നമ്മുടെ കൃഷിയിടങ്ങളിൽ എല്ലാവരും വച്ചുപിടിപ്പിക്കുന്ന വിളയാണ് തക്കാളി. എന്നാൽ തക്കാളിയിൽ ധാരാളം രോഗങ്ങൾ കാണപ്പെടുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ബാക്ടീരിയൽ വാട്ടം. തക്കാളിയുടെ ഏതുഘട്ടത്തിലും ബാക്ടീരിയൽ വാട്ടരോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. കുമിൾബാധ ആണ് ഇതിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ബാക്ടീരിയ ബാധയും കാരണമായേക്കാം.
ബാക്ടീരിയൽ വാട്ടം എങ്ങനെ കണ്ടെത്താം?
വാടി തുടങ്ങിയ ചെടിയുടെ തണ്ട് മുറിച്ച് നല്ല വെള്ളത്തിൽ മുക്കിവെച്ചാൽ മുറിപ്പാടിൽ നിന്ന് വെളുത്ത നൂലുപോലെ ബാക്ടീരിയം വരുന്നതായി കാണാം. ഇതാണ് ബാക്ടീരിയൽ വാട്ട രോഗത്തെ കണ്ടെത്താനുള്ള ഏറ്റവും എളുപ്പവഴി.
ബാക്ടീരിയൽ വാട്ടത്തെ പ്രതിരോധിക്കാൻ മികച്ച വഴികൾ
ഒരു കൃഷിയിടത്തിൽ വെള്ളം കെട്ടിനിൽക്കാൻ ഇടയാകാതെ അധിക ജലനിർഗമന സൗകര്യം ഉണ്ടാക്കണം. ഇതാണ് ബാക്ടീരിയൽ വാട്ട രോഗത്തെ ഫലപ്രദമായി നേരിടാനുള്ള ഏറ്റവും എളുപ്പവഴി. ഇത്തരത്തിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന ചെടികൾ പിഴുത് നശിപ്പിക്കാനും മറക്കരുത്.
ബാക്ടീരിയൽ വാട്ട രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്ന ധാരാളം ഇനങ്ങൾ ഇതിനോടകം തന്നെ കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളാണ് ശക്തി, മുക്തി തുടങ്ങിയവ. ബാക്ടീരിയൽ വാട്ടം ഇല്ലാതാക്കുവാൻ തൈകൾ നടുന്നതിനു മുൻപ് സെൻറ് ഒന്നിന് 10 ഗ്രാം എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ വിതറി മണ്ണ് ഇളക്കി യോജിപ്പിക്കുക. കൃഷിയിടത്തിൽ സ്യുഡോമോണസ് പ്രയോഗം ഈ രോഗത്തെ പ്രതിരോധിക്കാൻ ഉത്തമമാണെന്ന് കർഷകർ പറയുന്നു. ബാക്ടീരിയൽ വാട്ടം ഇല്ലാതാക്കുവാൻ ഏറ്റവും നല്ല വഴിയാണ് 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ അരമണിക്കൂർനേരം എന്ന തോതിൽ വൈകുന്നേര സമയങ്ങളിൽ പ്രയോഗിക്കുന്നത് അല്ലെങ്കിൽ തൈകൾ നടുന്നതിന് മുൻപ് ഇതേ അളവിൽ എടുത്ത ലായനിയിൽ തൈകൾ മുക്കിവെച്ച് അൽപസമയം കഴിഞ്ഞ് നടുക.
ഇത്തരത്തിൽ രോഗസാധ്യത സ്ഥിരമായി കാണുന്ന കൃഷിയിടത്തിൽ തക്കാളി ഉൾപ്പെടുന്ന വഴുതന വർഗ വിളകൾ തുടർച്ചയായി ഒരിക്കലും കൃഷി ചെയ്യരുത്. രോഗനിയന്ത്രണത്തിന് മറ്റൊരു വഴി കോപ്പർ ഓക്സിക്ലോറൈഡ് മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി സ്പ്രെറ്റൊസൈക്ലിൻ 100 പിപിഎം കൂടി ചേർത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും ഫലവത്താണ്.