനു കാരണം. മഞ്ഞള്‍പ്പൊടി ഉപയോഗിച്ചുള്ള ജൈവകീടനാശിനി ഉപയോഗിച്ച് ഈ പ്രശ്‌നത്തിനു പരിഹാരം കാണാം. കീടനാശിനിയായും വളര്‍ച്ചാ ഉത്തേജകമായും ഈ ലായനി ഒരേ സമയം പ്രവര്‍ത്തിക്കും.
കാല്‍ ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, കറുവപ്പട്ട പൊടി, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവയും കുറച്ചുവെള്ളവുമാണ് ഈ ലായനി തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം ഏകദേശം തിളിച്ചു വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, കറുവപ്പട്ടപ്പൊടി എന്നിവയും വെളുത്തുള്ളി അല്ലികള്‍ ചതച്ചും ഇതിലേക്കിടുക. തുടര്‍ന്ന് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം തണുക്കായി മാറ്റി വയ്ക്കുക. ലായനി നന്നായി തണുത്താല്‍ ഒരു ലിറ്റര്‍ വെള്ളം ഇതിലേക്ക് ചേര്‍ത്ത് നേര്‍പ്പിക്കുക. തുടര്‍ന്ന് ചെടികളില്‍ സ്േ്രപ ചെയ്യാം.
ഉറുമ്പുകള്‍, പാറി വരുന്ന പ്രാണികള്‍ എന്നിവയ്‌ക്കെതിരേ ഈ ലായനി നല്ല ഫലം ചെയ്യും. ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ക്കെതിരേ നല്ലതാണെന്ന് അനുഭവസ്ഥരായ കര്‍ഷകര്‍ പറയുന്നു. സ്ഥിരമായി പ്രയോഗിച്ചാല്‍ ഇലകള്‍ നല്ല പച്ചപ്പോടെ ഇരിക്കുകയും എളുപ്പത്തില്‍ ചെടികള്‍ പൂക്കുകയും ചെയ്യും. റോസ്, ആന്തൂറിയം, ഓര്‍ക്കിഡ് പോലുള്ള പൂച്ചെടികള്‍ക്കും ഏറെ നല്ലതാണ്. ഇന്‍ഡോര്‍ പ്ലാന്റുകളുടെ ഇലകള്‍ ഫ്രഷായി ഇരിക്കാന്‍ ഈ ലായനി തെളിക്കാം.