പച്ചക്കറി കൃഷിയിൽ വെള്ളീച്ചയെ ഓടിക്കാൻ ചുക്കാസ്ത്രം മതി

നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ എല്ലാ വിഭവങ്ങളിലും വിവിധ പച്ചക്കറികൾ ഉപയോഗിക്കുന്നു. നാം മാർക്കറ്റിൽ നിന്നും വാങ്ങുന്ന ഏതൊരു പച്ചക്കറിയിലും പത്തിൽ കൂടുതൽ കീടനാശിനികൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നമുക്കാവശ്യമായ പച്ചക്കറികൾ വിഷമയമില്ലാതെ നമുക്ക് തന്നെ കൃഷി ചെയ്യാവുന്നതേയുള്ളു. പച്ചക്കറി കൃഷിയെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും അവയ്ക്കുള്ള ജൈവ പ്രതിവിധികളെയും കുറിച്ച്.

ഇല തീനിപ്പുഴുക്കൾ

പാവലിലെ പച്ച നിറത്തിലുള്ള പുഴുക്കളും പടവലത്തിലെ കൂൻ പുഴുക്കളും തുടങ്ങി വിവധ പച്ചക്കറികളിൽ ഇല തിനപ്പുഴുക്കൾ പ്രധാന പ്രശ്നമാണ്.

1. എല്ലാ ദിവസവും പച്ചക്കറി തോട്ടത്തിൽ നിരീക്ഷണം നടത്തുകയും കാണുന്ന പുഴുക്കളെ എടുത്ത് കളയുകയും ചെയ്യുക.

2. അഞ്ചില കീടവിരട്ടി, പത്തിരട്ടി വെള്ളം ചേർത്ത് 7 ദിവസത്തിലൊരിക്കൽ തളിക്കുക.

3.ഗോമൂത്രം-കാന്താരി മുളക് മിശ്രിതം പത്തിരട്ടി വെള്ളം ചേർത്ത് തളിക്കുക.

ഇല കുരുടിപ്പ്

1. പാവലിനും പടലവലത്തിനും കാണുന്ന ഇല കുരുടിപ്പ് ഒഴിവാക്കാൻ ശത്രുകീടങ്ങളെ നിയന്ത്രിക്കണം. ഇതിനായി മഞ്ഞപ്പശക്കെണി ഒരേക്കർ സ്ഥലത്ത് 50 എണ്ണം വെക്കുക.

2. ആവണക്കെണ്ണ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലകളുടെ അടിവശത്ത് പതിക്കുന്ന വിധത്തിൽ നന്നായി തളിക്കുക.

മുഞ്ഞ, മൊസേക്ക് രോഗം

1. വേപ്പെണ്ണ എമൽഷൻ വെള്ളത്തിൽ നേർപ്പിച്ച് തളിക്കുക.

2. നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

കായ്തുരപ്പൻ പുഴുക്കൾ

പയർ, വെണ്ട, വഴുതിന എന്നിവയുടെ കായ്കളും ഇളം തണ്ടും പുഴുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനായുള്ള ചില വഴികൾ

1. വെളുത്തുള്ളി മിശ്രിതം തളിക്കുക.

2. വേപ്പിൻകുരു സത്ത് 5 ഇരട്ടി വെള്ളം ചേർത്ത് തളിക്കുക.

3. ഒരു ലിറ്റർ അഗ്നിഅസ്ത്രം 40 ലിറ്റർ വെള്ളം ചേർത്ത് ഉപയോഗിക്കുക.

ഇല മഞ്ഞളിപ്പ്

ഇത് വെള്ളീച്ച പരത്തുന്ന ഒരു വൈറസ് രോഗമാണ്.

1. രോഗം ബാധിച്ച ചെടികൾ പിഴുതെടുത്ത് നശിപ്പിക്കുക. ഈ സ്ഥലത്ത് ഏറ്റവും പുതിയ ചാണകം കലക്കി ഒഴിച്ചാൽ രോഗം വ്യാപിക്കുകയില്ല.

2. മോര് ഗോമൂത്ര മിശ്രിതം തളിക്കുക.

3. ചുക്കാസ്ത്രം തളിക്കുക.

4. ഗോമൂത്ര-ചാണക മിശ്രിതം ഉണ്ടാക്കി അതിന്റെ തെളി ഊറ്റി എടുത്ത് തളിക്കുക.

പച്ചമുളകിലെ ഇലകുരുടിപ്പും ഇലമഞ്ഞളിപ്പും

മുളകിനെ ആക്രമിക്കുന്ന ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച, മണ്ഡരി, കൂടാതെ നീര് ഊറ്റി കുടിക്കുന്ന കീടങ്ങളും, മുഞ്ഞ പരത്തുന്ന മൊസേക്ക് വൈറസും, വെള്ളിച്ച പരത്തുന്ന വൈറസും ഇലകുരുടിപ്പിന് കാരണമാകുന്നു.

1. കൃഷിയിടത്തിൽ മഞ്ഞക്കെണി വെക്കുക.

2. മണ്ഡരി നിയന്ത്രിക്കാൻ ഇലയുടെ അടിഭാഗത്ത് പതിയും വിധം നേർപ്പിച്ച കഞ്ഞിവെള്ളം 10 ദിവസത്തിലൊരിക്കൽ തളിക്കുക.

3. കിരിയാത്ത് സോപ്പ്-വെളുത്തുള്ളി മിശ്രിതം ഇലപ്പേൻ വെള്ളീച്ച, മുഞ്ഞ എന്നിവയെ അകറ്റും,

4. ചുക്കാസ്ത്രം തളിക്കുക.

പയർ

1. ഒരേ സ്ഥലത്ത് പയർ തുടർച്ചയായി കൃഷി ചെയ്യരുത്.

2 ട്രൈക്കോഡെർമ വേപ്പിൻ പിണ്ണാക്കും ചാണകവുമായി കൂട്ടിക്കലർത്തി വിത്തിടുന്നതിനു 10 ദിവസം മുൻപ് തടത്തിൽ ചേർക്കുക.

3. പയറിന്റെ കട ചീയലിന് ചാണകത്തെളി ചുവട്ടിൽ ഒഴിക്കുക

4. മുഞ്ഞയ്ക്ക് ചൂടു ചാരം രാവിലെ വിതറുക.

5. നീരൂറ്റി കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ കഞ്ഞിവെള്ളം തളിക്കുക.

6. പയർതടത്തിൽ പഴയ കഞ്ഞിവെള്ളം നിറച്ച് നിർത്തിയാൽ പയർ നന്നായി പൂക്കുന്നതിനും കായ്ക്കുന്നതിനും സഹായകരമായിത്തീരും.

7. ചാഴിക്ക് വെളുത്തുള്ളി കാന്താരി മിശ്രിതം തളിക്കുക, ഈന്തിന്റെ കായ് മുറിച്ച് ചെറിയ കഷണങ്ങളാക്കി തോട്ടത്തിൽ പല സ്ഥലത്ത് വെക്കുക.

ചീര

1. ഗോമൂത്രത്തിൽ വേപ്പില ചതച്ചിട്ട് ഒരു രാത്രി വെച്ച് അടുത്ത് ദിവസം രാവിലെ 6 ഇരട്ടി വെള്ളം ചേർത്ത് 5 ദിവസത്തിലൊരിക്കൽ തളിച്ചാൽ കീടബാധയില്ലാത്ത നല്ല ചീര പറിക്കാം

2. ഇലപ്പുള്ളി മാറുന്നതിന് പാൽക്കായം സോഡാപ്പൊടി മിശ്രിതം തളിക്കുക.

3. ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഒരു ചെടിക്ക് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ചാരം, ഒരു ടീസ്പൂൺ കല്ലുപ്പ് രണ്ട് ടീസ്പൂൺ നീറ്റുകക്ക എന്നിവ ചേർത്ത മിശ്രിതം ഇലകളിലും ചുവട്ടിലും തളിക്കുക.

Leave a Reply