ഒന്നര രണ്ട് മാസമാകുമ്പോള്‍, ഏകദേശം ആറടി പൊക്കമാകും. മുകള്‍ ഭാഗത്ത് പൂങ്കുലകള്‍ വിടരാന്‍ തുടങ്ങും. തുടര്‍ന്ന് ചെടിയുടെ തണ്ടില്‍ നിന്നും കായ്കള്‍ വരാന്‍ തുടങ്ങും.
ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം. കാലങ്ങളായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു വിളയായിരുന്നു ചോളം. എന്നാല്‍ ഇപ്പോള്‍ തികച്ചും ലാഭകരമായി ചോളം നമുക്കും കൃഷി ചെയ്യാവുന്നതാണ്. അതും ജൈവ രീതിയില്‍. പ്രമേഹ രോഗികള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ചോളം വളരെ ഗുണകരമാണ്.
പുതു മഴ ലഭിക്കുന്നതോടെയാണ് ചോള കൃഷിക്ക് ഏറെ അനുയോജ്യ സമയം. മണ്ണിളക്കി കുമ്മായം ചേര്‍ത്ത് നന്നായി നനച്ച് കൊടുക്കുക. സ്ഥലത്തിനനുസരിച്ച്, ഒരു മീറ്റര്‍ വീതിയും, 20 മീറ്റര്‍ നീളവുമുള്ള തടങ്ങള്‍ ഉണ്ടാക്കുക. തടത്തില്‍ 50 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിന്‍ പിണ്ണാക്ക്, 20 കിലോ എല്ലുപൊടി എന്നിവയും ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കുക. നല്ലവണ്ണം വെള്ളം ഒഴിച്ചു കൊടുക്കുക. നാലു ദിവസത്തിനു ശേഷം മുളപ്പിച്ച ചെടികള്‍ തടങ്ങളിലേക്ക് പറിച്ചു നടാവുന്നതാണ്. ട്രേകളില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവ 1:1 എന്ന അനുപാതത്തില്‍ നിറച്ച് വിത്തുകള്‍ നടണം. ഒരാഴ്ച പ്രായമായ തൈകള്‍ വേണം പറിച്ചു നടാന്‍. ഒരു തടത്തില്‍ നാലു നിരയായി ചെടികള്‍ നടാവുന്നതാണ്. ചെടികള്‍ തമ്മില്‍ 30 സെ.മീ. അകലം ഉണ്ടായിരിക്കണം. മൂന്നു ദിവസം കൂടുമ്പോള്‍ നനച്ചു കൊടുക്കണം.
വള പ്രയോഗം
തൈ നട്ട് രണ്ടാഴ്ച ആകുമ്പോള്‍ ഫിഷ് അമിനോ 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്പ്രേ ചെയ്യുക. 10 മില്ലി ഫിഷ് അമിനോ, അര ലിറ്റര്‍ ഗോമൂത്രം, രണ്ട് ലിറ്റര്‍ വെള്ളം എന്നിവ കൂട്ടിക്കലര്‍ത്തി ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം. മാസത്തില്‍ ഒരിക്കല്‍ പച്ചച്ചാണകം 5 കിലോ, ഗോമൂത്രം ഒരു ലിറ്റര്‍, കടലപ്പിണ്ണാക്ക് ഒരു കിലോ, സ്യൂഡോമോണസ് 10 ഗ്രാം എന്നിവ 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കി നന്നായി മൂടിവയ്ക്കുക. ദിവസവും നന്നായി ഇളക്കുക. ആറാം ദിവസം മുതല്‍ ലായനി ഒരു ലിറ്റര്‍ നാലു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. ഈ ലായനി അരിച്ചെടുത്ത് സ്പ്രേ ചെയ്യുകയും ചെയ്യാം. ഒരു മാസമാകുമ്പോള്‍ ഫിഷ് വളം 20 ഗ്രാം ഒരു ചെടിക്ക് എന്ന കണക്കില്‍ ചുവട്ടില്‍ ഇട്ടു കൊടുക്കാവുന്നതാണ്.
വിളവ്
ഒന്നര രണ്ട് മാസമാകുമ്പോള്‍, ഏകദേശം ആറടി പൊക്കമാകും. മുകള്‍ ഭാഗത്ത് പൂങ്കുലകള്‍ വിടരാന്‍ തുടങ്ങും. തുടര്‍ന്ന് ചെടിയുടെ തണ്ടില്‍ നിന്നും കായ്കള്‍ വരാന്‍ തുടങ്ങും. കായ്കള്‍ക്ക് മുകളിലായി കടും ബ്രൗണ്‍ കളറില്‍ നൂലുപോലെ പൂക്കള്‍ ഉണ്ടാകും. വെള്ളം നന്നായി കൊടുക്കണം. ശരാശരി ഒരു ചോളം 150 മുതല്‍ 200 ഗ്രാം വരെ തൂക്കമുള്ളവയാണ്.