കരനെല്‍ക്കൃഷിയെ കുറിച്ച് കൂടുതലറിയാൻ

കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന മോടൻ, പള്ള്യാൽ കൃഷി തുടങ്ങി തെങ്ങിൻ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു. തെങ്ങിൻ തോപ്പുകളാൽ സമൃദമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ അരിഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു.

കൃഷി കാലം
വിരിപ്പ് കൃഷി സമയം അഥവാ മെയ് – ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ – ഒക്ടോബര്‍ വരെയുളള സമയമാണ് കരനെല്‍ കൃഷിക്ക് ഏറ്റവും യോജിച്ച സമയം. മേടമാസത്തിലെ ആദ്യമഴയോടുകൂടി നിലമൊരുക്കി വിത്തു വിതയ്ക്കാം. ചിനപ്പു പൊട്ടുന്ന സമയം, അടിക്കണ സമയം, പൂവിടുന്ന സമയം എന്നീ പ്രധാന ഘട്ടങ്ങളില്‍ ജലദൗര്‍ലഭ്യമുണ്ടാകാതെ സംരക്ഷിക്കാനുതകുന്ന തരത്തില്‍ ജലസേചനസൗകര്യമുളള സ്ഥലങ്ങളില്‍ അല്‍പം താമസിച്ചും കരനെല്‍ കൃഷി ചെയ്യാം.
വിത്തിനങ്ങള്‍
പൊക്കപ്പറമ്പുകളിലെ കരനെല്‍കൃഷിക്ക് ഏറ്റവും യോജിച്ചത് മൂപ്പു കുറഞ്ഞതും വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിവുമുളള ഇനങ്ങളാണ്. കരപ്രദേശങ്ങളില്‍ എപ്പോഴും വെളളം കെട്ടിനില്‍ക്കുന്ന അവസ്ഥയില്ലാത്തതിനാല്‍ കളകള്‍ ആര്‍ത്തു വളരാനുളള സാഹചര്യം ഏറെയാണ്. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കളകളുമായി മല്‍സരിച്ച് വളരാന്‍ കഴിവുളള, ഉയരമുളളതും മൂപ്പു കുറഞ്ഞതുമായ നെല്ലിനങ്ങള്‍ വേണം കരകൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. മഴ ലഭിച്ചു തുടങ്ങിയാല്‍ വെളളം കെട്ടി നില്‍ക്കുന്ന പാടങ്ങളിലും അവശ്യഘട്ടങ്ങളില്‍ ജലസേചനം ഉറപ്പു വരുത്താന്‍ കഴിയുന്ന സ്ഥലങ്ങളിലും ഇടത്തരം മൂപ്പുളള ഇനങ്ങളും കൃഷിചെയ്യാം. ഇലപ്പുളളി രോഗത്തിനും, കുലവാട്ടത്തിനും എതിരെ പ്രതിരോധശേഷിയുളള ഇനങ്ങള്‍ തെരെഞ്ഞെടുക്കണമം. പ്രതിരോധ ശേഷി കുറഞ്ഞ ഇനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സസ്യസംരക്ഷണ നടപടികള്‍ കര്‍ശനമായും സ്വീകരിക്കണം.

നാടന്‍ ഇനങ്ങള്‍ : കൊച്ചു വിത്ത്, കരവാള, വെളുത്ത വട്ടന്‍, ചുവന്ന വട്ടന്‍, പറമ്പുവട്ടന്‍, കട്ടമോടന്‍, കറുത്ത മോടന്‍, ചുവന്ന മോടന്‍, അരി മോടന്‍ തുടങ്ങിയവ.
അത്യുല്‍പാദനശേഷിയുളളവ: ജ്യോതി, സ്വര്‍ണ്ണപ്രഭ, ഐശ്വര്യ, ഹര്‍ഷ, വര്‍ഷ, സംയുക്ത, വൈശാഖ്, ഓണം, ചിങ്ങം, കാര്‍ത്തിക, രേവതി, രമണിക, പ്രത്യാശ തുടങ്ങിയവ.
നിലമൊരുക്കല്‍ : ഏപ്രില്‍ മാസത്തില്‍ വിഷു അടുപ്പിച്ചു ലഭിക്കുന്ന മഴയോടുകൂടി കൃഷി ചെയ്യാനുള സ്ഥലം ഉഴുതുമറിച്ച് കള നീക്കി നിരപ്പാക്കണം. മെയ്, ജൂണ്‍ മാസം മഴ തുടങ്ങുന്നതോടെ വിത്തു വിതയ്ക്കാം.
വിതരീതി
കരനെല്‍കൃഷിയില്‍ വിത്ത് നുരിയിടുന്ന രീതിയാണ് അഭികാമ്യം. വിത്ത് വാരി വിതയ്ക്കുന്നത് കളനിയന്ത്രണം ദുഷ്‌കരമാക്കും. നുരി വിത്തിടുന്നതു വഴി നെല്‍ച്ചെടികള്‍ക്കിടയില്‍ നിന്നും കളകള്‍ എളുപ്പം പറിച്ച് മാറ്റാം.
വിത്തു നിരക്ക്
നുരി വിത്തിടാന്‍ ഹെക്ടറിന് 60 – 65 കി. ഗ്രാം വിത്ത് ആവശ്യമാണ്. (10 സെന്റിന് 2.5 കി.ഗ്രാം) യന്ത്രം ഉപയോഗിച്ച് വിത്തിടാന്‍ ഹെക്ടറിന് 40 – 50 കി. ഗ്രാം (10 സെന്റിന് 2 കി. ഗ്രാം) വിത്ത് മതിയാകും. യന്ത്രം ഉപയോഗിച്ച് വിത്തിടുന്നതാണ് ചെലവ് കുറയ്ക്കുന്നതിനു ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നല്ലത്. സ്യൂഡോമോണസ് 10-20 ഗ്രാം ഒരു കിലോ വിത്തിന് എന്ന തോതില്‍ വിത്തുപരിചരണം നടത്താം.
കളനിയന്ത്രണം
കരനെല്‍കൃഷിയില്‍ നെല്ലിന്റെ പ്രധാന ശത്രു കളകളാണ്. നെല്ലിനോടൊപ്പം പയര്‍ വിത്ത് ചേര്‍ത്ത് വിതയ്ക്കുന്നത് കളകളെ നിയന്ത്രിക്കാനും മണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. നെല്‍വിത്ത് നുരിയിടുന്നതിനോടൊപ്പം ഇടയ്ക്കുളള ഓരോ വരിയില്‍ പയര്‍ വിത്തിടാം. ഇതിന് 10 സെന്റിലേക്ക് 500 ഗ്രാം പയര്‍ വിത്ത് മതി. നെല്ലും പയറും മുളച്ചു പൊന്തി രണ്ടാഴ്ചയ്ക്കകം വെളളം കെട്ടിനിര്‍ത്തി പയര്‍ചെടികള്‍ ചീഞ്ഞ് മണ്ണില്‍ ചേരാന്‍ അനുവദിക്കണം. നെല്ലിനോടൊപ്പം പയര്‍ വിത്ത് വിതയ്ക്കാന്‍ സാധിക്കാതെ വന്നാല്‍ കളകള്‍ പറിച്ചു മാറ്റുകയോ വിത്തിട്ടശേഷം വിദഗ്ധോപദേശപ്രകാരം യുക്തമായ കളനിയന്ത്രണം നടത്തുകയോ വേണം.
വളപ്രയോഗം
ജൈവവളം: ചാണകവളം, കമ്പോസ്റ്റ് എന്നിവ ഉഴുതു ചേര്‍ത്ത നിലത്ത് വേണം വിത്ത് വിതയ്ക്കാന്‍ നന്നായി ഉഴുതൊരുക്കിയ മണ്ണില്‍ വിതയ്ക്കും മുമ്പ് അടിവളമായി ഹെക്റിന് 5 ടണ്‍ (10 സെന്റിന് 200 കി. ഗ്രാം) ജൈവവളം / കമ്പോസ്റ്റ് / പച്ചിലവളം മണ്ണില്‍ ചേര്‍ക്കുക. പച്ചിലവളം ലഭിക്കുന്നതിന് കൃഷി തുടങ്ങുന്നതിന് ഒരു മാസം മുമ്പ് തന്നെ പച്ചില വളച്ചെടികളായ ഡെയ്ഞ്ച, ചണമ്പ് എന്നിവയുടെ വിത്ത് വിതച്ചശേഷം ഒരു മാസം കഴിഞ്ഞ് ഉഴുതു ചേര്‍ക്കുന്നത് പച്ചിലവളം ലഭ്യമാക്കുന്നതിന് പുറമെ നിലത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കാം.

പ്രത്യേകതകൾ

  • തെങ്ങിൻ തോപ്പിലും ഇടവിളയായി നെൽകൃഷിചെയ്യാം എന്ന സാധ്യത നെല്ലിന്റെ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  • ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ മഴയെ മാത്രം ആശ്രയിച്ച് കരനെല്ല് കൃഷി ചെയ്യാനാകും.
  • അമിതമായ അദ്ധ്വാനവും പരിചരണങ്ങളും ആവശ്യമില്ലാത്തതിനാൽ കൃഷിക്കാർക്ക് മെച്ചമാണ്
  • വയലിലെ കൃഷിയെ അപേക്ഷിച്ച് കീടനാശിനി ഉപയോഗം കുറവായതിനാൽ വൈക്കോലും മറ്റും കന്നുകാലികൾക്ക് വിശ്വസിച്ച് കൊടുക്കാം.

വിത്തുപരിചരണം
ഒരു കി. ഗ്രാം വിത്തിന് 10 ഗ്രാം എന്ന നിരക്കില്‍ സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് വിത്തുമായി കലര്‍ത്തി 12 മുതല്‍ 14 മണിക്കൂര്‍ വരെ വച്ചശേഷം വിതയ്ക്കാം.
മണ്ണില്‍ പ്രയോഗിക്കുന്ന രീതി:
2.5 കി. ഗ്രാം സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് 50 കി. ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയോ മണലോ ചേര്‍ത്ത് കലര്‍ത്തി മണ്ണിലിടാം.
ബാക്ടീരിയല്‍ ഇലകരിച്ചില്‍ കണ്ടാല്‍ പച്ചച്ചാണകം വെളളം കലക്കി തെളിയൂറ്റി അരിച്ച് തളിക്കുന്നത് രോഗം പടര്‍ന്നു പിടിക്കുന്നതു തടയും.
കീടനിയന്ത്രണം:
കീടനിയന്ത്രണത്തിന് സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. കരനെല്‍കൃഷിയില്‍ സാധാരണ കണ്ടുവരുന്ന പ്രശ്നമാണ് ചിതലിന്റെ ഉപദ്രവം. മണ്ണിലെ നനവ് കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറുളളത്. ചിതലിന്റെ ഉപദ്രവം കണ്ടാലുടന്‍ പുരയിടത്തില്‍ ഒരു പ്രാവശ്യം വെളളം കയറ്റി (വെളളം പമ്പു ചെയ്ത്) മുക്കുന്നതിലൂടെ ഇതിനെ നശിപ്പിക്കാം.
തണ്ടുതുരപ്പനെയും ഇലചുരുട്ടിയെയും പ്രതിരോധിക്കാന്‍ ട്രൈക്കോ കാര്‍ഡുകള്‍ ഉപയോഗിക്കാം. നട്ട് ഒരാഴ്ചയ്ക്കും 20 ദിവസത്തിനുശേഷം മുട്ടക്കാര്‍ഡുകള്‍ നെല്ലോലകളില്‍ നിക്ഷേപിക്കുന്നത് തണ്ടു തുരപ്പനെയും, ഇല ചുരുട്ടിയെയും യഥാക്രമം നിയന്ത്രിക്കും.
കതിരിടുന്ന സമയത്തുണ്ടാകുന്ന ചാഴിയുടെ ഉപദ്രവം തടയാന്‍ വേപ്പെണ്ണയും വെളുത്തുളളിയും കലര്‍ന്ന മിശ്രിതം ഉപയോഗിക്കാം. സന്ധ്യസമയത്ത് പുരയിടത്തിനു സമീപം കരിയിലകളും മറ്റും കൂട്ടി് തീ കൊടുക്കുന്നത് ചാഴിശല്യം കുറയ്ക്കും.
കതിരിട്ട് 25 മുതല്‍ 30 ദിവസത്തിനുളളില്‍ വിള കൊയ്യാം. മനുഷ്യാധ്വാനത്തിലൂടെയോ യന്ത്രമുപയോഗിച്ചോ കൊയ്ത്തു നടത്താം. കൊയ്തെടുത്ത അന്നു തന്നെ മെതിച്ചാല്‍ നല്ലിന്റെ ഗുണനിലവാരം ഉറപ്പാക്കാം.

Leave a Reply