അടുക്കളത്തോട്ടം 

അടുക്കളത്തോട്ടത്തിന് വളരെ കൃത്യമായ വിസ്തൃതിയൊന്നും ആവശ്യമില്ല. വീടിന്‍റെയും സ്ഥലത്തിന്‍റെയും കിടപ്പ്, സ്ഥല ലഭ്യത എന്നിവയനുസരിച്ച് ഏതെങ്കിലും ആകൃതിയിലും വിസ്തൃതിയിലും അടുക്കളത്തോട്ടമൊരുക്കാം. ധാരാളം സ്ഥലമുള്ളവര്‍ക്ക് 10 സെന്‍റ് വിസ്തൃതിയുള്ള അടുക്കളത്തോട്ടം നിര്‍മ്മിക്കാം. തോട്ടമൊരുക്കുമ്പോള്‍ വീട്ടിലെ അംഗങ്ങളുടെ എണ്ണവും കണക്കിലെടുക്കണം. നാലുപേര്‍ മാത്രമുള്ള വീട്ടില്‍ പത്തു സെന്‍റ് വിസ്തൃതിയുള്ള പച്ചക്കറിത്തോട്ടം ആവശ്യമില്ല. അധ്വാനവും ഒപ്പം വിളവും പാഴായിപ്പോകുന്നതിനേ ഇതുപകരിക്കൂ. വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച്, ഒരാള്‍ക്ക് അര സെന്‍റ് എന്നതോതില്‍ തോട്ടമൊരുക്കുന്നത് നല്ല രീതിയാണ്. നാലംഗങ്ങളുള്ള വീട്ടില്‍ രണ്ടു സെന്‍റ് വലിപ്പത്തിലുള്ള തോട്ടത്തില്‍നിന്ന് വര്‍ഷം മുഴുവനും ഉപയോഗിക്കത്തക്ക പച്ചക്കറികള്‍ ലഭ്യമാകും. എന്നാല്‍ സ്ഥലം തീരെ കുറഞ്ഞവര്‍ക്ക് ഒരു സെന്‍റില്‍ പോലും മികച്ച അടുക്കളത്തോട്ടമൊരുക്കാം. ശാസ്ത്രീയമായ രീതിയില്‍ ഒരുക്കിയാല്‍ ഒരു സെന്‍റില്‍നിന്നു പോലും നല്ല വിളവ് ലഭിക്കും.


വീടിനു ചുറ്റും പറമ്പ് ഇല്ലാതായതോടെ ടെറസിലെ അടുക്കളത്തോട്ടങ്ങള്‍ക്ക് പ്രചാരമേറി. സ്ഥലമില്ലാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണിത്. എന്നാല്‍, ടെറസ്സില്‍ പച്ചക്കറികൃഷി ചെയ്യുമ്പോള്‍ കൃത്യമായ ചില രീതികള്‍ പാലിച്ചില്ലെങ്കില്‍ അത് ടെറസിനു ദോഷം ചെയ്തേക്കാം. അതിനാല്‍, ശാസ്ത്രീയമായ പച്ചക്കറികൃഷി ഇക്കാര്യത്തില്‍ അനിവാര്യമാണ്. 

  • സ്ഥലം തിരഞ്ഞെടുക്കല്‍

വീടിനോട് ചേര്‍ന്നുള്ള സ്ഥലമാണ് അടുക്കളത്തോട്ടത്തിന് ഏറ്റവും അനുയോജ്യം. ഓരോ ചെടിക്കും മികച്ച പരിചരണവും ശ്രദ്ധയും നല്‍കുന്നതിന് ഇതു സഹായിക്കും. അതിനാല്‍, വീടിനോടു ചേര്‍ന്നുള്ള സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം അടുക്കളത്തോട്ടത്തിനായി തിരഞ്ഞെടുക്കാം. സൂര്യപ്രകാശം കുറവാണെങ്കില്‍ ചെടികളുടെ വളര്‍ച്ചയും വിളവും കുറയും. അടുക്കളയുടെയും കുളിമുറിയുടെയും അടുത്തായാല്‍ ഇവിടങ്ങളില്‍നിന്ന്  പുറത്തേക്കുവരുന്ന വെള്ളം പച്ചക്കറികള്‍ നനയ്ക്കാനായി എടുക്കാം എന്ന സൗകര്യമുണ്ട്. എന്നാല്‍ സോപ്പ്, ഡിറ്റര്‍ജന്‍റുകള്‍ എന്നിവ കലര്‍ന്ന വെള്ളം പച്ചക്കറികള്‍ നനയ്ക്കുന്നതിനായി ഉപയോഗിക്കരുത്.


നല്ല നീര്‍വാര്‍ച്ചയും, വളക്കൂറുമുള്ള മണ്ണാണ് അടുക്കളത്തോട്ടമൊരുക്കാന്‍ ഉചിതം. മണല്‍ കൂടുതലുണ്ടെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്.

  • തോട്ടത്തിന് സുരക്ഷാവേലികള്‍

അടുക്കളത്തോട്ടം ആകര്‍ഷകവും അതേസമയം സുരക്ഷിതവുമാക്കാന്‍ തോട്ടത്തിന് അതിര്‍ത്തി തിരിച്ച് വേലി കെട്ടാവുന്നതാണ്. മാത്രമല്ല ഈ വേലി പച്ചക്കറികള്‍ പടര്‍ത്തുന്നതിന് ഉപയോഗിക്കുകയും ചെയ്യാം. പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ജൈവവേലിയും നിര്‍മ്മിക്കാം. അതിനായി മധുരച്ചീര അഥവാ, ചെക്കുര്‍മാനിസ് ഉപയോഗപ്പെടുത്താം. നന്നായി വളരുന്നതും കമ്പുകള്‍ ഉള്ളതുമായ മധുരച്ചീര തോട്ടത്തെ വീട്ടിലെ മറ്റു പക്ഷി-മൃഗാദികളില്‍ നിന്ന് സംരക്ഷിക്കുന്നു. അതോടൊപ്പം വേലിയില്‍ ഇടയ്ക്കിടെ അഗത്തിച്ചീര നട്ടുകൊടുത്താല്‍, വളര്‍ന്നുവരുമ്പോള്‍ മരമാകുന്ന ചെടിയായതിനാല്‍ വേലിക്ക് ഉറപ്പും ഒപ്പം നമുക്ക് അടുക്കളയിലേക്ക് പോഷകസമ്പുഷ്ടമായ ഇലകളും പൂക്കളും ലഭിക്കുകയും ചെയ്യും. മുന്‍ഭാഗത്തെ വേലിയില്‍ ബാസല്ല ചീരവള്ളികള്‍ പടര്‍ത്തിയാല്‍ കാഴ്ചയ്ക്ക് ഭംഗിക്കൊപ്പം തോട്ടത്തിന് സംരക്ഷണവുമാകും.

  • തോട്ടത്തില്‍ പച്ചക്കറികളുടെ സ്ഥാനം

അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ നടുന്ന സ്ഥാനം ഏറെ പ്രാധാന്യമുള്ളതാണ്.  ദീര്‍ഘകാലവിളകളെല്ലാം തോട്ടത്തിന്‍റെ ഒരുവശത്തു നടുന്നതാണ് നല്ലത്. അടുക്കളത്തോട്ടത്തിന്‍റെ  വടക്കുവശമാണ് ഇതിനു അനുയോജ്യം. മുരിങ്ങ, കറിവേപ്പ്, കുടംപുളി, പപ്പായ, വാഴ, നാരകം എന്നിവ അടുക്കളത്തോട്ടത്തിലെ ദീര്‍ഘകാലവിളകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവയെല്ലാം ഒരുവശത്തായാണ് ക്രമീകരിക്കുന്നതെങ്കില്‍ തോട്ടത്തിലെ മറ്റു വിളകളുടെ മീതെ തണല്‍ വീഴുന്നത് ഒഴിവാക്കാന്‍ സാധിക്കും. ശക്തിയായ കാറ്റ്, മഴ, കടുത്ത സൂര്യപ്രകാശം എന്നിവയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുകയും ചെയ്യും. മാത്രമല്ല, തണല്‍ ആവശ്യമുള്ള ഇനങ്ങളായ സാമ്പാര്‍ചീര, കാന്താരിമുളക്, ചേന, ചേമ്പ് എന്നിവയെ ഇത്തരം ദീര്‍ഘകാലവിളകള്‍ക്കിടയില്‍ കൃഷിചെയ്യുകയും ചെയ്യാം. അടുക്കളത്തോട്ടത്തിന്‍റെ  വശങ്ങളിലായി അമര, നിത്യവഴുതന, ഇറച്ചിപ്പയര്‍, കോവല്‍ എന്നിവ പടര്‍ത്തിയാല്‍ സ്ഥലം ലാഭിക്കുന്നതിനു സഹായിക്കും.


അടുക്കളത്തോട്ടത്തിനിടയിലൂടെ നടക്കുന്നതിനുള്ള ചെറുവഴികള്‍ ക്രമീകരിക്കണം. അല്ലാത്തപക്ഷം, വളം നല്‍കുന്നതിനും കീടരോഗബാധകള്‍ നിയന്ത്രിക്കുന്നതിനും നനയ്ക്കുന്നതിനും അസൗകര്യമുണ്ടാകും. വഴികള്‍ക്കിരുവശവും പച്ച, ചുവപ്പു നിറത്തിലുള്ള ചീര നടുന്നത് തോട്ടത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.


അടുക്കളത്തോട്ടത്തിന്‍റെ ഏതെങ്കിലുമൊരു ഭാഗത്തായി കമ്പോസ്റ്റ് കുഴി ഉണ്ടാക്കുന്നത് നല്ലതാണ്. മണ്ണി രക്കമ്പോസ്റ്റ് യൂണിറ്റായാലും മതി. അതുവഴി വീട്ടിലെ അടുക്കളമാലിന്യങ്ങള്‍ നല്ല ജൈവവളമാക്കി മാറ്റി  ചെടികള്‍ക്ക് നല്‍കാം. ഒപ്പം മാലിന്യപ്രശ്നം ഒഴിവാക്കുന്നതിനും സാധിക്കും. 


ദീര്‍ഘകാലവിളകള്‍, നടക്കുന്നതിനുള്ള വഴി, കമ്പോസ്റ്റു കുഴി എന്നിവ കഴിഞ്ഞുള്ള സ്ഥലം തുല്യഭാഗങ്ങുള്ള പ്ലോട്ടുകളായി തിരിച്ച് അവയില്‍ വിവധതരത്തിലുള്ള പച്ചക്കറികള്‍ കൃഷി ചെയ്യാം. വീട്ടില്‍ എപ്പോഴും ഉപയോഗിക്കുന്ന പച്ചക്കറികളാണ് അടുക്കളത്തോട്ടത്തിലേക്ക് തിരഞ്ഞെടുക്കേണ്ടത്. ഒപ്പം പോഷകമൂല്യമുള്ള പച്ചക്കറികള്‍ നോക്കി കൃഷിചെയ്യാനും ശ്രദ്ധിക്കണം. അടുക്കളയില്‍ കറിയാവശ്യത്തിന് എപ്പോഴും ഉപയോഗിക്കുന്നവയില്‍ മുക്കാല്‍ഭാഗം പച്ചക്കറികളും ഇത്തരത്തില്‍ ചെലവുകൂടാതെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയെടുക്കാവുന്നവയാണ്. കൂടുതല്‍ സ്ഥലത്ത് അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്ക് സാധിക്കുമെങ്കില്‍ ഒരു പശുവിനെ വളര്‍ത്തുന്നത് നല്ലതാണ്. ജൈവവളത്തിനായി പിന്നെ വേറെങ്ങും അലയേണ്ടതായി വരില്ല. പശുവിന്‍റെ ചാണകവും മൂത്രവും തന്നെ അടുക്കളത്തോട്ടത്തിലേക്ക് ഒന്നാന്തരം ജൈവവളമായി ഉപയോഗിക്കാവുന്നതാണ്. 

Leave a Reply