ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കാന്‍

ചീര നടുന്ന രീതിയും, അതിന്റെ പരിപാലനവും ഇവിടെ മുന്പു പ്രതിപാദിച്ചു കഴിഞ്ഞല്ലോ. അധികം കീടാക്രമണം ഇല്ലാത്ത ഒരു പച്ചക്കറിയാണ് ചീര. ഇല പ്പുള്ളി രോഗം/മൊസൈക് രോഗം ചിലയിടത്ത് കണ്ടു വരാറുണ്ട്. മഴ സമയത്താണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. മാരകമായ കീടനാശിനി ഒന്നും ഇല്ലാതെ തന്നെ ഇല പ്പുള്ളി രോഗത്തെ നമുക്ക് ഇല്ലായ്മ ചെയ്യാം. ചുവപ്പ് ചീരയില്‍ ആണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. പച്ച ചീരയ്ക്ക് ഇല പ്പുള്ളി രോഗം പ്രതിരോധിക്കാന്‍ ഉള്ള കഴിവുണ്ട്. ചീര നടുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പച്ച ചീര നട്ടാല്‍ ഇലപ്പുള്ളി രോഗം വരാതെ നോക്കാം.

ഇല പ്പുള്ളി രോഗം

റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഇലപ്പുള്ളി രോഗകാരി. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. ഇലയുടെ കളര്‍ വെള്ളയാകും. രോഗം കാണുന്ന ചെടികള്‍ / ഇലകള്‍ പറിച്ചു നശിപ്പിക്കുക/തീയിടുക.

വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം ഉപയോഗിച്ചും നമുക്ക് ഇല പ്പുള്ളി രോഗത്തെ നേരിടാം. ഇതിനു വേണ്ട സാധനങ്ങള്‍ 1, പാല്‍ക്കായം (അങ്ങാടി കടയില്‍ / പച്ചമരുന്നു കടയില്‍ ലഭിക്കും, അഞ്ചു രൂപയ്ക്ക് വല്ലതും വാങ്ങിയാല്‍ മതി). 2, മഞ്ഞള്‍ പൊടി , 3, സോഡാപ്പൊടി (അപ്പക്കാരം) ഇവയാണ്.

പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക (ചെറുതായി പൊടിച്ചു അലിയിക്കാം). ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക.

Leave a Reply