മഞ്ഞുകാലത്തിനു മുമ്പുതന്നെ അമരയും ചതുരപ്പയറും പന്തലില്‍ കയറുന്നവിധത്തില്‍ ഇവയുടെ കൃഷി ആരംഭിക്കുന്ന സമയം ക്രമീകരിക്കണം. പകല്‍ കുറവും രാത്രി കൂടുതലുമുള്ള മഞ്ഞുകാലങ്ങളിലാണ് ഇവ നന്നായി പൂവണിഞ്ഞ് കായ്കള്‍ നല്‍കുക. ആഗസ്തോടെ വിത്തു നടത്തക്കവിധം ഇതിനുള്ള സ്ഥലം പാകപ്പെടുത്തണം.
രണ്ടടി വ്യാസവും ഒന്നരയടി താഴ്ചയുമുള്ള തടങ്ങളാണ് നല്ലത്. കൂടുതല്‍ സ്ഥലത്ത് ഇവ കൃഷിചെയ്യുകയാണെങ്കില്‍ കുഴികള്‍ തമ്മില്‍ ചതുരപ്പയറിനാണെങ്കില്‍ രണ്ടു മീറ്ററും അമരക്കാണെങ്കില്‍ രണ്ടര–മൂന്നു മീറ്റര്‍ അകലവും നല്‍കാം. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലമാണെങ്കില്‍ കൂനകള്‍ നിര്‍മിച്ച് ചെറിയ തടങ്ങളില്‍ വിത്ത് നടാം. കുഴികളില്‍ പച്ചിലയും ചാണകവുമിട്ട് മണ്ണിട്ടുമൂടി കുറച്ചുദിവസം പച്ചിലകള്‍ ചീയാന്‍ അനുവദിക്കുക. പച്ചില അഴുകാനുള്ള സമയമില്ലെങ്കില്‍ കുഴിയൊന്നിന് അഞ്ചുമുതല്‍ 10 കി.ഗ്രാംവരെ പഴകിയ ചാണകവും മേല്‍മണ്ണും ചേര്‍ത്ത് കുഴി മൂടുക. തുടര്‍ന്ന് ഓരോ തടത്തിലും അഞ്ച്, ആറ് വിത്തുകളിടാം. വിത്തുകള്‍ മുളച്ച് നാല്, അഞ്ച് ഇല പ്രായമാകുമ്പോള്‍ തടങ്ങളിലെ നല്ല ആരോഗ്യമുള്ള മൂന്നു തൈകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ നശിപ്പിക്കാം. ചെടികള്‍ പടരാന്‍ തുടങ്ങുമ്പോള്‍ ഏതാണ്ട് ആറടി ഉയരത്തില്‍ പന്തലിട്ട് കൊടുക്കണം. ചെടികള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാത്ത വിധം മഴയില്ലാത്ത ദിവസങ്ങളില്‍ നനയ്ക്കണം. മഴക്കാലത്ത് ചെടികള്‍ക്കുചുറ്റും വെള്ളം കെട്ടിനില്‍ക്കാത്തവിധം ചെടികള്‍ക്കുചുറ്റും തിണ്ട് പിടിപ്പിച്ച് ഉറപ്പിച്ച് ഇളക്കമുള്ള മണ്ണുകൊണ്ട് തടങ്ങള്‍ ഉയര്‍ത്തണം. മഴ മാറുന്നതോടെ മുടങ്ങാതെ നനയ്ക്കണം.
സമ്പൂര്‍ണ ജൈവകൃഷിയായിത്തന്നെ ഇവയെ വളര്‍ത്തിയെടുക്കാം. ഓരോ വീട്ടിലും ലഭ്യമായ ജൈവവളങ്ങള്‍ എന്തായാലും ഇതിനായി ഉപയോഗപ്പെടുത്താം. പച്ചച്ചാണക ലായനി മാസത്തിലൊരിക്കലെങ്കിലും നല്‍കാന്‍ സാധിച്ചാല്‍ വളര്‍ച്ച നല്ല ആരോഗ്യകരമാകും. ഒരുകിലോ ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് ലായനിയാക്കാം. ബയോഗ്യാസ് സ്ളെറിയും ഇതേ രൂപത്തില്‍ത്തന്നെയാണ് പ്രയോഗിക്കേണ്ടത്. ഗോമൂത്രം നല്‍കുന്നുവെങ്കില്‍ എട്ടിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് നല്‍കണം. വെര്‍മിവാഷ് ഉപയോഗിക്കുമ്പോള്‍ ഇതേപോലെ എട്ടിരട്ടി വെള്ളത്തില്‍ നേര്‍പ്പിക്കണം. കടലപ്പിണ്ണാക്ക് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. ഒരുകിലോ പിണ്ണാക്ക് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് പുളിപ്പിച്ചശേഷം ചേര്‍ത്താല്‍ ചെടികള്‍ക്ക് പോഷകങ്ങള്‍ പെട്ടെന്നു ലഭ്യമാകും. ചികിരിച്ചോര്‍ കമ്പോസ്റ്റും മണ്ണിര കമ്പോസ്റ്റും അമരയ്ക്കും ചതുരപ്പയറിനും ഉത്തമ വളങ്ങളാണ്.
മഞ്ഞുകാലമാകുന്നതോടെ ചെടികള്‍ പുഷ്പിച്ചുതുടങ്ങും. അമരയും ചതുരപ്പയറും പൊതുവെ രോഗകീടവിമുക്തമാണ്. ഇലകളില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ അവ അപ്പപ്പോള്‍ പറിച്ചെടുത്ത് നശിപ്പിക്കുന്നത് രോഗപ്പകര്‍ച്ച ഒഴിവാക്കാനാവും. അമരയില്‍ ചില കാലങ്ങളില്‍ ഇലപ്പേനുകളുടെ ശല്യം കാണാറുണ്ട്. ഇവ തണ്ടുകളിലും കായ്കളിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. വിപണിയില്‍ കിട്ടുന്ന വേപ്പ് അധിഷ്ഠിത ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. ഇവ നമുക്ക് സ്വന്തമായി തയ്യാറാക്കുകയും ചെയ്യാം. 10 ഗ്രാം ബാര്‍സോപ്പ് ചീകി അല്‍പ്പം ചൂടുവെള്ളത്തില്‍ ലയിപ്പിച്ച് വെള്ളം ചേര്‍ത്ത് ഒരുലിറ്ററാക്കുക. ഇതില്‍ 30 മി. ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് നന്നായി ഇളക്കിയശേഷം തളിക്കുക