കുറ്റി കുരുമുളക് കൃഷിയെ കുറിച്ച് അറിയുന്നതിനു മുമ്പ് കുരുമുളക് കൃഷിയിലെ ചില നാട്ടറിവുകൾ പരിചയപ്പെടാം.
ചില അറിവുകൾ
- ഒരു തിരിയിൽ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാൻ പാടുള്ളു
2. പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാൽ എല്ലാം വേഗത്തിൽ പഴുത്തു പാകമാകും.
3. തെങ്ങിൽ കുരുമുളകു പടർത്തുന്പോൾ തെങ്ങിന്റെ വടക്കു കിഴക്കുഭാഗത്ത് വള്ളികൾ നടുക.
4. തെങ്ങ് താങ്ങുമരമായി കുരുമുളകു പടർത്തുന്ന പക്ഷം കുരുമുളകിന് നല്ല വെയിൽ കിട്ടും. അതിനാൽ വിളവും മെച്ചമായിരിക്കും.
5. കുരുമുളകു ചെടിയിലെ ചെന്തണ്ട് ഉണങ്ങിപ്പോകാതെ ഒരു വർഷം ചെടിയിൽത്തന്നെ നിർത്തി പിറ്റേ വർഷം മഴയുടെ തുടക്കത്തിൽത്തന്നെ നട്ടാൽ കൃത്യം മൂന്നാം വർഷം ആദായമെടുക്കാം.
6. കുരുമുളകു ചെടിയുടെ പ്രധാന തണ്ടിൽ നിന്നും വശങ്ങളിലേക്കു വളരുന്ന പാർശ്വ ശിഖരങ്ങൾ നട്ടാണ് ബുഷ് പെപ്പർ -കുറ്റി കുരുമുളക് – ഉണ്ടാക്കുന്നത്.
7. പച്ചക്കുരുമുളക് തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് മുക്കിയതിനു ശേഷം എടുത്തുണക്കിയാൽ പൂപ്പൽ പിടിക്കുകയില്ല.
8. വലിപ്പം കൂടിയ കുരുമുളകു മണിയാണെങ്കിൽ കയറ്റുമതിക്ക് പ്രിയപ്പെട്ടതാണ്. അതിന് വിലയും കൂടുതൽ കിട്ടും.
9. കുരുമുളക് ശേഖരിക്കുന്ന സമയത്ത് ഉറുന്പ് പൊടി വിതറി ഉറുന്പുകളെ കൊന്നു കളയുന്നതിനു പകരം, നേരത്തേ തന്നെ ഉറുന്പ് കൂടുകെട്ടിയ ചില്ലകൾ വെട്ടിനുറുക്കി തീയിടുകയും ചോലയുടെ അളവ് കുറയ്ക്കുകയും ചെയ്യുക. ഉറുന്പുപൊടിയുടെ അംശം പോലും കലാരാത്ത ഗുണമേന്മയുള്ള കുരുമുളക് ലഭിക്കും.
10. താങ്ങുമരത്തിന്റെ ഇലകളും ശാഖകളും കോതിയൊതുക്കി വെച്ചിരുന്നാൽ പൊള്ളുവണ്ടിന്റെ ഉപദ്രവം കുറയും.
11. കുരുമുളകിന്റെ മിലി മൂട്ടകളെയും ശൽക്ക കീടങ്ങളേയും നിയന്ത്രിക്കുന്നതിന് ഉങ്ങെണ്ണയിൽ നിന്നുണ്ടാകുന്ന കീടനാശിനി നല്ലതാണ്.
12. കുരുമുളകിന്റെ വേരു പടലം തണ്ടിൽ നിന്നും ഒരു മീറ്ററിലധികം അകലത്തിലോ ആഴത്തിലോ പോകാറില്ല. കുരുമുളകിൽ ദ്വിലിംഗ പുഷ്പങ്ങളുടെ ശതമാനമാണ് കായ്പിടുത്തം നിർണ്ണയിക്കുന്ന പ്രധാന ഘടകം.
13. സെറാഡിക്സ്-ബീയ കുരുമുളകു വള്ളികൾക്ക് വേരു പിടിപ്പിക്കാൻ പറ്റിയ ഉത്തേജക വസ്തുവാണ്.
14. കൊടിത്തല നടാനുള്ള മുരിക്കിൽ കന്പുകളും അരിക്കാലുകളും കുംഭമാസത്തിലെ കറുത്ത പക്ഷത്തിന് മുറിച്ചെടുക്കുക.
15. കൊടിത്തലയ്ക്ക് താങ്ങിനായി മുറിച്ചെടുത്ത കാലുകൾ പത്തുപതിനഞ്ചു ദിവസം തണലിൽ കിടത്തി ഇടുക. പിന്നീട് ഏപ്രിലിൽ ഒന്നു രണ്ട് മഴ പിടിക്കുന്നതുവരെ നിവർത്തി ചാരി വയ്ക്കുക. തുടർന്നു നടുക.
16. കുരുമുളകു വള്ളിയുടെ വളർച്ച ആറേഴു മീറ്ററിൽ പരിമിതപ്പെടുത്തുക. അതിലധികമായാൽ സസ്യസംരക്ഷണത്തിനും വിളവെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകും
കുരുമുളക് കൃഷിയുടെ അടുത്ത ഘട്ടം
കുരുമുളകിന്റെ കാലേകൂട്ടി ചുറ്റിവച്ചിരിക്കുന്ന ചെന്തലകളുടെ മദ്ധ്യഭാഗമാണ് നടാൻ ഉത്തമം.തെക്കോട്ടു ചെരിവുള്ള ഭൂമി കുരുമുളകു കൃഷിക്ക് അനുയോജ്യമല്ല.വിസ്താരം കുറഞ്ഞ കുഴികളിൽ കുരുമുളകിനുള്ള താങ്ങു കാലുകൾ പിടിപ്പിക്കുക. അവ കാറ്റത്തിളകുകയില്ല. വേഗത്തിൽ വേരുപിടിക്കുകയും ചെയ്യും.കുരുമുളകു ചെടിയുടെ അധികം മൂപ്പെത്താത്ത തണ്ടൊഴിച്ച് ഏതു നട്ടാലും വേരു പിടിക്കും.
കുരുമുളക് പൂവിടുന്പോൾ മഴയില്ലെങ്കിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. നല്ല വിളവ് കിട്ടും.വർഷകാലത്ത് കുരുമുളകിന് തണൽ പാടില്ല.കേടുള്ള കുരുമുളകിന്റെ തണ്ട് നടാൻ എടുക്കരുത്.
കുഞ്ഞു കല്ലുകൾ (ഉറുന്പു കല്ലുകൾ) കുരുമുളകിന്റെ ചുവട്ടിൽ അടുക്കിയാൽ ചെടിക്കു വാട്ടം വരികയില്ല. താങ്ങു മരങ്ങൾ കോതി നിർത്തിയാൽ കുരുമുളകു വള്ളികളിൽ കായ്പിടുത്തം കൂടും.കുരുമുളകിന് ചപ്പുചവറുകൾ വെറുതെ ചുവട്ടിൽ തൂളിയാൽ മതി, കൊത്തിയിളക്കി ചേർക്കേണ്ടതില്ല.
കുരുമുളകു തോട്ടങ്ങളിൽ ഇഞ്ചി, മഞ്ഞൾ, കച്ചോല തുടങ്ങിയ സുഗന്ധവിളകളും കൃഷി ചെയ്യുക. കുരുമുളകിൽ മണിപിടുത്തം കൂടും.വീടിനു ചുറ്റും കുരുമുളകുചെടി നട്ടു വളർത്തിയാൽ ജലദോഷം ഉണ്ടാവുകയില്ല.തിരുവാതിര ഞാറ്റു വേലയിൽ തിരി മുറിയാതെ ചെയ്യുന്ന മഴയ്ക്ക് കുരുമുളകു വള്ളി നട്ടാൽ മുഴുവൻ പിടിച്ചു കിട്ടും. കാലവർഷം നന്നായി കിട്ടാത്ത പക്ഷം ആ വർഷം കുരുമുളകിൽ ഉല്പദാനം കുറഞ്ഞിരിക്കും.കുരുമുളകു വള്ളിയിൽ വർഷത്തിൽ പല തവണ മുളകുണ്ടാകണമെങ്കിൽ ഇടയ്ക്കിടെ ശക്തിയായി നനച്ചു കൊടുക്കുക.
കുറ്റികുരുമുളക് കൃഷി രീതി
സ്ഥല പരിമിതി ഉള്ളവര്‍ക്കും ഫ്ലാറ്റിലെ ബാല്‍ക്കണികളില്‍ പോലും കുറ്റിക്കുരുമുളക് താങ്ങുകന്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്‍ത്താം. പൂന്തോട്ടങ്ങളിലും ഇവയ്ക്ക് സ്ഥാനം നല്‍കാം. സീയോൺമുണ്ടി ,കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. എന്നാല്‍, ഇവയുടെ ഇനം തിരഞ്ഞെടുക്കുന്പോള്‍ അതത് സ്ഥലത്തെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ചവയെ കണ്ടെത്തണം.
കുറ്റി കുരുമുളക് തൈ തയ്യാറാക്കൽ
സാധാരണ കുരുമുളകിന്റെ തൈകള്‍ ഉണ്ടാക്കുന്നത് ചെന്തലകള്‍ മുറിച്ച് വേരുപിടിപ്പിച്ചാണ്. ഇവയുടെ പറ്റുവേരുകള്‍ താങ്ങുകന്പുകളില്‍ പിടിച്ചാണ് വളരുന്നത്. ഇത്തരം ഏഴ് വര്‍ഷമെങ്കിലും പ്രായമായ ചെടികളില്‍ കാണുന്ന പാര്‍ശ്വ ശാഖകള്‍ കൊണ്ട് തൈകള്‍ ഉണ്ടാക്കിയാല്‍ ഇവ കുറ്റിച്ചെടിയായി ചട്ടികളിലോ നിലത്തോ വളര്‍ത്താം. ഇത്തരം ശാഖകള്‍ കണ്ടെത്തി നാലഞ്ച് മുട്ടുകള്‍ വരത്തക്കവിധം നീളത്തില്‍ മുറിച്ച് അഗ്രഭാഗത്തുള്ള ഇലകള്‍ ഒഴിച്ച് മറ്റുള്ളവയെ നീക്കംചെയ്ത് മിശ്രിതം നിറച്ച പോളീ ബാഗുകളില്‍ നട്ട് നനച്ച് തണലില്‍ സൂക്ഷിച്ചാല്‍ മൂന്നുമാസം കൊണ്ട് തൈകള്‍ നടാറാകും.
പാര്‍ശ്വശാഖകള്‍ വേരുപിടിക്കാന്‍
പാര്‍ശ്വശാഖകള്‍ പൊതുവേ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും.ഇതൊഴിവാകാന്‍ ഗര്‍ഭിണിപ്പശുവിന്റെ മൂത്രം ഒരു ഭാഗവും ഒന്‍പത് ഭാഗം വെള്ളവുമായി കലര്‍ത്തി നേര്‍പ്പിച്ച് വള്ളിത്തലകള്‍ ഒരേ ഭാഗത്താക്കി കെട്ടി അഞ്ച് മിനിറ്റ് മുക്കിയ ശേഷം നട്ടാല്‍ എല്ലാ വള്ളികളിലും പെട്ടെന്ന് വേരുപിടിക്കുകയും കരുത്തോടെ വളരുകയും ചെയ്യും. കരിമുണ്ടയും പന്നിയൂര്‍ ഇനങ്ങളുമാണ് കുറ്റിക്കുരുമുളകിന് അനുയോജ്യമായത്. ഇതിന്റെ തൈകള്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ നഴ്‌സറികളില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാണ്.
പതിനഞ്ചോ അതില്‍ കൂടുതലോ ഉള്ള ചട്ടികളില്‍ വേണം നടാന്‍. അടിഭാഗത്തുള്ള ദ്വാരങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സുഗമമായി പോകാന്‍ തക്കവിധം ഓടുകഷ്ണങ്ങള്‍ വെച്ച് അതിനോടുചേര്‍ത്ത് അല്പം ചരലുമിട്ട് തുല്യ അളവില്‍ മേല്‍മണ്ണും മണലും ജൈവ വളവും ചേര്‍ന്ന മിശ്രിതം ചട്ടിയുടെ പകുതിഭാഗം നിറച്ച് അതില്‍ രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വിതറി തൈകള്‍ നട്ട് വീണ്ടും ചട്ടിയുടെ മുക്കാല്‍ഭാഗം മിശ്രിതം നിറയ്ക്കണം. മുടങ്ങാതെ നനയ്ക്കുകയും വേണം.
ചട്ടികളിൽ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്
നടുന്പോള്‍ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കടത്തി നട്ടാല്‍ ചെടി നേരെ വളര്‍ന്ന് കുഴലിന്റെ മുകള്‍ഭാഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്‍ശ്വ ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകന്പിവളയം ചട്ടിയില്‍വെച്ച് വളര്‍ത്തിയാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മേല്‍പ്പറഞ്ഞതുപോലെ മിശ്രിതം നിറച്ച് നടാം. നേരിട്ടുള്ള സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്.
കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയായതിനാല്‍ നനയ്ക്കുന്പോൾ വെള്ളം ചുവട്ടില്‍ മാത്രം ഒഴിക്കാതെ ചേടി മൊത്തമായി നനയ്ക്കണം.
കൃത്യമായ വളപ്രയോഗം
മാസംതോറും ഓരോ ചുവടിനും രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാം വീതം 17:17:17 മിശ്രിതവും നല്‍കിയാല്‍ നല്ല വിളവ് കിട്ടും.രാസവളത്തിനു പകരമായി 15ഗ്രാം അഥവാ ഒരു ടേബിള്‍സ്പൂണ്‍ കടലപ്പിണ്ണാക്ക് ചേര്‍ത്താലും മതിയാവുന്നതാണ്.
വേപ്പിന്‍ പിണ്ണാക്കിട്ടാല്‍ രോഗ-കീടങ്ങള്‍ കുറ്റിക്കുരുമുളകിനെ ബാധിക്കാറില്ല. എന്നാലും ദ്രുതവാട്ടം, മന്ദവാട്ടം, തൈ അഴുകല്‍ ഇവയ്‌ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുന്നതും ഉചിതമായിരിക്കും.
ഒരു ചട്ടി കുരുമുളക് തൈ ഇങ്ങനെ വളര്‍ത്താന്‍ ഏകദേശം 30 രൂപ മാത്രമേ ചെലവ് വരികയുള്ളൂ. പിന്നീട് പരിപാലനത്തിന് ഒരു ഭാരിച്ച ചെലവ് വരാത്തതുകൊണ്ട് ഒരു ചട്ടിയില്‍നിന്ന് പറിച്ചെടുക്കുന്ന കുരുമുളകിന്റെ വില കൂട്ടിനോക്കിയാല്‍ ഇത് വളരെ ലാഭകരമാണ്.
സാധാരണ കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ കായ് തരുമ്പോള്‍ കുറ്റിക്കുരുമുളകില്‍ നിന്നും ആണ്ടുവട്ടം മുഴുവന്‍ കായ്കള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
തറയില്‍ നടേണ്ട വിധം:
2 മീറ്റര്‍ അകലത്തില്‍ അരമീറ്റര്‍ സമചതുരത്തിലുള്ള കുഴികള്‍ കുത്തി അതില്‍ മേല്‍മണ്ണ് പൂഴ്ത്തി, കമ്പോസ്റ്റ് അല്ലെങ്കില്‍ ചാണകം സമമായി കൂട്ടിച്ചേര്‍ത്ത് നിറയ്ക്കുക. എന്നിട്ട് തൈകള്‍ നടുക. ഇങ്ങനെ ഒരു ഹെക്ടറില്‍ 2500 ചെടികള്‍ നടാവുന്നതാണ്. 6മീറ്റര്‍ അകലത്തില്‍ തണല്‍ നല്‍കാന്‍ ശീമക്കൊന്ന വെച്ചുപിടിപ്പിക്കേണ്ടതാണ്.