പകല്‍ സമയത്ത് നല്ല ചൂടാണിപ്പോള്‍ കേരളത്തില്‍, വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്‍ ഫ്രൂട്ട്, കുരുമുളക് തുടങ്ങിയ വിളകളിലെല്ലാം ഈ സമയത്ത് കീടശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പരാതി പറയുന്നുണ്ട്. ഇവയെ തുരത്താനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.
ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച, മത്തന്‍ വണ്ട് എന്നിവയാണു പ്രധാന പ്രശ്‌നക്കാര്‍. തളിര് ഇലകളും പൂവും കായ്കളുമെല്ലാം ഇവ നശിപ്പിക്കും. പതിയെ പതിയെ ചെടിയും മുരടിച്ചു നശിക്കും. മനസ് മടുത്ത് കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വരും.
പരിഹരിക്കാം
1. പയറില്‍ ഇലപ്പേന്‍, മൂഞ്ഞ, വെള്ളീച്ച എന്നീ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ഉപദ്രവം കൂടാനിടയുള്ളതിനാല്‍ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ഇലയുടെ മുകളിലും അടിയിലും വീഴത്തക്കവണ്ണം രണ്ടാഴ്ച ഇടവിട്ട് തളിച്ചു കൊടുക്കുക.
2. കുരുമുളകില്‍ ഫൈറ്റോഫ്‌തോറ ആക്രമണം തടയുന്നതിനായി ബോഡോ മിക്‌സ്്ച്ചര്‍ ഒരു ശതമാനം തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
3.മത്തനില്‍ പിഞ്ചു കായ്കള്‍ കൊഴിയുന്നതിനെതിരെ സമ്പൂര്‍ണ്ണ, 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
4. തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കാന്‍ ഫിറോമോണ്‍ കെണികള്‍ സ്ഥാപിക്കുക.
5. മുളകില്‍ വെള്ളീച്ചയുടെ ആക്രമണം തടയാന്‍ 2% വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കുക.