പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ.
പപ്പായ ഇല കൊണ്ടു നിരവധി തരത്തിലുള്ള ജൈവ കീടനാശിനികള്‍ തയാറാക്കാറുണ്ട്. പപ്പായ ഇലയുടെ രൂക്ഷമായ ഗന്ധവും കറയുമെല്ലാം കീടങ്ങളുടെയും വിവിധ തരം പ്രാണികളുടേയും പേടി സ്വപ്നമാണ്. ഒരു രൂപ പോലും ചെലവില്ലാതെ വീട്ടില്‍ തന്നെ നിഷ്പ്രയാസം തയാറാക്കാവുന്നവയാണിവ. പപ്പായ ഇല ഉപയോഗിച്ച് മൂന്നു തരത്തില്‍ കീടനാശിനി തയാറാക്കുന്ന വിധം നോക്കൂ.
1. മൂന്നു മണിക്കൂറില്‍ ജൈവകീടനാശിനി
പപ്പായ ഇലകള്‍ ചെറുതായി അരിയുകയാണ് ആദ്യം ചെയ്യേണ്ടത്. ചെറുതായി അരിഞ്ഞ ഇലകളിലേക്ക് രണ്ടോ മൂന്നോ വെളുത്തുള്ളി അല്ലികള്‍ ചതച്ചിടുക. ഇതിന് ശേഷം ഒരു പാത്രത്തിലിട്ട് ഇലകള്‍ മുങ്ങാന്‍ പാകത്തിന് വെള്ളമൊഴിക്കുക. ശേഷം ഇലകള്‍ നന്നായി കൈകൊണ്ടു ഞെരടുക. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ പാത്രം അടച്ചുവയ്ക്കുക. മൂന്നോ നാലോ മണിക്കൂറിന് ശേഷം പാത്രം തുറന്നു നോക്കിയാല്‍ ഇലയില്‍ നിന്നും സത്ത് വെള്ളത്തിലേക്കിറങ്ങിയതായി കാണാം. തുടര്‍ന്ന് ഈ ലായനി അരിച്ചെടുത്ത് സ്പ്രേയറിലാക്കി ചെടികളില്‍ പ്രയോഗിക്കാം. നന്നായി നേര്‍പ്പിച്ച ശേഷം മാത്രമേ ചെടികളില്‍ പ്രയോഗിക്കാവൂ. എത്ര കോപ്പ ലായനി ലഭിച്ചോ അതിന് ഇരട്ടി വെള്ളമൊഴിച്ചു വേണം നേര്‍പ്പിക്കാന്‍.
2. മൂന്നു ദിവസം ; വീര്യം കൂടുതല്‍
മൂന്നു ദിവസം കൊണ്ടു തയാറാക്കുന്ന വീര്യം കൂടിയ ലായനിയെപ്പറ്റിയാണ് ഇനി വിവരിക്കാന്‍ പോകുന്നത്. ഇതിനായി ഇലകള്‍ ചെറുതായി അരിഞ്ഞ് ഒരു പ്ലാസ്റ്റിക് ബോട്ടിലില്‍ ഇടുക. തുടര്‍ന്നു ചതച്ച വെളുത്തി അല്ലികളും ഇതില്‍ നിക്ഷേപിക്കുക. ഇലകള്‍ മുങ്ങാന്‍ പാകത്തിനു വെള്ളമൊഴിച്ച് ബോട്ടില്‍ ഭദ്രമായി അടച്ചുവയ്ക്കുക. മൂന്ന് ദിവസം കഴിഞ്ഞു മാത്രമേ തുറന്നു നോക്കാവൂ. അപ്പോഴേക്കും ഇലകള്‍ നന്നായി വെള്ളത്തില്‍ അലിഞ്ഞിരിക്കും. രൂക്ഷമായ ഗന്ധവും ഈ ലായനിക്കുണ്ടാവും. ഇത് അരിച്ചെടുത്ത് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. വീര്യം കൂടിയതിനാല്‍ ചെറിയ തൈകള്ക്കൊന്നുമിതു തളിച്ചു കൊടുക്കരുത്.
3. മൂന്ന് മിനിറ്റില്‍ മിക്സിയില്‍
വേഗത്തില്‍ ലായനി തയാറാക്കാന്‍ ഈ മാര്‍ഗം പ്രയോഗിക്കാം. ഇലകള്‍ അരിഞ്ഞെടുത്ത് മിക്സിയുടെ ജാറിലിടുക. ഇതിലേക്ക് വെളുത്തുള്ളി അല്ലിയും ഒപ്പം കഞ്ഞിവെള്ളവുമൊഴിക്കുക. കഞ്ഞിവെള്ളം ഒരേ സമയം കീടനാശിനിയായും വളര്‍ച്ചാത്വരകമായും പ്രവര്‍ത്തിക്കും. എന്നിട്ട് നന്നായി അരച്ചെടുക്കുക. കുറച്ച് വെള്ളമൊഴിച്ച് അരിച്ചെടുത്ത് ഇതില്‍ വീണ്ടും വെള്ളമൊഴിച്ചു നേര്‍പ്പിച്ചു പ്രയോഗിക്കാം.
പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കും
മുകളില്‍പ്പറഞ്ഞ മൂന്നു രീതിയില്‍ തയാറാക്കിയാലും അവ പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കും പ്രയോഗിക്കാം. വെള്ളീച്ചയെ തുരത്താന്‍ നല്ലൊരു മാര്‍ഗമാണ് പപ്പായ ഇല സത്ത്. അതു പോലെ വഴുതന പോലുള്ള വിളകളിലെ കായീച്ചയേയും പയറിലെ മുഞ്ഞയേയും നശിപ്പിക്കാനും ഇലസത്ത് ഗുണം ചെയ്യും.